സന്ദർശന, ഗാർഹിക വിസകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പുകൾ വർധിക്കുന്നു
text_fieldsസന്ദർശന, ഗാർഹിക വിസകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പുകൾ വർധിക്കുന്നു
റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിസ ചട്ടങ്ങൾ ലളിതമാക്കിയതും വിവിധ തരത്തിലുള്ള വിസകൾ നിലവിൽ വന്നതും മറയാക്കി വിസാ തട്ടിപ്പുകാർ വിലസുന്നു. തൊഴിലന്വേഷകരെ ചതിയിൽപെടുത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായി സാമൂഹിക പ്രവർത്തകർ പറയുന്നു. ഉംറ, ടൂറിസ്റ്റ്, ബിസിനസ് എന്നീ ആവശ്യങ്ങൾക്കുള്ള സന്ദർശന വിസകളും ഗാർഹിക വിസകളും ദുരുപയോഗം ചെയ്താണ് റിക്രൂട്ടിങ് തട്ടിപ്പ്. ഇതുപോലെ ചതിയിൽപെട്ട് സൗദിയുടെ വിവിധ ഭാഗങ്ങളിലെത്തി ദുരിതത്തിൽ കഴിയുന്നത് നിരവധി പേരാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
വനിതകളടക്കം ഇങ്ങനെ കുടുങ്ങിയ നിരവധിയാളുകളാണ് പൊതുപ്രവർത്തകരുടെ സഹായം അഭ്യർഥിച്ചെത്തുന്നത്. പശ്ചിമബംഗാൾ സ്വദേശിയായ യുവതിയെ ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തിച്ച് വീട്ടുജോലിക്കായി വിട്ടതാണ് ഒരു സംഭവം. 87 ദിവസം സൗദിയിൽ തങ്ങിയ യുവതി ഇന്ത്യയിൽ പോയി തിരിച്ചെത്തി.
സൗദി ടൂറിസ്റ്റ് വിസ പ്രകാരം ഒരു വർഷത്തിൽ 90 ദിവസം മാത്രമേ സൗദിയിൽ നിൽക്കാൻ അനുവാദമുള്ളൂ. എന്നാൽ ഈ യുവതി നാട്ടിലേക്ക് പോകുമ്പോൾ അനുവദിച്ച ദിവസം പൂർത്തിയാക്കാൻ മൂന്ന് ദിവസം ബാക്കിയുള്ളത് കൊണ്ട് തിരിച്ചുള്ള വരവിൽ ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല. പിന്നീട് അടുത്ത 87 ദിവസത്തിന് ശേഷം വീണ്ടും പുറത്തു പോകാൻ എയർപോർട്ടിൽ എത്തിയപ്പോഴാണ് പിടിക്കപെടുന്നത്. അനധികൃതമായി നിന്ന ദിവസം കണക്കാക്കി 8,700 സൗദി റിയാൽ പിഴയടച്ചതിന് ശേഷമേ രാജ്യം വിടാൻ പറ്റുകയുള്ളൂ എന്നായിരുന്നു എയർപോർട്ടിലെ ജവസാത്ത് അധികൃതർ പറഞ്ഞത്.
ഇത്തരത്തിൽ ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞ് തങ്ങുന്ന ഓരോ ദിവസത്തിനും 100 റിയാലാണ് പിഴയീടാക്കുന്നത്. എന്നാൽ ഇവരുടെ കയ്യിൽ പിഴയടക്കാനുള്ള പണം ഇല്ലാതെ റിയാദിൽ ഇന്ത്യൻ എംബസിയിൽ അഭയം തേടുകയായിരുന്നു.
എംബസി അധികൃതർ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂരിനെയും നിഹ്മത്തുല്ലയെയും തുടർനടപടികൾക്ക് ചുമതലപ്പെടുത്തി. ഇവർ സാധ്യമാകുന്ന എല്ലാ നിയമ സംവിധാനങ്ങളിലൂടെയും പിഴയിൽ ഇളവ് കിട്ടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പ്രവാസി വെൽഫെയർ റിയാദ് ഘടകം പ്രവർത്തകരുടെ സഹായം തേടി. അവർ സ്വരൂപിച്ച് നൽകിയ സാമ്പത്തിക സഹായം കൊണ്ടാണ് പിഴയൊടുക്കിയും വിമാന ടിക്കറ്റെടുത്തും യുവതി നാടണഞ്ഞത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ തൊഴിൽ വിസയാണെന്ന് തെറ്റുധരിച്ച് നിരവധിയാളുകളാണ് സൗദിയിലെത്തി കുടുങ്ങുന്നത്. .
