Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right18 വർഷത്തെ കഠിനശ്രമം...

18 വർഷത്തെ കഠിനശ്രമം ലക്ഷ്യത്തിലേക്ക്; റഹീം മോചനമെന്ന ശുഭവാർത്തക്കായി കാത്തിരിക്കുക -റിയാദ് റഹീം സഹായസമിതി

text_fields
bookmark_border
18 വർഷത്തെ കഠിനശ്രമം ലക്ഷ്യത്തിലേക്ക്; റഹീം മോചനമെന്ന ശുഭവാർത്തക്കായി കാത്തിരിക്കുക -റിയാദ് റഹീം സഹായസമിതി
cancel
camera_alt

റഹീം മോചന സഹായസമിതി ഭാരവാഹികൾ റിയാദിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു

റിയാദ്: സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വിശ്രമമില്ലാത്ത പ്രവർത്തനം തുടരുകയാണെന്ന് റിയാദ് സഹായസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ എംബസിയുടെയും റിയാദ് പൊതുസമൂഹത്തിന്റെയും പൂർണ പിന്തുണയോടെ 18 വർഷങ്ങളായി നടത്തുന്ന ശ്രമം വൈകാതെ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം ലക്ഷ്യത്തിനരികെ നിൽക്കുമ്പോൾ ഈ ദൗത്യവുമായി സഹകരിച്ച ലോകമാകെയുള്ള മലയാളികൾ ഉൾപ്പെടെയുള്ള എല്ലാ മനുഷ്യസ്നേഹികൾക്കും നന്ദി പറയുകയാണെന്ന് സഹായസമിതി ഭാരവാഹികൾ പറഞ്ഞു.

ഈ കേസിലെ പ്രധാന കടമ്പ പണം മാത്രമായിരുന്നില്ല. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നൽകുക എന്നതായിരുന്നു. അതിനായാണ് ദീർഘകാലം കഠിനശ്രമങ്ങൾ നടന്നത്. സംഭവം നടക്കുമ്പോൾ കൊല്ലപ്പെട്ടയാളുടെ സഹോദരന് പ്രായപൂർത്തിയായിരുന്നില്ല. അതുകൊണ്ട് വിധി പ്രഖ്യാപനത്തിന് കാലതാമസമുണ്ടായി. ഈ കാലഘട്ടം ഉപയോഗപ്പെടുത്തിയാണ് സഹായസമിതി പലവഴിയായി റഹീമിന്റെ കുടുംബവുമായി ചർച്ചകൾ നടത്തിയത്. എല്ലാ വഴികളും പരാജയപ്പെട്ടെങ്കിലും സമിതി പിന്മാറിയില്ല. സാധ്യമായ പുതിയ വഴികൾ തേടി. പ്രമുഖരെ ബന്ധപ്പെടുത്തി സമന്വയത്തിന് ശ്രമിച്ചു. അനുരഞ്ജനത്തിനായി അനസിന്റെ വക്കീലുമായും ബന്ധുക്കളുമായും നിരവധി തവണ കൂടിക്കാഴ്ചകളുണ്ടായി. കുടുബത്തിന്റെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ വക്കീൽ ഇനി ഇക്കാര്യത്തിന് സമയം കളയേണ്ടതില്ലെന്നാണ് പറഞ്ഞത്.

കുടുംബം തീരുമാനത്തിൽ നിന്ന് മാറാത്തതിനാൽ വിധി നടപ്പാക്കുകയല്ലാതെ മറു വഴിയില്ലെന്ന് പറഞ്ഞെങ്കിലും വക്കീലുമായുള്ള ചർച്ചകൾ സഹായസമിതി തുടർന്നുവന്നു. റഹീമിന്റെ വയോധികയായ മാതാവിന്റെ അവസ്ഥയും മറ്റു സാഹചര്യങ്ങളും ബോധ്യപ്പെടുത്തി കുടുംബവുമായി വീണ്ടും സംസാരിക്കാൻ അപേക്ഷിച്ചു. ആ ശ്രമം ഒടുവിൽ ഫലം കാണുകയായിരുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷം കുടുംബാംഗങ്ങളിൽപെട്ടവർ ആശ്വാസ വാർത്ത അറിയിച്ചിട്ടുണ്ടെന്നും ദിയാധനം നൽകണമെന്ന വ്യവസ്ഥയുണ്ടെന്നും വക്കീൽ അറിയിച്ചു. ഭീമമായ തുക ആവശ്യപ്പെട്ടപ്പോഴും നിരന്തരമായ ചർച്ചകൾ നടന്നു. ഒടുവിൽ 15 മില്യൺ റിയാലിന് പകരമായി റഹീമിന്റെ വധശിക്ഷ റദ്ദാക്കി മാപ്പ് നൽകാൻ തയാറാണെന്ന് കുടുംബം അനുമതി നൽകിയതായി വക്കീൽ അറിയിച്ചു. തുക കുറച്ചു നൽകാനും അശ്രാന്ത പരിശ്രമം നടത്തിയെങ്കിലും ആവശ്യത്തിലുറച്ചുനിന്നു.

