വയനാട് ദുരന്തം ഏറെ മാനസിക വിഷമമുണ്ടാക്കി -ടൊവീനോ തോമസ്
text_fieldsറിയാദ്: വയനാട് ദുരന്തം മാനസികമായി ഭയങ്കര വിഷമമുണ്ടാക്കിയിട്ടുള്ളതാണെന്നും അതിനെക്കുറിച്ച് സംസാരിക്കുന്നതുപോലും കൂടുതൽ ദുഃഖമുണ്ടാക്കുകയാണെന്നും ചലച്ചിത്ര താരം ടൊവീനോ തോമസ്. റിയാദിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തിൽ അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. ഒരുപാടാളുകൾ ദുരിതബാധിതരാണ്. ഒരുപാട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ജീവൻ തിരിച്ചുകിട്ടിയവർക്കാണെങ്കിൽ ജീവിത മാർഗം നഷ്ടപ്പെട്ടിട്ടുണ്ടാവും. വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ടാവും. ഉറ്റവർ നഷ്ടപ്പെട്ടിട്ടുണ്ടാവും. കുറച്ചുകാലമല്ല ഒരുപാട് കാലം നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയായിരിക്കും ദുരന്തത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കുക എന്നത്. എളുപ്പത്തിൽ മറക്കാൻ പറ്റുന്ന ഒരു ദുരന്തമല്ല സംഭവിച്ചത്. ഒരു ഗ്രാമത്തിന്റെ ചരിത്രം തന്നെ മാഞ്ഞുപോയില്ലേ? അതൊക്കെ ആലോചിക്കുമ്പോൾ ഭയങ്കര വിഷമമുണ്ടാവും. ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയാണ് ഫീൽ ചെയ്യുന്നത്. അതിനെക്കുറിച്ചാലോചിക്കുമ്പോൾ സങ്കടമാണ്, പേടിയാണ്.
വയനാട് ദുരന്തമുണ്ടായപ്പോൾ എന്താണ് ഞാൻ ചെയ്യേണ്ടതെന്ന് ആലോചിച്ചു. അവിടേക്ക് പോകാൻ പറ്റില്ലല്ലോ. അങ്ങോട്ട് പോവുക എന്നത് ആ സമയത്ത് ചെയ്യാൻ പാടില്ലാത്തതാണ്. എന്നാൽ നമുക്ക് ഇവിടെ വീട്ടിലിരുന്നിട്ട് ഇരിപ്പുറക്കുന്നുമില്ല. അവിടെയുള്ള പരിചയക്കാരനായ പത്രപ്രവർത്തകൻ പ്രബോധേട്ടനോട് ഞാൻ വിളിച്ചു പറഞ്ഞു, ഞാനെന്താണ് ചെയ്യേണ്ടതെന്ന് പറയണമെന്ന്. അദ്ദേഹം പറഞ്ഞിട്ടാണ് ദുരിതാശ്വാസ ക്യാമ്പിൽ പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം സ്റ്റീൽ പാത്രങ്ങൾ എത്തിച്ചത്.
മുല്ലപ്പെരിയാറിൽ പ്രതിവിധി വേണം
മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള ആശങ്കകൾ അസ്ഥാനത്തല്ലെങ്കിൽ അതിന് പ്രതിവിധി വേണം. സോഷ്യൽ മീഡിയയിൽ കണ്ടുള്ള അറിവേ എനിക്കുള്ളൂ. മുല്ലപ്പെരിയാർ ഡാമിനുശേഷം നിർമിച്ച തുംഗഭദ്ര ഡാമിന്റെ ചെറിയൊരു ഭാഗം അടർന്നുപോയതിനെക്കുറിച്ച് അറിയുമ്പോൾ തീർച്ചയായിട്ടും നല്ല ഭയമുണ്ട്.
