രഹസ്യസ്വഭാവം ലംഘിക്കുന്ന പൊതുമേഖല ജീവനക്കാർക്ക് മുന്നറിയിപ്പ്
text_fieldsയാംബു: പൊതുമേഖലയിൽ ജോലിചെയ്യുന്ന ഏതെങ്കിലും ജീവനക്കാരൻ രഹസ്യരേഖകളോ വിവരങ്ങളോ കൈമാറുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഗുരുതരമായ കുറ്റമായി കണക്കാക്കുമെന്നും ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്. പൊതുമേഖലയിൽനിന്ന് സേവനം അവസാനിപ്പിച്ചവർ രഹസ്യവിവരങ്ങൾ പരസ്യപ്പെടുത്തിയാൽ കൂടുതൽ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷനടപടികൾക്ക് അത് കാരണമാകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
രഹസ്യാത്മക രേഖകൾ പുറത്തുവിടുന്നതും മറ്റുള്ളവർക്ക് സോഷ്യൽ മീഡിയ വഴിയോ മറ്റോ പങ്കിടുന്നതും കുറ്റകരമാണ്. രാജ്യത്തിെൻറ ദേശീയ സുരക്ഷ, നയനിലപാടുകൾ, ആഭ്യന്തര കാര്യങ്ങളിലെ താല്പര്യങ്ങൾ എന്നിവയെ ദോഷകരമായി ബാധിക്കുന്ന ഒരു കാര്യവും അംഗീകരിക്കില്ല. രഹസ്യസ്വാഭാവമുള്ള വിവരങ്ങൾ പുറത്തുവരുന്നതു മൂലം ജീവനക്കാരൻ ഏതു ജോലിയിലാണ് മുഴുകിയതെന്നും അദ്ദേഹത്തിന് ആഭ്യന്തരമായ ഏതെല്ലാം കാര്യങ്ങൾ അറിയാമെന്നും വ്യക്തമാകുന്നു. പൊതുമേഖലയിൽ ജോലിചെയ്യുന്ന വ്യക്തി സ്ഥാപനത്തിെൻറയും അധികൃതരുടെയും താല്പര്യങ്ങളും രഹസ്യവിവരങ്ങളും സംരക്ഷിക്കേണ്ട ബാധ്യതയുള്ള ആളാണ്. ജോലിയിൽ വിശ്വാസവഞ്ചനയും ദേശീയ നയനിലപാടുകൾക്ക് വിരുദ്ധമായ സമീപനവും സ്വീകരിക്കാൻ പാടില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
രാജ്യത്തിെൻറ ക്രമസമാധാനം താറുമാറാകുന്ന വിധത്തിൽ ദുഷ്പ്രചരണങ്ങളും വ്യാജ വാർത്തകളും സാമൂഹിക മാധ്യമങ്ങൾ വഴിയോ മറ്റോ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി അടുത്തിടെ സൗദി പബ്ലിക് പ്രോസിക്യൂഷൻ ഒദ്യോഗികമായ സൈറ്റിലൂടെ ട്വീറ്റ് ചെയ്തിരുന്നു. കുറ്റകൃത്യങ്ങളെ തടയിടുന്ന നിയമപ്രകാരവും രാജ്യത്തിെൻറ ക്രിമിനൽ നിയമങ്ങൾ പ്രകാരവും സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തികളും അതിൽ പരോക്ഷമായി പങ്കെടുക്കുന്ന ആളുകളും ശിക്ഷാനടപടികൾക്ക് വിധേയമാകും. രാജ്യത്തെ എല്ലാ പൗരന്മാരോടും വിദേശികളോടും ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ അവഗണിക്കണമെന്നും അതോറിറ്റി ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.