വിഷൻ 2030: ഈ വർഷത്തെ പദ്ധതികൾ വിജയത്തിൽ
text_fieldsയാംബു: സൗദിയുടെ സമ്പദ്വ്യവസ്ഥ സമൂലം ഉടച്ചുവാർക്കുന്ന ദേശീയ പരിവർത്തന പദ്ധതി 'വിഷൻ 2030'ലെ ഈ വർഷം പ്രഖ്യാപിച്ച പദ്ധതികളുടെയെല്ലാം നടത്തിപ്പ് വിജയത്തിലെന്ന് റിപ്പോർട്ട്. സുപ്രധാന നേട്ടങ്ങളുടെ റിപ്പോർട്ട് അധികൃതർ പുറത്തുവിട്ടു. രാജ്യത്തെ പൗരന്മാർക്ക് ക്ഷേമവും ജീവിതനിലവാരവും കൈവരിക്കാൻ വിഷൻ 2030 വഴി സാധ്യമായതായി വിലയിരുത്തുന്നു. ഭവനപദ്ധതി വഴി ഈ വർഷം 2,10,000 പേർക്ക് പ്രയോജനം കിട്ടിയതായി പദ്ധതിയുടെ ഈ വർഷത്തെ അവലോകനം സ്ഥിരീകരിച്ചു. 1,66,000 കുടുംബങ്ങൾ ഈ വർഷം പുതിയ വീടുകളിൽ താമസിച്ചു. രാജ്യത്തിെൻറ വിവിധ മേഖലകളിൽ 1500ലധികം കിടക്കകളുടെ ശേഷിയുള്ള 10 ആശുപത്രികൾ തുറന്നു. വിവിധ സർവകലാശാലകളിലെ വിദ്യാർഥികളുടെ പ്രവേശനത്തിൽ 10 ശതമാനം വർധനയാണ് ഈ വർഷം രേഖപ്പെടുത്തിയ മറ്റൊരു നേട്ടം.
2,20,000ത്തിലധികം ബിരുദധാരികൾ ഈ വർഷം പുറത്തിറങ്ങിയതായും അവയിൽ നല്ലൊരു ശതമാനം പേർ വിവിധ തൊഴിൽ മേഖലകളിലേക്ക് പ്രവേശിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വർഷത്തെ മൂന്നാം പാദത്തിലെ രാജ്യത്തെ ബജറ്റിലെ വരവ് 243 ശതകോടി റിയാലായിരുന്നു. ഇത് വാർഷികാടിസ്ഥാനത്തിൽ 13 ശതമാനം വർധന നേടി. ബജറ്റ് മൂന്നാം പാദത്തിൽ 6.7 ശതകോടി റിയാലിെൻറ കമ്മി രേഖപ്പെടുത്തി. 2019നുശേഷമുള്ള ആദ്യ മിച്ച ബജറ്റാണിതെന്നും ബന്ധപ്പെട്ടവർ റിപ്പോർട്ടിൽ വ്യക്തമാക്കി. കിരീടാവകാശിയും സാമ്പത്തികനയ പരിഷ്കരണ സമിതി അധ്യക്ഷനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അവതരിപ്പിച്ച കരടിന് സൗദി മന്ത്രിസഭ 2016ലാണ് അംഗീകാരം നൽകിയത്. സ്വദേശികളെയും രാജ്യത്ത് ജോലിചെയ്യുന്ന വിദേശികളെയും സ്പർശിക്കുന്ന പദ്ധതി 15 വർഷത്തേക്കുള്ള രാജ്യത്തിെൻറ പ്രധാന പദ്ധതിയാണ്.
വിഷൻ 2030 പ്രഖ്യാപനം കഴിഞ്ഞ് ആറു വർഷം പിന്നിടുമ്പോൾ അതിെൻറ മഹത്ത്വങ്ങൾ വിശദീകരിച്ചും പുരോഗമിച്ചുകൊണ്ടിരിക്കുന്ന വൻ പദ്ധതികളെ പ്രശംസിച്ചും അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ എണ്ണആശ്രിതത്വത്തിൽനിന്ന് മോചിപ്പിച്ച് വൈവിധ്യവത്കരിക്കാനുള്ള ധീരമായ നയത്തെ എല്ലാവരും ഹൃദ്യമായി പിന്തുണക്കുന്നതായും വിവിധ കോണുകളിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കി. വിദേശ നിക്ഷേപകർക്കും തൊഴിൽസംരംഭകർക്കും തൊഴിൽ വൈദഗ്ധ്യമുള്ളവർക്കും നിലവിലെ സ്പോൺസർഷിപ് സംവിധാനത്തിെൻറ പരിമിതികളൊന്നുമില്ലാതെ രാജ്യത്ത് ദീർഘാടിസ്ഥാനത്തിൽ തങ്ങി തങ്ങളുടെ മേഖലകളിൽ സ്വാതന്ത്ര്യത്തോടെ ഇടപെടാനും മികച്ച ഫലമുണ്ടാക്കാനുമുള്ള സാഹചര്യമുണ്ടാക്കുമെന്ന് 'വിഷൻ 2030'െൻറ ഭാഗമായി പ്രഖ്യാപനമുണ്ടായിരുന്നു. ഇത് പ്രവാസികൾക്ക് പ്രതീക്ഷയേകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.