ഉപയോഗശൂന്യമായ കിണറുകളുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ്
text_fieldsജിദ്ദ: രാജ്യത്ത് ഉപയോഗശൂന്യവും ഉപേക്ഷിക്കപ്പെട്ടതുമായ കിണറുകളുടെ അപകടങ്ങളെക്കുറിച്ച് സൗദി പരിസ്ഥിതി വകുപ്പിന്‍റെ മുന്നറിയിപ്പ്. മൊറോക്കോയിൽ ഒരു കുട്ടി കിണറ്റിൽ വീണ് ദാരുണമായി മരിച്ച പശ്ചാത്തലത്തിലാണ് പരിസ്ഥിതി വകുപ്പിന്‍റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്. ഇങ്ങയുള്ള കിണറുകൾ ശ്രദ്ധയിൽപെട്ടാൽ വിവരമറിയിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടു.
ഉപയോഗശൂന്യമായ കിണറുകളിൽ വഴിയാത്രക്കാർ വീണ് അപകടത്തിലാകുന്നത് തടയുന്നതിന് വകുപ്പ് അതീവ പ്രാധാന്യമാണ് നൽകുന്നത്. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും ജലസ്രോതസ്സുകളുടെ മലിനീകരണം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ട് മന്ത്രാലയം ഇതുവരെ വിവിധ പ്രദേശങ്ങളിലായി 2450 ഉപേക്ഷിക്കപ്പെട്ട കിണറുകൾ നികത്തിയിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് സ്വാലിഹ് ബിൻ ദഖീൽ പറഞ്ഞു.
രാജ്യത്തെ ഉപേക്ഷിക്കപ്പെട്ട കിണറുകൾ കണ്ടെത്തുകയും അവ നികത്തുകയും ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടം മന്ത്രാലയം പൂർത്തിയാക്കി. രണ്ടാംഘട്ടം ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളിലെ സംയുക്ത സമിതികളുമായി ഏകോപിച്ചു പ്രവർത്തിക്കുകയാണ്. 5000ത്തിലധികം കിണറുകൾ ലക്ഷ്യമിടുന്നതായി വക്താവ് പറഞ്ഞു. വിവിധ മേഖലകളിലെ മന്ത്രാലയത്തിന്‍റെ ശാഖകൾക്ക് ഉപേക്ഷിക്കപ്പെട്ട കിണറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമ്പോൾ ബന്ധപ്പെട്ട പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട കിണറുകളുടെ കണക്കെടുപ്പിനുള്ള കമ്മിറ്റി നിർദിഷ്ട സ്ഥലം സന്ദർശിച്ച് കിണറിന്‍റെ അവസ്ഥയെയും അപകടത്തെയുംകുറിച്ച് റിപ്പോർട്ട് തയാറാക്കും.
പിന്നീട് ചുറ്റും മതിൽകെട്ടുക, അല്ലെങ്കിൽ നികത്തുക എന്നിവയിലൂടെ അപകടാവസ്ഥക്ക് പരിഹാരം കാണുന്നതായും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.