മക്ക ഹറമൈൻ എക്സിബിഷനിലെ ഇസ്ലാമിക പൈതൃകശേഷിപ്പുകൾ
text_fieldsമക്ക: ഇസ്ലാമിക ചരിത്രപൈതൃകം സംരക്ഷിക്കുന്ന മക്കയിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശന കേന്ദ്രങ്ങളിലൊന്നാണ് അൽഹറമൈൻ എക്സിബിഷൻ.
മക്ക ഉമ്മുൽ ജൂദ് മേഖലയിൽ തലയെടുപ്പോടെ വാസ്തുശിൽപ മികവിൽ രൂപകൽപന ചെയ്ത സമുച്ചയത്തിലാണ് എക്സിബിഷൻ പ്രവർത്തിക്കുന്നത്. മക്കയിലും മദീനയിലുമുള്ള ഇരുഹറമിലെ പരിശുദ്ധ ഗേഹങ്ങളുടെ പൗരാണിക ചരിത്രം അനാവരണം ചെയ്യുന്ന പ്രദർശന ഹാളുകൾ സന്ദർശിക്കാനും ചരിത്രം മനസ്സിലാക്കാനും സ്വദേശികളുടെയും വിദേശികളുടെയും നിറഞ്ഞ സാന്നിധ്യമാണെപ്പോഴും. രണ്ടു വിശുദ്ധ മസ്ജിദുകളുടെ പിന്നിട്ട ചരിത്രവഴികൾ മനസ്സിലാക്കാനും ഇരു പള്ളികളിലും പഴയകാലത്ത് ഉപയോഗിച്ചിരുന്ന വാസ്തുവിദ്യാ ശേഷിപ്പുകളും പള്ളിയിൽ പൗരാണിക കാലത്ത് ഉപയോഗിച്ച വസ്തുക്കളും തനിമയോടെ ഈ എക്സിബിഷൻ മന്ദിരത്തിൽ സംരക്ഷിച്ചുവരുകയാണ്. വിവിധ കാലഘട്ടങ്ങളിൽ ഇരു ഹറമിലും ഉപയോഗിച്ചിരുന്ന പ്രധാനപ്പെട്ട പുരാവസ്തുക്കളും ചരിത്രത്തിൽ രേഖപ്പെടുത്തിയ വസ്തുവകകളും സന്ദർശകർക്ക് പൗരാണിക ചരിത്ര വിവരങ്ങൾ പകർന്നുനൽകുന്നു.
രണ്ടു പതിറ്റാണ്ട് മുമ്പ് ഫഹദ് ബിൻ അബ്ദുൽ അസീസ് രാജാവിെൻറ ഭരണകാലത്ത് സ്ഥാപിച്ച ചെറിയ തോതിലുള്ള എക്സിബിഷൻ സെന്റർ പിന്നീട് പലതവണ പരിഷ്കരിച്ചാണ് ഇന്ന് കാണുന്നവിധം വലിയ എക്സിബിഷൻ സമുച്ചയമായി മാറിയത്. വിവിധ കാലഘട്ടത്തിൽ മക്കയിലും മദീനയിലുമുണ്ടായ നവീകരണപ്രവർത്തനങ്ങളും വികസനപദ്ധതികളും സംബന്ധിച്ച വിജ്ഞാനം ഈ പ്രദർശനം പകർന്നുനൽകും. ഈ എക്സിബിഷൻ ഹാളിലേക്ക് പ്രവേശനം സൗജന്യമാണ്. മക്കയിലും മദീനയിലും എത്തുന്ന തീർഥാടകർ ഈ പ്രദർശനം ഒഴിവാക്കാറില്ല.
ചരിത്രം ഉറങ്ങുന്ന അപൂർവ ഫോട്ടോകൾ, രണ്ട് വിശുദ്ധ മസ്ജിദുകൾ കടന്നുപോയ വികസന ഘട്ടങ്ങൾ ബോധ്യപ്പെടുത്തുന്ന ശേഷിപ്പുകൾ, പഴമയുടെ പെരുമ വിളിച്ചോതുന്ന ശേഖരങ്ങൾ, രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള കഅബയുടെ വാതിലും മസ്ജിദുൽ ഹറമിലെ ഗോവണിയും മറ്റു സാധന സാമഗ്രികളും അടക്കം പലതും ഇവിടത്തെ അപൂർവ ശേഖരങ്ങളാണ്. ഇരുഹറം കാര്യാലയത്തിന് കീഴിലുള്ള ജനറൽ പ്രസിഡൻസി ആണ് എക്സിബിഷന് നേതൃത്വം നൽകുന്നത്. പഴയകാലത്ത് സംസം കിണറിലെ വെള്ളം എടുക്കാൻ ഉപയോഗിച്ചിരുന്ന സംവിധാനങ്ങൾ, കഅബയിൽ ഉപയോഗിച്ചിരുന്ന പഴയ വസ്തുക്കൾ, അമൂല്യമായ നിരവധി പുരാവസ്തുക്കൾ അങ്ങനെ പലതും ഹാളിലെ വിസ്മയ കാഴ്ച തന്നെയാണ്.
ഭിന്നശേഷിക്കാർക്കും അംഗവൈകല്യമുള്ളവർക്കുമെല്ലാം പ്രദർശനം കാണാൻ പ്രത്യേകം സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും മറ്റു പ്രാഥമിക കാര്യങ്ങൾക്കായുള്ള സംവിധാനങ്ങളുമെല്ലാം എക്സിബിഷനോടനുബന്ധിച്ച് ഒരുക്കി സന്ദർശകരെ കാത്തിരിക്കുകയാണ് ഹറമൈൻ എക്സിബിഷൻ. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ പ്രദർശനം കാണാം. മക്കയിലെ പഴയ ജിദ്ദ റോഡിലെ ഉമ്മുൽ ജ്വാദിലുള്ള കഅബയെ പുതപ്പിക്കുന്ന കിസ്വ (പുടവ) നിർമാണശാലയുടെ തൊട്ടടുത്താണ് ഹറമൈൻ എക്സിബിഷൻ സ്ഥിതിചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.