സന്ദർശകർക്ക് വാഹനങ്ങൾ ഓടിക്കാം; അനുമതി പ്രാബല്യത്തിൽ
text_fieldsറിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തുന്നവർക്ക് വാടക വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കുന്ന നിയമം പ്രാബല്യത്തിൽ. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിക്ക് കീഴിൽ വരുന്ന ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഇതുസംബന്ധിച്ച സേവനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ 'അബ്ശിർ' വഴിയുള്ള സേവനമാണിത്. വാടകക്ക് വാഹനങ്ങൾ നൽകുന്ന കമ്പനികളുടെ അബ്ശിർ സംവിധാനത്തിൽ സൗദിയിൽ പ്രവേശിക്കുന്ന സമയത്ത് സന്ദർശകരുടെ പാസ്പോർട്ടിൽ രേഖപ്പെടുത്തുന്ന ബോർഡർ നമ്പർ ഉപയോഗിച്ച് എളുപ്പത്തിൽ ഡ്രൈവിങ് അനുമതി ലഭ്യമാക്കാം. ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫിന്റെ രക്ഷാകർതൃത്വത്തിൽ സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (എസ്.ഡി.എ.ഐ.എ) സഹകരണത്തോടെ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ വിശദീകരിക്കവെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് സൗദിയിൽ എത്തുന്നവർക്കും വിനോദ സഞ്ചാരികൾക്കുമെല്ലാം ഈ ആനുകൂല്യം ലഭ്യമാണ്.
'വിഷൻ 2030' ന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെ സാങ്കേതിക മികവിലേക്ക് പരിവർത്തിപ്പിക്കുന്നതിന്റെ ഭാഗമാണ് സേവനങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.