ജലക്ഷാമം ആഗോള വെല്ലുവിളി, അന്താരാഷ്ട്ര ശ്രമം വേണം -കസാഖ്സ്താൻ പ്രസിഡന്റ്
text_fieldsറിയാദ്: ജലക്ഷാമം ഏറ്റവും പ്രധാനപ്പെട്ട ആഗോള വെല്ലുവിളികളിലൊന്നാണെന്ന് കസാഖ്സ്താൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോഗയേവ് പറഞ്ഞു. 100 കോടി ആളുകൾക്ക് നിലവിൽ കുടിവെള്ളം ലഭ്യമല്ല. 400 കോടിയിലധികം ആളുകൾ കടുത്ത ജലക്ഷാമം അനുഭവിക്കുന്നു. വേദനജനകമായ ഈ വസ്തുതകൾ കണക്കിലെടുത്ത് എല്ലാവർക്കും ജലലഭ്യത ഉറപ്പാക്കാൻ ഒരു ഏകീകൃത അന്താരാഷ്ട്ര ശ്രമം ആവശ്യമാണെന്നും ടോഗയോവ് പറഞ്ഞു.
സുസ്ഥിര വികസനത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ജല സുരക്ഷ. റിയാദിൽ ജല ഉച്ചകോടി സംഘടിപ്പിക്കുന്നതിന് സൗദി, ഫ്രാൻസ്, ലോക ബാങ്ക് ഗ്രൂപ് എന്നിവയുമായുള്ള പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിച്ചു. ഒരു ഭൂപ്രദേശം എന്ന നിലയിൽ കസാക്കിസ്താന് ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നന്നായി അറിയാം. അന്താരാഷ്ട്ര സഹകരണം വർധിപ്പിച്ചും ജലസ്രോതസ്സുകൾ സംരക്ഷിച്ചും പ്രകൃതിദുരന്തങ്ങളോടുള്ള പ്രതികരണം വർധിപ്പിച്ചും ജല സുരക്ഷയിൽ ഊന്നൽ നൽകുന്ന നയങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജലദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളെ പിന്തുണക്കാനുള്ള സൗദി അറേബ്യയുടെ സംരംഭം അഭിനന്ദനാർഹമാണ്.
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും ശുദ്ധജലത്തിന് തുല്യമായ ലഭ്യത കൈവരിക്കുന്നതിനും ജലവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തേണ്ടത് ഇന്നിന്റെയും നാളെയും സുപ്രധാന ആവശ്യമാണ്. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് 2026ൽ കസാക്കിസ്താൻ സംഘടിപ്പിക്കാൻ നിർദേശിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആഗോള ജല പ്രതിസന്ധിയെ നേരിടാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളുന്നതിന് അന്താരാഷ്ട്ര സഹകരണത്തിന് സഹായിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.