മുന്നോട്ടുള്ള നടപടികളിൽ ഇന്ത്യൻ എംബസിയല്ലാതെ മറ്റാരും ബന്ധപ്പെടരുതെന്ന കർശന നിബന്ധനയും കുടുംബം മുന്നോട്ട് വെച്ചതായി വക്കീൽ അറിയിച്ചിരുന്നു. ഇതോടെ പുറമെ നിന്നുള്ളവരെ ഇടപെടുത്താൻ പറ്റാത്ത സാഹചര്യമായി. തുടക്കം മുതൽ തന്നെ എല്ലാ ചർച്ചകളിലും ഇന്ത്യൻ എംബസിയുടെ ഇടപെടലും പങ്കാളിത്തവും നിർണായകമായിരുന്നു. റഹീമിന്റെ കുടുംബവും ദിയ നൽകിയുള്ള ഏതൊരു തീരുമാനം കൈകൊള്ളുന്നതിനും എംബസിയെ ചുമതലപ്പെടുത്തി. അവരാവശ്യപ്പെട്ട ഭാരിച്ച തുക കണ്ടെത്തുകയെന്ന ദൗത്യം ഏറ്റെടുക്കുന്നതിൽ റിയാദിലെ മലയാളി സമൂഹത്തിന്റെ അഭിപ്രായമാരാഞ്ഞു. ഒരുമയുടെയും നിശ്ചയദാർഢ്യത്തിന്റെയും ബലത്തിൽ ഒത്തുചേർന്ന റഹീം സഹായ ജനകീയ സമിതി യോഗത്തിലാണ് 15 മില്യൺ റിയാൽ സമാഹരിക്കാനുള്ള ചരിത്രപരമായ തീരുമാനം പിറന്നത്. 15 മില്യൺ റിയാൽ ആറു മാസ കാലയളവിൽ സമാഹരിച്ച് നൽകാമെന്ന റഹീമിന്റെ കുടുംബത്തിന്റെ ഉറപ്പിനൊപ്പം റിയാദിലെ നിയമ സഹായസമിതിയും എംബസിക്ക് ഉറപ്പ് നൽകി.

പിന്നീട് ഒട്ടും കാത്തുനിന്നില്ല. കൃത്യമായ പദ്ധതികൾക്ക് റിയാദിലെ റഹീം സഹായസമിതി രൂപം നൽകി. മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും നടപടികൾ നീക്കാൻ നാട്ടിലുള്ള അബ്ദുറഹീം നിയമ സഹായസമിതിയുടെ മേൽനോട്ടത്തിൽ ട്രസ്റ്റിന് രൂപം നൽകുകയും ചെയ്തു. നാട്ടിലെ സർവകക്ഷി സമിതിയുടെ മൂന്ന് പ്രധാന ഭാരവാഹികളുടെ പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. പിന്നീട് ട്രസ്റ്റിന്റെയും റഹീമിന്റെ മാതാവിന്റെയും പേരുകളിൽ വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ ആരംഭിച്ചു. സുതാര്യമായ രീതിയിൽ ഫണ്ട് സ്വരൂപിക്കാൻ മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. പിന്നീട് വിഷയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള കാമ്പയിനുകൾ ലോകമാകമാനം, വിശിഷ്യാ നാട്ടിലും പ്രവാസലോകത്തും ആരംഭിച്ചു.

മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ബിസിനസ്സ് തുടങ്ങി എല്ലാ മേഖലകളിലെ നേതാക്കളെയും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാരെയും കണ്ട് വിഷയത്തിന്റെ ഗൗരവം ബോധിപ്പിച്ച്‌ ഫണ്ട് സമാഹരണത്തിനായി സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് നാട്ടിലെ സഹായ സമിതി അംഗങ്ങൾ അഭ്യർഥിച്ചു. മറുവാക്ക് പറയാതെ എല്ലാവരും പണം സമാഹരിക്കാനുള്ള ആഹ്വാനം നൽകി. കുടുംബം ൽകിയ കാലാവധിക്ക് മുമ്പേ തന്നെ നാട്ടിൽ തുക സമാഹരിച്ചു. റിയൽ കേരള സ്റ്റോറിയായി വാഴ്ത്തപ്പെട്ട ദൗത്യം മലയാളികളുടെ ഐക്യവും ചേർത്തുപിടിക്കലും അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ചർച്ച ചെയ്തു.

