റാബിഖ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു
text_fieldsയാംബു: മക്ക പ്രവിശ്യയിലെ ‘വാദി റാബിഖ്’ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതായി മക്ക പ്രവിശ്യ പരിസ്ഥിതി ജല കൃഷി മന്ത്രാലയം അറിയിച്ചു. പ്രദേശത്തെ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാനും താഴ്‌വരയിൽ കനാൽ കടന്നുപോകുന്ന പ്രദേശങ്ങളിൽ കിണറുകളിലെ ജലവിതാനം ഉയർത്താനും ലക്ഷ്യമിട്ട് 10 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം 15 ദിവസത്തേക്ക് സെക്കൻഡിൽ എട്ട് ക്യുബിക് മീറ്റർ ജലം എന്ന തോതിലായിരിക്കും അണക്കെട്ടിൽനിന്ന് തുറന്നുവിടുക.
മക്ക ഗവർണറേറ്റുമായും സിവിൽ ഡിഫൻസുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തിയാണ് അണക്കെട്ട് തുറന്നു വിടുന്നത്. വെള്ളം ഒഴുകിവരുന്ന താഴ്‌വരയിൽനിന്ന് വിട്ടുനിൽക്കാൻ സമിതി പ്രദേശവാസികളോട് ആവശ്യപ്പെട്ടു. ആളുകളുടെയും വസ്തുവഹകളുടെയും സുരക്ഷ മുൻനിർത്തി വെള്ളത്തിന്റെ ഗതി തിരിച്ചുവിടുന്ന നിലക്ക് വെള്ളമൊഴുകുന്ന പ്രദേശങ്ങളിൽ പ്രതിബന്ധങ്ങൾ ഇല്ലെന്ന് വിവിധ വകുപ്പുകളുടെ പ്രതിനിധികൾ അടങ്ങുന്ന പ്രത്യേക സമിതി ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും താഴ്‌വരയിലെ കിണറുകളിലെ ജലനിരപ്പ് ഉയർത്തുന്നതിനും അണക്കെട്ട് തുറക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അണക്കെട്ട് തുറന്നുവിടുന്ന സന്ദർഭങ്ങളിൽ അധികാരികൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും പ്രദേശവാസികളോട് ആവശ്യപ്പെട്ടു. 15 വർഷം മുമ്പ് നിർമിച്ചതാണ് ഈ അണക്കെട്ട്. ഇതിന് 380 മീറ്റർ നീളവും 80.5 മീറ്റർ ഉയരവും 22 കോടി ക്യുബിക് മീറ്റർ ജലം സംഭരിക്കാനും ശേഷിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.