പിണറായി സർക്കാർ ബി.ജെ.പിയുമായുള്ള അവിഹിതത്തിൽ പിറന്ന കുഞ്ഞ് -വി.എസ്. ജോയ്
text_fieldsറിയാദ്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുന്ന രാഷ്ട്രീയസാഹചര്യം മാറ്റിമറിച്ചത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയാണെന്ന് മലപ്പുറം ഡി.ഡി.സി പ്രസിഡന്റ് വി.എസ്. ജോയ്. ഹ്രസ്വസന്ദർശനത്തിന് സൗദിയിലെത്തിയ അദ്ദേഹം റിയാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കോൺഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്രമോദിയുടെ മുദ്രാവാക്യം കേരളത്തിൽ പ്രാവർത്തികമാക്കാനുള്ള കച്ചവടത്തിന്റെ ലാഭമാണ് പിണറായി സർക്കാർ. കിറ്റിന്റെയും പെൻഷന്റെയും നേട്ടമല്ല ഈ ഭരണം.
പ്രത്യക്ഷത്തിൽ കീരിയും പാമ്പും പോലെ അഭിനയിച്ച് രഹസ്യമായി ഇണ ചേരുന്നുണ്ട്. ആ അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞാണ് പിണറായി സർക്കാരെന്നും വി.എസ്. ജോയ് ആരോപിച്ചു. ജനങ്ങൾ ഇത് ബോധ്യപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേമചന്ദ്രനോടൊപ്പം പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബി.എസ്.പി എം.പി റിതേഷ്ബി പാണ്ഡെ ബി.ജെ.പിയിൽ ചേർന്നു, എൻ.കെ. പ്രമേചന്ദ്രൻ ഇനി അങ്ങോട്ടുള്ള ഊഴം കാത്ത് നിൽകുകയാണോ എന്ന ചോദ്യത്തിന് കറകളഞ്ഞ ഒരു മതേതരവിശ്വാസിയായ പ്രേമചന്ദ്രനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും നരേന്ദ്രമോദിയുടെ മുഖത്ത് നോക്കി ലോക്സഭയിൽ അഭിപ്രായം പറയുന്ന നിർഭയനായ ഐക്യജനാധിപത്യ മുന്നണിയുടെ പോരാളിയാണ് പ്രേമചന്ദ്രനെന്നും ജോയ് മറുപടിയായി പറഞ്ഞു.
കേരളത്തിൽ ഇത്തവണ 20ൽ 20ഉം നേടുകയാണ് ഐക്യജനാധിപത്യ മുന്നണി ലക്ഷ്യമെന്നും കഴിഞ്ഞതവണ കപ്പിനും ലിപ്പിനും ഇടയിൽ നഷ്ടപ്പെട്ടുപോയ ആലപ്പുഴ ഇത്തവണ തിരിച്ചുപിടിക്കുമെന്നും ജോയ് പ്രത്യാശ പ്രകടിപ്പിച്ചു. ബി.ജെ.പി ആത്മവിശ്വാസം പൂർണമായി ചോർന്ന അവസ്ഥയിലാണെന്നും അദ്വാനിക്ക് ഭാരതരത്ന നൽകിയത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാഹുൽ ഗാന്ധിയല്ല, ആരെയും ജയിക്കാനുള്ള കരുത്താർജ്ജിച്ച പുതിയ രാഹുലാണെന്നും അതുതിരിച്ചറിഞ്ഞതാണ് ബി.ജെ.പിയിൽ ഭയമുണ്ടാക്കിയിരിക്കുന്നതെന്നും ജോയ് പറഞ്ഞു.
മലപ്പുറത്ത് പാർട്ടിക്കകത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടോ എന്ന ചോദ്യത്തിന് അഭിപ്രായവും അഭിപ്രായവ്യത്യാസവും കോൺഗ്രസിന്റെ സൗന്ദര്യമാണ്. സംഘടനാതെരഞ്ഞെടുപ്പിൽ മഹാത്മാഗാന്ധിയുടെ സ്ഥാനാർഥി തോറ്റിട്ടുണ്ട്. അക്കാലം മുതലുള്ള കോൺഗ്രസിന്റെ പാരമ്പര്യവും പൈതൃകവുമാണ് വ്യത്യസ്തമായി ചിന്തിക്കാനും പറയാനുമുള്ള ജനാധിപത്യ രീതിയെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുടെ മൂന്ന് പ്രവശ്യകളിലും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്നും പരിപാടികളിലെല്ലാം മതേതര-ജനാധിപത്യ വിശ്വാസികളുടെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നെന്നും ജോയിക്കൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്ത മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ പറഞ്ഞു. ഒ.ഐ.സി.സി ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കോൺഗ്രസിന്റെ പോഷകസംഘടനകളെ ജില്ലയിലെ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി ജില്ലാ പ്രസിഡൻറ് സിദ്ധിഖ് കല്ലുപറമ്പൻ, വർക്കിങ് പ്രസിഡൻറ് വഹീദ് വാഴക്കാട്, സംഘടനാ ചുമതയുള്ള ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ, ട്രഷറർ സാദിഖ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.