തങ്ങൾ ഏത് തരത്തിലുള്ള വിസയിലാണ് എത്തിയിരിക്കുന്നതെന്ന അറിവ് പോലുമില്ലാതെയാണ് പലരും പെട്ടുപോകുന്നത്.
ആഴ്ചകൾക്കു മുമ്പ് നടന്ന മറ്റൊരു സംഭവത്തിൽ തൃശൂർ സ്വദേശിയായ ഭർതൃമതിയായ യുവതിയാണ് ചതിയിൽപെട്ടത്. നാട്ടിൽനിന്ന് ഒരു കമ്പനിയിൽ ഓഫിസ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ സൗദിയിലെത്തിച്ചത് ഉംറ വിസയിലാണ്. സൗദിയിലെത്തിയപ്പോൾ കൊണ്ടുവന്നയാൾ യുവതിയോട് അപമര്യാദയായി പെരുമാറുകയും അനാശാസ്യത്തിന്ന് മുതിരുകയും ചെയ്തു. പെരുമാറ്റത്തിൽ പന്തികേട് തോന്നിയ യുവതി സാഹചര്യം മനസ്സിലാക്കി അവിടെ നിന്ന് രക്ഷപെട്ട് പരിചയക്കാർ വഴി സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോയി.
ഒരു വർഷത്തെ കാലാവധിയുള്ള വിസയെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതുക ഈടാക്കി മൂന്നുമാസത്തെ കാലാവധിയുള്ള വിസകൾ നൽകിയും ഏറെ പേർ വഞ്ചിക്കപെടുന്നുണ്ട്. സൗദിയിലിറങ്ങി മൂന്നു മാസത്തെ ഡിജിറ്റൽ ഇഖാമ നൽകും. അതുകഴിഞ്ഞാൽ പിന്നീട് മൂന്നു മാസം കഴിയുമ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിയുന്നത്. പിന്നീട് വീണ്ടും വൻതുക നൽകി കൊണ്ടുവേണം മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് ട്രാൻസ്ഫർ ചെയ്യാൻ.
ബിസിനസ് സന്ദർശന വിസകളിലെത്തുന്ന പലരും നേരിടുന്ന പ്രതിസന്ധിയാണ് ‘ഹുറൂബ്’. മുമ്പ് സ്പോൺസറുടെ അടുത്തു നിന്ന് ചാടിപോകുന്ന തൊഴിലാളികളെയായിരുന്നു ഹുറൂബ് ആക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ബിസിനസ് വിസിറ്റിലെത്തുന്ന പലരും ഹുറൂബ് ആക്കപെട്ടതു മൂലം അധികൃതരുടെ പിടിയിലാവുകയാണ്.
ഏതെങ്കിലും സ്പോൺസർമാരുടെ കീഴിൽ അവരറിയാതെ ബിസിനസ് വിസകൾ ഇഷ്യു ചെയ്ത് സൗദിയിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലെത്തുന്നവർ അധികവും തൊഴിലന്വേഷണത്തിനായാണ് വരുന്നത്. ഇങ്ങനെയെത്തി ഹുറൂബായി അധികൃതരുടെ പിടിയിലായത് മലയാളികളടക്കം നിരവധിയാളുകളാണ്. പിടിക്കപ്പെട്ടാൽ കൊണ്ടുവന്ന ഏജന്റ് പൂർണമായും കൈയൊഴിയും. സ്പോൺസർ യാതൊരു തരത്തിലും സഹകരിക്കുകയുമില്ല. പിന്നീട് നിയമനടപടികൾ കഴിഞ്ഞ് നാടുകടത്തപ്പെടുകയാണ് ചെയ്യുന്നത്.
പുതിയ വിസകളിൽ സൗദിയിലേക്ക് പറക്കും മുമ്പ് താൻ ഏത് തരം വിസയിലാണ് വരുന്നതെന്ന അടിസ്ഥാന വിവരമെങ്കിലും മനസ്സിലാക്കി വേണം യാത്രക്കൊരുങ്ങാനെന്ന് സാമൂഹിക പ്രവർത്തകർ ഓർമപ്പെടുത്തുന്നു. വിസ കാലാവധി കഴിഞ്ഞ് അധികൃതരുടെ പിടിയിൽപെട്ടാൽ പിന്നീടൊരിക്കലും സൗദിയിലേക്ക് വരാൻ പറ്റാത്ത രീതിയിൽ ആയുഷ്കാല വിലക്കിലായിപ്പോവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.