സൗദിയിലെ ഉയരംകൂടിയ പര്‍വതങ്ങളിലൊന്ന്; ജീസാനിലെ ഫിഫ മലയിലേക്ക് സന്ദര്‍ശക പ്രവാഹം
text_fieldsജിദ്ദ: അവധി ദിനങ്ങളിൽ സന്ദർശകരെക്കൊണ്ട് നിറയുകയാണ് സൗദി അറേബ്യയുടെ തെക്കു പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന അസീര്‍ പ്രവിശ്യയിലെ ജീസാന് സമീപത്തെ ഫിഫ മല. ഒറ്റപ്പെട്ട മലയാളികളെയും വിദേശികളെയും ഒഴിച്ചു നിര്‍ത്തിയാല്‍ സന്ദര്‍ശകരില്‍ അധികവും സൗദിപൗരന്മാരാണ്. സമുദ്രനിരപ്പില്‍ നിന്നും 7000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 600 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന, സൗദിയിലെ ഏറ്റവും ഉയരംകൂടിയ പർവതങ്ങളില്‍ ഒന്നാണ് ഫിഫ.
ധാരാളം പര്‍വതനിരകളുള്ള രാജ്യമാണ് സൗദിയെങ്കിലും ഫിഫ മലയും അതിെൻറ പച്ചപ്പരവതാനി വിരിച്ച പ്രാന്തപ്രദേശങ്ങളും സന്ദര്‍ശകള്‍ക്ക് അവിസ്മരണീയ കാഴ്ചകളാണ് സമ്മാനിക്കുന്നത്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഫിഫ മലയില്‍ വിവിധതരം ഔഷധച്ചെടികളും പുല്‍തകിടുകളും വൃക്ഷങ്ങളും സുലഭമാണ്. വൈകുന്നേരമാകുന്നതോടെ ആകാശത്തുനിന്ന് ഇറങ്ങിവന്ന് ജൈവ വൈവിധ്യങ്ങളോട് കിന്നാരം പറയുന്ന നേരിയ കോടമഞ്ഞ് കണ്ണിന് കുളിർമ നൽകുന്നതാണ്.
ആധുനിക നഗരത്തിന് ഉണ്ടാകേണ്ട എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും അധികൃതര്‍ ഫിഫയിലും ഒരുക്കിയിട്ടുണ്ട്. ഇവിടത്തെ സമ്പൂര്‍ണ വികസനത്തിനു വേണ്ടി, ഫിഫ ഡവലപ്മെൻറ് അതോറിറ്റി, ഗവര്‍ണറേറ്റ്, കോടതി, അഗ്നിശമന വിഭാഗം, സ്കൂള്‍, ബാങ്ക്, എ.ടി.എ, പാര്‍ക്കുകൾ, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കോഫി ഷോപ്പുകള്‍ തുടങ്ങിയവയെല്ലാം റോഡരികില്‍ സജ്ജീകരിച്ചിട്ടുണ്ട്. സിംഗിള്‍ ലൈന്‍ റോഡിലൂടെ വാഹനങ്ങളെ മറികടക്കാതെ ഗതാഗത സഞ്ചാരത്തിന് മികച്ച സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ധാരാളം വീടുകളും ഫ്ലാറ്റുകളുമുള്ള ജനസാന്ദ്രത കൂടിയ മലയാണിതെന്ന് കരുതപ്പെടുന്നു. പ്രകൃതിസൗഹൃദ സമീപനത്തിെൻറ ഉദാത്ത മാതൃകയായി മലയെ സംരക്ഷിച്ചുള്ള കെട്ടിടനിർമാണ രീതിയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ഫിഫ മലയില്‍ സന്ദര്‍ശകര്‍ക്ക് ആവശ്യത്തിന് പള്ളികള്‍ നിർമിച്ചത് സൗകര്യപ്രദമാണ്. 20 സൗദി ഗോത്രങ്ങള്‍ ഇവിടെ താമസിച്ചുവരുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.