പണം സമാഹരിക്കപ്പെട്ടയുടനെ തന്നെ റഹീമിന്റെ കുടുംബം ഇന്ത്യൻ എംബസിയെ വിവരങ്ങളറിയിച്ചു. എംബസിയും റഹീമിന്റെ വക്കീലും സൗദി കുടുംബത്തിന്റെ വക്കീലിനെ കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ റഹീമിന്റെ വക്കീൽ കോടതിയെയും ഗവർണറേറ്റിനെയും ദിയപണം സ്വരൂപിച്ച വിവരം കാണിച്ച് വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ സൗദി കുടുംബവും വക്കീലും ദിയപണം സ്വീകരിച്ച് മാപ്പ് നൽകാൻ തങ്ങൾ തയാറാണെന്ന് ഗവർണറേറ്റിനെയും അറിയിച്ചു.

അതോടെ വലിയൊരു ആശങ്ക ആശ്വാസത്തിന് വഴിമാറി. പിന്നീട് ഓരോ ദിവസവും ഗവർണറേറ്റിൽ നിന്നും, കോടതിയിൽ നിന്നുമുള്ള നിർദേശങ്ങൾക്കായി കാത്തിരുന്നു. സഹായ സമിതിക്കൊപ്പം എംബസിയും സമയം നോക്കാതെ എല്ലാ സഹായത്തിനും ഇടപെടലിനുമുണ്ടായി. ഇന്ത്യൻ എംബസിയും വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും ഇക്കാര്യത്തിൽ പുലർത്തിയ ജാഗ്രതയും ഇടപെടലും പ്രശംസനീയമാണെന്ന് സഹായസമിതി എടുത്തു പറഞ്ഞു. നാട്ടിലെ ബാങ്കിലുണ്ടായിരുന്ന ദിയ പണവും വക്കീലിനുള്ള തുകയും ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറി. ഗവർണറേറ്റിന്റെ നിർദേശത്തിന് കാത്തിരിക്കുകയാണ് എംബസി. ക്രിമിനൽ കോടതിയുടെ പേരിൽ സെർട്ടിഫൈഡ് ചെക്കാകും എംബസി നൽകുക. അതിന് ഗവർണറേറ്റ് രേഖാമൂലം അനുമതി നൽകേണ്ടതുണ്ട്. അനുമതി ലഭിച്ചാൽ ചെക്ക് കൈമാറും. പിന്നീട് അനുരഞ്ജന കരാറുണ്ടാക്കുകയാണ് അടുത്ത ഘട്ടം.

അതിനായി റഹീമിന്റെ അനന്തരാവകാശികൾ നേരിട്ട് എത്തുകയോ അല്ലെങ്കിൽ കരാറിൽ ഒപ്പുവെക്കാനുള്ള അനുമതി ഉൾപ്പടെ എല്ലാ അധികാരവും വക്കീലിന് നൽകിക്കൊണ്ടുള്ള കോടതി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണിയുമായി എത്തി ഒപ്പുവെക്കുകയോ വേണം. അത് കൂടെ കഴിഞ്ഞാൽ കേസിന്റെ പ്രധാന ഘട്ടം പൂർത്തിയാകും. പിന്നീട് ഗവർണറേറ്റിൽ നിന്ന് കോടതിയിലേക്ക് അനുരഞ്ജന കരാർ ഉൾപ്പടെയുള്ള രേഖകൾ പോകുന്നതോടെ വധശിക്ഷ റദ്ദാക്കുകയും പിന്നീട് ജയിൽ മോചനം നൽകാനുള്ള ഉത്തരവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേസിന്റെ നാൾവഴികൾ വിശദീകരിച്ചു സഹായസമിതി റിയാദ് ഇന്ത്യ മീഡിയ ഫോറത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചെയർമാൻ സി.പി. മുസ്തഫ, കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ, പരിഭാഷകനും നിയമവിദഗ്‌ധനുമായ മുഹമ്മദ് നജാത്തി, റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂർ, മറ്റു ഭാരവാഹികളായ അഷ്‌റഫ് വേങ്ങാട്ട്, മുനീബ് പാഴൂർ, ഹർഷദ് ഫറോക്ക്, കുഞ്ഞോയി കോടമ്പുഴ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdul Raheem Saudi Jail
News Summary - Wait for the good news of Rahim's release -Riyadh Rahim Aid Committee
Next Story