ഇരു ഹറമിലുമെത്തുന്ന ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി സന്നദ്ധപ്രവർത്തകർ
text_fieldsമക്ക: ഉംറ തീർഥാടനത്തിനും സന്ദർശനത്തിനും മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും എത്തുന്ന ഭിന്നശേഷിക്കാർക്ക് സൗദി അധികൃതരുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം ശ്രദ്ധേയമാകുന്നു. സ്വന്തമായി ആരാധനാകർമങ്ങൾ ചെയ്യാൻ കഴിയാത്ത തീർഥാടകർക്ക് എല്ലാ സഹായങ്ങളും നൽകി കൂടെനിൽക്കുന്ന സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഏറെ വിലമതിക്കുന്നതാണ്.പ്രത്യേകം പരിശീലനം ലഭിച്ച വളന്റിയർമാരുടെ സേവനം ഇരു ഹറമിലുമെത്തുന്ന ഓരോ സന്ദർശകനും അവിസ്മരണീയ അനുഭവം സമ്മാനിക്കുന്നു. ഭിന്നശേഷിക്കാർ ഇരു ഹറമുകളിൽ പ്രവേശിക്കുന്നത് മുതൽ പുറത്തുപോകുന്നത് വരെ സേവകർ അവരോടൊപ്പമുണ്ടാവും.
കാഴ്ച, കേൾവി, ശാരീരിക വൈകല്യമുള്ളവർക്കായി പ്രത്യേകം രൂപകൽപന ചെയ്ത പ്രാർഥനാ മേഖലകൾ ഇരു ഹറമുകളിലും സംവിധാനിച്ചിട്ടുണ്ട്. ഇരുഹറം കാര്യാലയത്തിന്റെ പ്രത്യേക ടീമാണ് ഇത് നിയന്ത്രിക്കുന്നത്. കേൾവിക്കുറവുള്ളവരെ സഹായിക്കാൻ ആംഗ്യഭാഷ രീതികളും ഉപയോഗിക്കുന്നു. വെള്ളിയാഴ്ച പ്രഭാഷണങ്ങൾ പ്രാർഥനാസ്ഥലങ്ങളിൽ ആംഗ്യഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. ബ്രെയിൽ ഖുർആനുകളും ഫ്ലെക്സിബിൾ ഖുർആൻ ഹോൾഡറുകളും ബ്രെയിൽ ലിപിയിലുള്ള ഇസ്ലാമിക പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്.
ഇരുഹറം അങ്കണങ്ങളിൽ ഭിന്നശേഷിക്കാർക്ക് മാത്രമായി ‘ഗോൾഫ് കാർട്ടുകൾ’ ഉണ്ട്. ഇത് അവരുടെ സഞ്ചാരം എളുപ്പമാക്കുന്നു. പ്രവേശിക്കാനും പുറത്തുകടക്കാനും റാമ്പുകളോടുകൂടിയ 32 ഗേറ്റുകളാണ് മക്ക ഹറമിൽ ഒരുക്കിയിരിക്കുന്നത് . 68, 74, 79, 84, 89, 90, 93, 94 എന്നീ നമ്പറുകൾ ഉൾപ്പെടെ ഗേറ്റുകൾ ഭിന്നശേഷിക്കാർക്ക് മാത്രമാണ്. ഹറമുകളിൽ പ്രത്യേക വിശ്രമമുറികളും ഇവർക്കായുണ്ട്. കേൾവിക്കുറവുള്ളവർക്ക് സഹായിക്കാൻ പ്രത്യേകം ഒരുക്കങ്ങളാണ് നടത്തിവരുന്നതെന്ന് ആംഗ്യഭാഷാ വ്യാഖ്യാതാവായ യഹ്യ അൽ-ഹർബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.