വഖഫ് നിയമഭേദഗതി: സർക്കാർ പിന്നോട്ടുപോയത് മുട്ടുവിറച്ചതിനാൽ –ജിദ്ദ കെ.എം.സി.സി
text_fieldsജിദ്ദ: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ഇടതുസർക്കാറിന്റെ തലതിരിഞ്ഞ തീരുമാനത്തിൽനിന്ന് നിവൃത്തിയില്ലാതെ പിണറായി സർക്കാർ പിറകോട്ട് പോയത് മത- രാഷ്ട്രീയ സംഘടനകളുടെ ജനമുന്നേറ്റം കണ്ട് മുട്ടുവിറച്ചതുകൊണ്ടാണെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അവകാശപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് തൊഴിൽസാധ്യതയും കോടാനുകോടിയുടെ വരുമാനവുമുള്ള ദേവസ്വം ബോർഡിൽ നടപ്പാക്കാത്ത പി.എസ്.സി നിയമന നിയമം എണ്ണപ്പെട്ട തൊഴിൽസാധ്യതകൾ മാത്രമുള്ള വഖഫ് ബോർഡിൽ അടിച്ചേൽപിച്ചതിനു പിന്നിൽ സർക്കാറിന്റെ മുസ്ലിംവിരുദ്ധ ഹിഡൺ അജണ്ടയായിരുന്നു.
മതവിശ്വാസികൾ അവരുടെ വിശ്വാസപ്രകാരം വഖഫ് ചെയ്ത സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണനിർവഹണവും കൈകാര്യവും വിശ്വാസികൾ നിർവഹിക്കേണ്ട കാര്യമാണ്. ഇതിലേക്ക് നുഴഞ്ഞുകയറ്റം നടത്തി പ്രശ്നങ്ങളുണ്ടാക്കാനുള്ള കുത്സിതശ്രമങ്ങളെയാണ് സമുദായം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയതെന്ന് ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും പ്രസ്താവനയിൽ പറഞ്ഞു.
പിണറായി സർക്കാറിന്റെ ഭരണത്തിൽ ഒരു സമുദായം എന്നനിലയിൽ ഏറ്റവും വലിയ പരിക്കും നഷ്ടവും വന്നത് മുസ്ലിം സമുദായത്തിനാണ്. സച്ചാർ കമീഷൻ നിർദേശപ്രകാരം മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥക്ക് പരിഹാരം ഉണ്ടാക്കാൻ മാത്രമായി നടപ്പാക്കിയ വിദ്യാഭ്യസ തൊഴിൽ മേഖലയിലെ സംവരണ ആനുകൂല്യങ്ങൾ മുസ്ലിം സമുദായത്തിൽനിന്ന് തട്ടിപ്പറിച്ച ഇടതുസർക്കാറിന്റെ കൊടും വഞ്ചന സമുദായം മറന്നിട്ടില്ല.
ഇതുകാരണം മുസ്ലിം സമുദായത്തിലെ ആയിരക്കണക്കിന് യുവതീയുവാക്കൾക്ക് കിട്ടേണ്ട തൊഴിലവസരങ്ങൾ ഇതിനകംതന്നെ നഷ്ടമായിക്കഴിഞ്ഞു.
ഇങ്ങനെ മുസ്ലിം സമുദായത്തോട് പകവീട്ടുന്ന ഇടതുസർക്കാറിന്റെ വിവേചനങ്ങൾ നിരവധിയാണ്. ഇനിയും ഇതൊന്നും സമുദായത്തിന് പൊറുക്കാനാവില്ല.
അറബി ഭാഷക്കെതിരെ പണ്ട് നായനാർ സർക്കാർ കൊണ്ടുവന്ന കരിനിയമങ്ങൾ നായനാരെ കൊണ്ട് തന്നെ പിൻവലിപ്പിച്ച മുസ്ലിം ലീഗിന്റെ സമരവീര്യം വഖഫ് സമരത്തിലും പ്രതിഫലിച്ചപ്പോഴാണ് പിണറായി കണ്ണുതുറന്നതെന്ന് കെ.എം.സി.സി നേതാക്കൾ ചൂണ്ടിക്കാണിച്ചു.
വഖഫ് നിയമഭേദഗതി : ഐ.സി.എഫ് സ്വാഗതം ചെയ്തു
മക്ക: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സൗദി നാഷനൽ കമ്മിറ്റി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. വഖഫ് ബോർഡിലെ ഒഴിവുള്ള തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുമ്പോൾ, വിവിധ രാജ്യങ്ങളിൽനിന്ന് തിരികെ വന്ന പ്രവാസികളെ പരിഗണിക്കണമെന്നും നിയമന നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്നും ഐ.സി.എഫ് ആവശ്യെപ്പട്ടു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാൻ സർക്കാർ തുടങ്ങിവെച്ച ശ്രമങ്ങൾ പുതിയ തീരുമാനത്തിന്റെ മറവിൽ അട്ടിമറിക്കപ്പെടരുതെന്നും ഐ.സി.എഫ് ആവശ്യപ്പെട്ടതായി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഐ.സി.എഫ് സൗദി നാഷനൽ സെക്രട്ടറി നിസാർ എസ്. കാട്ടിൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽബുഖാരി എന്നിവരാണ് വാർത്തക്കുറിപ്പ് ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.