ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാരും സൗദിയിലെത്തിത്തുടങ്ങി
text_fieldsജിദ്ദ: ഇന്ത്യയിൽ നിന്നും സന്ദർശക വിസയിലുള്ളവരും സൗദിയിൽ എത്തിത്തുടങ്ങി. കേരളത്തിൽ നിന്നുള്ള കുടുംബം ഇന്ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി. ദുബായ് വഴിയാണ് ഇവർ റിയാദിലെത്തിയത്. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയും റെയിൻബോ മിൽക്കിൽ സെയിൽസ് മാനേജരുമായ മുജീബുറഹ്മാന്റെ കടുംബമാണ് ഇന്ന് റിയാദിലെത്തിയത്.
മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിെൻറ ഒരു വർഷം കാലാവധിയുള്ള സന്ദർശക വിസകൾ കഴിഞ്ഞ മാർച്ച് അഞ്ചിനായിരുന്നു ഇന്ത്യയിലെ സൗദി കോൺസുലേറ്റിൽ നിന്നും സ്റ്റാമ്പ് ചെയ്തിരുന്നത്. എന്നാൽ കോവിഡ് കരണമുണ്ടായ യാത്രാ നിരോധം കാരണം സൗദിയിലെത്താൻ കഴിയാതെ കാത്തിരിക്കുന്നതിനിടയിലാണ് വിസയുള്ളവർക്ക് ദുബായ് വഴി സൗദിയിലെത്താം എന്നുള്ള വാർത്ത വരുന്നത്. എന്നാൽ സന്ദർശക വിസക്കാർക്കും ഈ രീതിയിൽ വരാൻ കഴിയുമോ എന്ന ആശങ്ക നിലനിന്നിരുന്നു. ഈ ആശങ്കക്കാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.
ദുബായിലെ സന്ദർശക വിസ നേടി മുജീബുറഹ്മാൻ റിയാദിൽ നിന്നും ഫ്‌ളൈ നാസ് വിമാനം വഴി ദുബായിലെത്തുകയായിരുന്നു. അതെ സമയം തന്നെ കുടുംബത്തെയും യൂ.എ.ഇ സന്ദർശക വിസയെടുത്ത് സ്‌പൈസ് ജെറ്റ് വിമാനം വഴി ദുബായിലെത്തിച്ചു. ശേഷം ദുബായിൽ ഹോട്ടലിൽ റൂമെടുത്ത് 15 ദിവസം ക്വാറൈൻറനിൽ ഇരുന്നു. പിന്നീട് റിയാദിലേക്ക് വരുന്നതിന് മുമ്പ് മുഴുവൻ അംഗങ്ങളും ദുബായിൽ നിന്നും കോവിഡ് പി.സി.ആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് പരിശോധന റിസൾട്ട് നേടി. സൗദിയിലേക്കുള്ള യാത്രക്കാരാണ് എന്നുണ്ടെങ്കിൽ ഓരോരുത്തർക്കും 180 ദിർഹമാണ് ഇതിന് ചിലവ് എന്ന് മുജീബുറഹ്മാൻ സാക്ഷ്യപ്പെടുത്തുന്നു. ദുബായിൽ നിന്നും റിയാദിലേക്ക് കുടുംബത്തിനുള്ള ഫ്ലൈ നാസ് വിമാന ടിക്കറ്റുകൾ നേരത്തെതന്നെ ഓൺലൈൻ വഴി എടുത്തു വെച്ചിരുന്നു. ഇതുപ്രകാരം ദുബായിൽ നിന്നും ഇവർ ഒന്നിച്ച് റിയാദിലെത്തുകയായിരുന്നു.
വിമാനത്താവളത്തിൽ ഇവരുടെ പാസ്‌പോർട്ടുകൾ സൗദി എമിഗ്രേഷൻ വിഭാഗം പരിശോധിച്ച് ദുബായിൽ 14 ദിവസം ക്വാറന്റൈനിൽ ഇരുന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും ഈ ദിവസത്തിനുള്ളിൽ മറ്റു എവിടെയെങ്കിലും യാത്ര ചെയ്തിരുന്നോ എന്ന് അന്ന്വേഷിക്കുക മാത്രമാണ് ഉണ്ടായതെന്നും മുജീബുറഹ്‌മാൻ പറയുന്നു. ദുബായിൽ നിന്നും സൗദിയിലേക്കുള്ള യാത്ര തടസ്സപ്പെട്ടാൽ കുടുംബത്തെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുകയും താൻ റിയാദിലേക്ക് മടങ്ങുകയും ചെയ്യുക എന്നതായിരുന്നു തീരുമാനമെന്നും എന്നാൽ എവിടെയും യാതൊരു പ്രശ്‍നങ്ങളുമില്ലാതെ കുടുബത്തിന് സൗദിയിലെത്താൻ കഴിഞ്ഞതിൽ താൻ അതീവ സന്തോഷവാനാണെന്നും മുജീബുറഹ്മാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.