കോവിഡ് പ്രതിസന്ധി നേരിടാൻ 'വിഷൻ 2030' സൗദി അറേബ്യയെ സഹായിച്ചുവെന്ന് അധികൃതർ
text_fieldsജുബൈൽ: കോവിഡ് പ്രതിസന്ധി നേരിടാൻ 'വിഷൻ 2030' പദ്ധതി സൗദി അറേബ്യയെ സഹായിച്ചതായി അധികൃതർ വ്യക്തമാക്കി. ഓക്സ്ഫോർഡ് ബിസിനസ് ഗ്രൂപ്പിെൻറ ഓൺലൈൻ ചാനലായ ഗ്ലോബൽ പ്ലാറ്റ്ഫോമുമായി നടത്തിയ അഭിമുഖത്തിൽ സൗദി കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സഹമന്ത്രി ഡോ. മുനീർ അൽദൗസക്കിയും മന്ത്രാലയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ദാനിയ ഒർക്കോബിയുമാണ് ഇക്കാര്യം അറിയിച്ചത്. വിഷൻ 2030െൻറ ഭാഗമായി ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ഒരു ഡസനിലധികം ദേശീയ പരിപാടികളിലൂടെ കോവിഡിെൻറ വിശദാംശങ്ങളും പ്രതികരണങ്ങളും ജനങ്ങളിൽ അതിവേഗം എത്തിക്കുന്നതിന് കഴിഞ്ഞു.
രോഗവ്യാപനം തടയുന്നതിനും സമ്പദ്വ്യവസ്ഥയിൽ ഉണ്ടാകുന്ന ആഘാതം കുറക്കുന്നതിനും ഇത് ഗണ്യമായ സംഭാവന ചെയ്തു. ലോക്ഡൗണിനു മുമ്പായി നെറ്റ്വർക്കിെൻറ ശേഷി 30 ശതമാനത്തിലധികം വർധിപ്പിക്കാൻ കഴിഞ്ഞതാണ് വലിയ നേട്ടം. പൗരന്മാർക്കും രാജ്യത്തെ പ്രവാസികൾക്കും സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന് ഇത് സഹായിച്ചു.
3500ലധികം ഇ-ഗവൺമെൻറ് സേവനങ്ങൾ ഇടതടവില്ലാതെ പ്രവർത്തിച്ചു. ബിസിനസുകൾക്കും പൗരന്മാർക്കും മേലുള്ള പകർച്ചവ്യാധിയുടെ സാമൂഹിക-സാമ്പത്തിക സമ്മർദം ലഘൂകരിക്കുന്നതിന് സർക്കാർ 220 ശതകോടി റിയാൽ ഉത്തേജക പാക്കേജ് അവതരിപ്പിച്ചു. അതിൽ പ്രത്യേക ധനകാര്യ പദ്ധതി, വായ്പദായക പദ്ധതി, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സാമ്പത്തിക പദ്ധതി എന്നിവ ഉൾപ്പെടുന്നു. വെർച്വൽ ജോലിസ്ഥലത്തെ സമ്പ്രദായങ്ങൾ സ്വീകരിക്കാൻ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയും പുനർനിർവചിക്കുകയും അയവുവരുത്തുകയും ചെയ്തു.
ആഗോള വ്യാപാരത്തിലെ ഇടിവ്, സമ്പദ്വ്യവസ്ഥയെ രക്ഷിക്കുന്നതിനുള്ള ഇടപെടൽ, സാങ്കേതികവിദ്യ സ്വീകരിക്കുന്നതിെൻറ ത്വരിതപ്പെടുത്തൽ, സമ്പർക്കരഹിത സാമ്പത്തിക വ്യവസ്ഥകൾ തുടങ്ങി കോവിഡ് കാലഘട്ടം നിരവധി പുത്തൻ പ്രവണതകൾക്ക് ഹേതുവായി. പകർച്ചവ്യാധി ഡിജിറ്റൽ പരിവർത്തനത്തിനുള്ള ഒരു പ്രകൃതിദത്ത ഉത്തേജകമായി പ്രവർത്തിക്കുകയും അത് ഒരു ദീർഘകാല അത്യാവശ്യമായി മാറുകയും ചെയ്തു.
വിദൂര ജോലി, ഓൺലൈൻ ഷോപ്പിങ് എന്നിവ ഇതിനു പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ആരോഗ്യം, വിദ്യാഭ്യാസം, വിനോദം എന്നീ മേഖലകളിലും പ്രതീക്ഷാഭരമായ മാറ്റങ്ങൾ സംഭവിച്ചു. വിഷൻ 2030 പ്രകാരം അവതരിപ്പിച്ച പരിഷ്കാരങ്ങളും സംരംഭങ്ങളും വൈറസിെൻറ ആഘാതം ലഘൂകരിക്കുന്നതിനും സൗദി അറേബ്യയെ വേഗത്തിലും ഫലപ്രദമായും നടപടിയെടുക്കാൻ പ്രാപ്തമാക്കുകയും ചെയ്തു. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ഡിജിറ്റൽ പരിവർത്തനത്തെ വളർച്ചയുടെ ഹൃദയഭാഗത്ത് എത്തിക്കാനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾ വിജയിച്ചതായും ഇരുവരും അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.