ദൃശ്യവിരുന്നൊരുക്കി തബൂക്കിലെ വാദി അൽ ദീസ
text_fieldsതബൂക്ക്: തബൂക്കിന് തെക്കുപടിഞ്ഞാറ് ചെങ്കടലോര നഗരിയായ ദിബാ പട്ടണത്തിൽനിന്ന് 130 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വാദി അൽ ദീസ എന്ന പേരിലറിയപ്പെടുന്ന പ്രദേശം സഞ്ചാരികളുടെ ഇഷ്്ടകേന്ദ്രമായി മാറുകയാണ്. നാലുഭാഗവും പർവതനിരകളാൽ ചുറ്റപ്പെട്ട പ്രദേശത്തെ ചോക്ലറ്റ് നിറമുള്ള പാറമടക്കുകളുടെ അപൂർവ കാഴ്ചകൾ സന്ദർശകർക്ക് ഏറെ വിസ്മയം സമ്മാനിക്കുന്നു. വർഷത്തിൽ ശരാശരി എട്ടുമാസവും മഴ ലഭിക്കുന്നതുകൊണ്ട് തന്നെ ഇവിടത്തെ താപനിലയിലും പ്രകൃതിരമണീയതയിലും മറ്റു പ്രദേശങ്ങളിൽനിന്നും വേറിട്ടുനിൽക്കുന്നു. വർഷം മുഴുവൻ ഒഴുകുന്ന ധാരാളം ഉറവകളാണ് ഇവിടത്തെ കാർഷിക അഭിവൃദ്ധിക്ക് ആക്കം കൂട്ടുന്നത്.
വൈവിധ്യമാർന്ന ഔഷധ ചെടികളും പേപ്പർ നിർമാണത്തിനും മറ്റും ഉപകരിക്കുന്ന വേറിട്ട സസ്യങ്ങളും മലയോരങ്ങളിൽ ധാരാളമായി വളരുന്നത് കാണാം. സമുദ്രനിരപ്പിൽനിന്ന് 400 മീറ്റർ ഉയരത്തിലുള്ള ഇവിടത്തെ പർവതങ്ങൾക്ക് 450 മുതൽ 1750 മീറ്റർ വരെ പൊക്കം വരും. പാറകളിലെ അടിവാരങ്ങളിൽനിന്ന് ഒഴുകുന്ന നീരുറവകൾ ഉപയോഗപ്പെടുത്തി സ്വദേശി കർഷകർ വ്യത്യസ്തങ്ങളായ കാർഷിക വിളകളും ഫലങ്ങളും ഇവിടെ നൂറുമേനി കൊയ്യുന്നതായി പ്രദേശത്തെ ട്രെക്കിങ് ഡ്രൈവറായ അഹ്മദ് അൽ ഖുവൈദി 'ഗൾഫ് മാധ്യമ' ത്തോട് പറഞ്ഞു.
തബൂക്ക് പ്രവിശ്യയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് നായനാനന്ദകരമായ വാദി അൽദീസ മലഞ്ചെരുവുകൾ. സൗദിയിലെ മരുക്കാഴ്ചകൾക്ക് ഭിന്നമായി എപ്പോഴും ഹരിത കാന്തി പ്രകടമാകുന്ന ഈ പ്രദേശം സന്ദർശിക്കാൻ സ്വദേശികളും വിദേശികളുമായ ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്. ഇവിടത്തെ ചില പാറകളിൽ സമൂദ്, നബാത്തിയൻ ശിലാചിത്രങ്ങളും കൂഫി അറബി ലിപികളിൽ എഴുതിയ ലിഖിതങ്ങളും ഉണ്ടെന്ന് ചില അറബി ചരിത്രകാരന്മാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മലഞ്ചെരുവുകൾക്കിടയിൽ വൈവിധ്യങ്ങളായ ചില ഗുഹകളും ഉണ്ട്. സഞ്ചാരികൾക്ക് ഗുഹാമുഖത്തുനിന്ന് അപൂർവ ഫോട്ടോകൾ പകർത്താൻ കൂടി കഴിയുന്നത് വേറിട്ട അനുഭവമായിരിക്കും. തബൂക്ക് നഗരത്തിൽനിന്ന് 220 കിലോമീറ്റർ ദൂരമാണ് വാദി അൽദീസയിലേക്കുള്ളത്. ദിബ പട്ടണത്തിൽനിന്ന് ഒന്നര മണിക്കൂർ സഞ്ചരിച്ചാൽ വാദി അൽ ദീസയിലെ ടാർ ചെയ്ത റോഡിെൻറ അറ്റത്തെത്താം. പിന്നീടുള്ള പാതയിൽ സഞ്ചരിക്കാൻ ഫോർ വീലർ വാഹനം തന്നെ വേണം. സൗദിയിലെ ഒരു ഉൾപ്രദേശമായതിനാൽ തന്നെ കൂടുതൽ സഞ്ചാരികളുടെ ഒഴുക്ക് ഇവിടെ കാണാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.