ഞാൻ താമസിക്കുന്നത് ഇരിങ്ങാലക്കുടയാണ്. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ തൃശൂർ ഉൾപ്പെടെ എല്ലാം പോകും. ഞാൻ ചോദിക്കുന്നത് ഒന്ന് രണ്ട് ജില്ലകൾ പോയിട്ട് ബാക്കി ജില്ലകളുണ്ടായിട്ട് എന്ത് കാര്യമെന്നാണ്? നമുക്ക് സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ പറ്റുമോ? എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് ചെയ്യേണ്ടതെന്ത് പ്രതിവിധിയാണോ അത് എത്രയും പെട്ടെന്ന് ചെയ്യേണ്ടതുണ്ട്. പക്ഷേ, അതിന്റെ ശാസ്ത്രീയവശങ്ങൾ എന്താണെന്ന് എനിക്കറിയില്ല.
പരിസ്ഥിതി സംബന്ധിച്ച് സാധാരണ ആൾക്കാർക്കുള്ള അതേ അറിവേ എനിക്കുമുള്ളൂ. അതിനപ്പുറത്തേക്ക് ആധികാരികമായിട്ട് ഇതിനെപ്പറ്റി സംസാരിക്കാനുള്ള ഒരു പഠനമൊന്നും എന്റെ ഭാഗത്തുണ്ടായിട്ടില്ല. ഭയമുണ്ട്, കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളിൽ നല്ല ഭയമുണ്ട്. ആ പറയുന്നതുപോലൊക്കെ സംഭവിച്ചാൽ അത് ഭീകരമായ ദുരന്തമായിരിക്കും എന്ന കാര്യം ഉറപ്പാണ്. അതിനപ്പുറത്തേക്ക് ഇങ്ങനെ സംഭവിക്കുമെന്നോ എന്താണ് പ്രതിവിധിയെന്നോ ശരിക്കും പറയാനുള്ള ശാസ്ത്രീയ വിവരങ്ങളൊന്നും എനിക്കില്ല.
മഴക്കാലം ട്രോമാറ്റിക്കായി
കേരളം പ്രകൃതിപരമായ ഭീഷണിയുടെ മുനമ്പിലാണ്. ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടെങ്കിൽ ചെയ്യേണ്ടതാണ്. ഇതങ്ങനെ തുടർന്നുകൊണ്ടുപോയാൽ എന്താണുണ്ടാവുകയെന്ന് അറിയില്ല. കുറച്ചുകാലം മുമ്പുണ്ടായിരുന്ന അത്രയും സമാധാനം ഇപ്പോഴില്ല. ‘റൊമാന്റിക്കാ’യിരുന്ന മഴക്കാലം ‘ട്രോമാറ്റിക്കാ’യി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ശാസ്ത്രീയവശങ്ങൾ എനിക്കറിയില്ല. അങ്ങനെ എന്തെങ്കിലും നമ്മുടെ ഭാഗത്തുനിന്ന് ചെയ്യേണ്ടതുണ്ടെങ്കിൽ അത് കൃത്യമായിട്ടും നമ്മളും സർക്കാറുമെല്ലാം ഒരുമിച്ച് ചെയ്യേണ്ടതുണ്ട്.
അതായത് എന്തെങ്കിലും ചെയ്യാതിരിക്കണമെങ്കിൽ അത് ചെയ്യാതിരിക്കുകയും നമ്മുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ചെയ്യണമെങ്കിൽ അത് ചെയ്യുകയും ചെയ്യേണ്ടത് ഇപ്പോഴാണല്ലോ. പിന്നീട് അത് ചെയ്തിട്ട് കാര്യമുണ്ടായെന്ന് വരില്ല. ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ച് ഞാൻ കുറച്ച് മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹം നേരത്തേ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതൊക്കെ എന്ന് പറയുന്നു. ഇത്രയും അനുഭവങ്ങളുണ്ടായ വെളിച്ചത്തിൽ അതിനെന്തെങ്കിലും പ്രതിവിധിയുണ്ടെങ്കിൽ അത് ചെയ്യണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.