മക്കയില്‍ ഇന്ത്യൻ ഹാജിമാർക്ക് രാജകീയ സ്വീകരണം
text_fieldsമക്ക: മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി. ഇന്ത്യൻ ഹജ്ജ് മിഷനും നൂറുകണക്കിന് സന്നദ്ധ സംഘടനാപ്രവര്‍ത്തകരും ചേര്‍ന്ന് ഹാജിമാരെ ഊഷ്മളമായി സ്വീകരിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ഹാജിമാര്‍ മക്കയിലെത്തിയത്. രാജകീയ സ്വീകരണമാണ് അല്ലാഹുവിന്റെ അതിഥികള്‍ക്ക് മക്കയില്‍ ലഭിച്ചത്.
753 ഹാജിമാരാണ് ആദ്യ സംഘത്തിലുള്ളത്. മദീനയില്‍ എട്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയെത്തിയ ഹാജിമാരെ സ്വീകരിക്കാൻ ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം, ഹജ്ജ് കോൺസൽ സാബിർ എന്നിവർ എത്തിയിരുന്നു. വനിതകളും കുട്ടികളും ഉൾപ്പെടെ വിവിധ സംഘടനാ വളന്റിയർമാർ ഭക്ഷണവും സമ്മാനപ്പൊതികളുമായി ഹാജിമാരെ വരവേറ്റു. മക്കയിലെ അസീസിയയിൽ ഇന്ത്യൻ ഹാജിമാർക്ക് ഒരുക്കിയ ഒന്ന്, രണ്ട്, 11 നമ്പറുകളിലുള്ള ബിൽഡിങ്ങുകളിലാണ് ആദ്യ സംഘം ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുള്ളത്.
കേരളത്തിൽ നിന്നും മദീനയിൽ എത്തിയ മലയാളി തീർഥാടകരാണ് ആദ്യ സംഘത്തിൽ മക്കയിലെത്തിയത്. ഇന്നു മുതല്‍ കൂടുതല്‍ സംഘങ്ങള്‍ മക്കയിലെത്തും. മക്കയിലെത്തുന്ന മുറക്ക് ഹാജിമാര്‍ ഉംറ നിര്‍വഹിക്കും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഹാജിമാരുടെ സംഘങ്ങള്‍ മദീനയിലെത്തി സന്ദര്‍ശനം തുടരുന്നുണ്ട്. ഇന്ത്യയിൽനിന്നും ഇതുവരെ 17,325 ഹാജിമാരാണ് സൗദിയിൽ എത്തിയിട്ടുള്ളത്. മക്കയിൽ ഹാജിമാർക്കായി ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിൽ ആശുപത്രികളും ഡിസ്പെൻസറികളും തയാറാക്കിയിട്ടുണ്ട്.
(സമ്മാനങ്ങളും ഭക്ഷണപ്പൊതികളുമായി സന്നദ്ധപ്രവർത്തകർ ഹാജിമാരെ വരവേൽക്കുന്നു)
അസീസിയയിലാണ് ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുള്ളത്. അസീസിയയിൽനിന്ന് ഹറമിൽ പോയിവരാനുള്ള ഗതാഗത സൗകര്യവും ആരംഭിച്ചു. 200 ഹാജിമാർക്ക് ഒരു ബസ് എന്ന ക്രമത്തിൽ 24 മണിക്കൂറും സർവിസ് നടത്തും. ഇതിനായി ഖാഇദ് കമ്പനിയുടെ പുതിയ മോഡൽ ബസ്സുകളാണ് ഒരുക്കിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ ശക്തമായ ചൂടാണ് പുണ്യ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.