ചെങ്കടലിലെ ജോർജിയോസ് ജി കപ്പൽ ശേഷിപ്പുകൾ തേടി സന്ദർശകർ
text_fieldsഹഖ്ൽ: 1978ൽ ജോർജിയോസ് ജി എന്ന കപ്പൽ ചെങ്കടലിൽ തകർന്നതിെൻറ ശേഷിപ്പുകൾ തേടി സന്ദർശകരെത്തുന്നു. തബൂക്ക് പ്രവിശ്യയിലെ ഹഖ്ലിൽനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ചെങ്കടൽ തീരത്തുനിന്ന് തന്നെ പകുതി മുങ്ങിപ്പോയ കപ്പലും അതിശയകരമായ ഭൂമികയുടെ പശ്ചാത്തലവും കാണാൻ സാധിക്കും.
അതിമനോഹരമായ പർവത നിരകളുടെ പ്രകൃതി രമണീയത ബീച്ചിനെ അത്യാകർഷകമാക്കുന്നു. വേറിട്ട പ്രകൃതിദൃശ്യങ്ങൾ കണ്ടുകൊണ്ടുള്ള ഈ പ്രദേശത്തേക്കുള്ള യാത്ര തന്നെ ഏറെ അനുഭൂതിദായകമാണ്.
വിനോദ സഞ്ചാരികളുടെയും കടലിൽ നീന്താൻ ഇഷ്ടപ്പെടുന്നവരുടെയും ആകർഷകകേന്ദ്രം കൂടിയാണിത്. നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് അഖബാ ഉൾക്കടലിൽ തകർന്ന ഈ ബ്രീട്ടീഷ് നിർമിത കപ്പൽ ഒരു സൗദി വ്യവസായിയുടേതായിരുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചശേഷം ഇംഗ്ലണ്ടിലാണ് 'ജോർജിയോസ് ജി' നിർമിച്ചത്.
1958ൽ നിരവധി വ്യക്തികളുടെയും കമ്പനികളുടെയും ഉടമസ്ഥതയിലുള്ള ഒരു കാർഗോ കപ്പലായി ഇത് അറിയപ്പെട്ടിരുന്നു. പിന്നീട് ഒരു ഗ്രീക്ക് കമ്പനിയിൽനിന്ന് സൗദി വ്യവസായിയായ അമീർ മുഹമ്മദ് അൽ സനൗസി കപ്പൽ സ്വന്തമാക്കി.
1978ൽ ചെങ്കടലിലൂടെ ധാന്യവുമായി നീങ്ങിയ കപ്പൽ പവിഴപ്പുറ്റുകളിൽ കുടുങ്ങുകയായിരുന്നു. ഓട്ടം നിലച്ച കപ്പൽ രക്ഷപ്പെടുത്താൻ അന്നത്തെ സാങ്കേതിക വിദഗ്ധർ പരിശ്രമിക്കുന്നതിനിടയിൽ എൻജിനിൽ നിന്നുള്ള സ്പാർക്ക് മൂലം കപ്പലിന് തീപിടിച്ചു. അഗ്നിജ്വാലകൾ ദിവസങ്ങളോളം നീണ്ടതായും കപ്പലിെൻറ ഇരുമ്പുഭാഗമല്ലാത്ത എല്ലാം അതുമൂലം കത്തിനശിച്ചതായും ഇവിടുത്തെ ഫലകത്തിൽ രേഖപ്പെടുത്തിവെച്ചിരിക്കുന്നു. പകുതി കടലിൽ മുങ്ങിയ ഈ കപ്പൽ ശേഷിപ്പുകൾ കാണാനാണ് പലരും എത്തുന്നത്. സ്വദേശികൾ പിന്നീട് 'സൗദി ടൈറ്റാനിക്' എന്നപേരിലും 'സഫീനത്തു ഹഖ്ൽ' (ഹഖ്ലിെൻറ കപ്പൽ) എന്ന പേരിലും വിളിക്കാൻ തുടങ്ങിയതോടെ ഈ പ്രദേശം കൂടുതൽ പ്രസിദ്ധമായി.
വിദേശികളുൾപ്പെടെയുള്ള സന്ദർശകർ അവധി ദിനങ്ങളിലും മറ്റും ഇവിടെ സന്ദർശനം നടത്തുക പതിവാണ്. സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ നിയോം സിറ്റിയിലെ ചരിത്ര പ്രദേശത്തിൽ ഉൾപ്പെടുത്തിയ ഒരു ഭാഗം കൂടിയാണ് ഇപ്പോൾ കപ്പൽ തകർന്ന ബീച്ച് പ്രദേശം. 'നിയോം ഹിസ്റ്റോറിക്കൽ ലൊക്കേഷൻ' എന്ന വലിയൊരു ബോർഡും ജോർജിയോസ് ജി കപ്പൽ തകർന്ന വർഷവും ചെറുവിവരങ്ങളും രേഖപ്പെടുത്തിയ മറ്റൊരു ഫലകവും ഇവിടെ കാണാം.
പ്രകൃതി രമണീയമായ ദൃശ്യങ്ങളും നീലിമയിൽ തെളിഞ്ഞ പാരാവാരവും സഞ്ചാരികളെ ഇങ്ങോട്ടാകർഷിക്കുന്ന മുഖ്യഘടകങ്ങളാണ്.തെക്ക് റാസ് അൽ ശൈഖ് ഹമീദ് മുതൽ വടക്ക് അകബ വരെ നീളുന്ന 170 കിലോമീറ്ററോളം സന്ദർശകർക്ക് വശ്യ മനോഹര കാഴ്ചകൾ കാണാം.
വർണാഭമായ പവിഴപ്പുറ്റുകളും നിറഭേദങ്ങളുടെ കടൽ കല്ലുകളും തൂവെള്ള മണൽ തരികളും ബീച്ചുകളെ നയനാനന്ദകരമാക്കുന്നു. ചെങ്കടലോരത്തെ പ്രകൃതി വിസ്മയമായ മലഞ്ചെരിവുകളും മിതമായ കാലാവസ്ഥയും സന്ദർശകർക്ക് ഏറെ ഹൃദ്യത പകർന്നുനൽകും. ആഴംകുറഞ്ഞ ഇവിടുത്തെ ചെങ്കടൽ ഭാഗത്ത് കുളിക്കാനും നീന്താനും അനുവദിക്കുന്നതും സന്ദർശകർക്ക് ഏറെ അനുഗ്രഹമാണ്.ഉപ്പിെൻറ അംശം ഈ ഭാഗത്തെ കടലിൽ കൂടുതലാണ്.
പച്ചപ്പും സ്വച്ഛമായ ജലപ്പരപ്പിെൻറ നീലിമയും സമന്വയിക്കുന്ന അപൂർവ ഇടം നമുക്ക് ചെങ്കടലിെൻറ ഈ ഭാഗങ്ങളിൽ ദൃശ്യമാകും. തെളിഞ്ഞ സമുദ്രത്തിലെ ശാന്തമായ അന്തരീക്ഷവും കടൽ കാഴ്ചകളും ആവോളം നുകർന്നാണ് വിനോദ സഞ്ചാരികൾ ഇവിടുന്ന് മടങ്ങുന്നത്. തീര സംരക്ഷണ സേനയുടെ സദാ നിരീക്ഷണവും ഇവിടുണ്ട്. ചിലയിടങ്ങളിൽ പ്രവേശിക്കുന്നതിന് അധികൃതർ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.