സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനും ചെങ്കടലിൽ ‘വാട്ടർ സ്ട്രിപ്പ്’
text_fieldsറിയാദ്: സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനുമുള്ള ‘വാട്ടർ സ്ട്രിപ്പ്’ചെങ്കടലിലെ ഷൈബാ ദ്വീപിൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകി. രാജ്യത്തെ രണ്ടാമത്തെ വാട്ടർ സ്ട്രിപ്പാണ് ചെങ്കടൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ പ്രവർത്തിപ്പിക്കുന്നതിന് ലൈസൻസ് അനുവദിച്ചത്. ടൂറിസം പദ്ധതികളുടെ ഡെവലപ്പറായ റെഡ് സീ ഇന്റർനാഷനൽ കമ്പനിക്കാണ് ലൈസൻസ് ലഭിച്ചത്.
സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക) പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുവൈലജ്, റെഡ് സീ ഇന്റർനാഷനൽ ഗ്രൂപ് സി.ഇ.ഒ ജോൺ പഗാനോക്ക് ലൈസൻസ് കൈമാറി. ചടങ്ങിൽ സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് അൽ ജാസർ പങ്കെടുത്തു. മനോഹരമായ പവിഴപ്പുറ്റുകളാൽ സമ്പന്നമാണ് ഷൈബാര ദ്വീപ്. വരും മാസങ്ങളിൽ തന്നെ ടൂറിസ്റ്റുകൾക്കായി ദ്വീപിലേക്കുള്ള വാതിലുകൾ തുറക്കും. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിച്ച വ്യതിരിക്തമായ വില്ല ഡിസൈനുകളിലാണ് റിസോർട്ട് ഒരുക്കുന്നത്. ചെങ്കടലിലെ ആദ്യത്തെ ടൂറിസ്റ്റ് റിസോർട്ടാണിത്. കരയിൽനിന്ന് ബോട്ടിൽ 30 മിനിറ്റും സീപ്ലെയിനിൽ 20 മിനിറ്റും കൊണ്ട് ഇവിടെ എത്തിച്ചേരാനാവും. ഷൈബാര റിസോർട്ട് ലോകത്തിന് മുന്നിൽ തുറക്കുന്നതിനുള്ള അന്തിമ നടപടികളുടെ ഭാഗമാണ് ഈ ലൈസൻസ് എന്ന് ജോൺ പഗാനോ പറഞ്ഞു. ഷൈബാര റിസോർട്ട് ഉടൻ തുറക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. ഷൈബാര റിസോർട്ടിലേക്കും തിരിച്ചും സീപ്ലെയിൻ വഴി മനോഹരവും അതുല്യവുമായ ഒരു യാത്രയാണ് സമ്മാനിക്കുക. സൗദിയിൽ സീപ്ലെയിനുകൾ പ്രവർത്തിപ്പിക്കുന്ന ആദ്യ കമ്പനിയാവുകയാണ് റെഡ് സീ ഇന്റർനാഷനൽ. ലൈസൻസുള്ള രണ്ട് എയർസ്ട്രിപ്പുകൾ കൂടാതെ ടൂറിസം, വ്യോമയാന മേഖലകളിലെ നേതാക്കളായി ഞങ്ങൾ ഉറച്ചുനിൽക്കുകയാണെന്ന് സി.ഇ.ഒ പറഞ്ഞു.
നിക്ഷേപത്തിന് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പിന്തുണക്കുള്ള എല്ലാ മാർഗങ്ങളും നൽകുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് റെഡ് സീ ഇന്റർനാഷനലിന്റെ വാട്ടർ സ്ട്രിപ്പിന് ലൈസൻസ് കൈമാറുന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് അൽദുവൈലജ് പറഞ്ഞു.
വ്യോമയാന മേഖലയുടെ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾക്കനുസൃതമായും ‘വിഷൻ 2030’ന് അനുയോജ്യമായും മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും സമ്പ്രദായങ്ങൾക്കും അനുസൃതമായി അതോറിറ്റി നിരവധി സംരംഭങ്ങളും പരിപാടികളും നടപ്പാക്കിവരുകയാണ്.
വ്യോമയാന മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നത് തുടരാനുള്ള അതോറിറ്റിയുടെ ശ്രമത്തിന് പുറമേ അതോറിറ്റിയുടെ നിയന്ത്രണവും മേൽനോട്ട ചുമതലയും ഏകീകരിക്കുകയും പ്രാദേശിക നേതൃത്വം കൈവരിക്കുകയും ചെയ്യുന്നുവെന്നും അൽദുവൈലജ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് റെഡ് സീ ഇന്റർനാഷനൽ സൗദിയിലെ വാട്ടർ സ്ട്രിപ്പിനുള്ള ആദ്യ ഓപ്പറേറ്റിങ് ലൈസൻസ് നേടിയത്. ഉമ്മഹാത് ഐലൻഡിലെ വാട്ടർ എയർപോർട്ടിലേക്കും തിരിച്ചും കമ്പനി 520ലധികം സർവിസുകൾ ഇതിനകം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 1200 പേരാണ് യാത്ര ചെയ്തത്.
ഈ വർഷം യാത്രക്കാരുടെ എണ്ണം 3800ലധികം യാത്രക്കാരിൽ എത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സൗദിയിലെ ആദ്യത്തെ സീപ്ലെയിൻ കമ്പനിയായ ‘ഫ്ലൈ റെഡ് സീ’2023ലാണ് ആരംഭിച്ചത്. വാട്ടർസ്ട്രിപ്പുകളും സീപ്ലെയിനുകളും കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ചെങ്കടൽ ലക്ഷ്യസ്ഥാനത്തെ ദ്വീപ് റിസോർട്ടുകളിലേക്ക് സന്ദർശകരെ ശുദ്ധജലത്തിലൂടെ കൊണ്ടുപോകുന്നതിനുമാണ് ഇത് സ്ഥാപിച്ചത്.
റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടാണ് അതിന്റെ വിവിധ പ്രവർത്തനങ്ങൾക്കുള്ള ആസ്ഥാനം. ഭാവിയിൽ കമ്പനി ‘അമാല’അയൽ ലക്ഷ്യസ്ഥാനത്തേക്കും അൽ വജ്ഹ് വിമാനത്താവളത്തിലേക്കും സർവിസുകൾ നടത്താനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.