ഉംറ ആവർത്തിച്ച് ചെയ്യാൻ 10 ദിവസം കാത്തിരിക്കണം
text_fieldsജിദ്ദ: ഒരു ഉംറക്ക് ശേഷം അടുത്തത് നിർവഹിക്കാനുള്ള കാലയളവ് 10 ദിവസമാക്കിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
രണ്ട് ഉംറകൾക്കിടയിൽ 10 ദിവസ ഇടവേള നിർബന്ധമാക്കിയെന്നും അതിന് ശേഷമേ അനുമതി ലഭിക്കൂ എന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വ്യാപനം വീണ്ടും ശക്തമായതിനെ തുടർന്ന് രാജ്യത്ത് സാമൂഹിക അകല പാലനം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ കർശനമാക്കിയ സാഹചര്യത്തിലാണ് ആവർത്തന ഉംറകൾക്കിടയിൽ ഇടവേള നിശ്ചയിച്ചത്. നേരത്തേ നിയന്ത്രണങ്ങളെല്ലാം നീക്കിയപ്പോൾ ഒരു ഉംറ പൂർത്തയാക്കി ഉടനെ അടുത്തത് ബുക്ക് ചെയ്യാൻ സാധിച്ചിരുന്നു.
പുതിയ സാഹചര്യത്തിൽ ഇതിനുള്ള സാധ്യതയാണ് ഹജ്ജ്-ഉംറ മന്ത്രാലയം റദ്ദാക്കിയിരിക്കുന്നത്. ഇതോടെ, ഒരു ഉംറക്കുശേഷം പുതിയ പെർമിറ്റ് ലഭിക്കാൻ 10 ദിവസം കാത്തുനിൽക്കേണ്ടിവരും. രാജ്യത്തെ എല്ലായിടങ്ങളിലും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കിയ ആഭ്യന്തരമന്ത്രാലയ നടപടിയെ തുടർന്ന് മസ്ജിദുൽ ഹറാമിനകത്തും പുറം മുറ്റങ്ങളിലും നമസ്കരിക്കാനെത്തുന്നവർക്കും തീർഥാടകർക്കും ശാരീരിക അകലം പാലിക്കൽ നിർബന്ധമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മത്വാഫിലും നമസ്കാര സ്ഥലങ്ങളിലും സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.