വയനാട്ടിലെ ഉരുൾപൊട്ടൽ; ഉള്ളുലഞ്ഞ് പ്രവാസികൾ...
text_fieldsദമ്മാം: ‘ഉറക്കത്തിലായിരുന്നവരും രക്ഷപ്പെടാൻ വാഹനമില്ലാത്തവരുമാണ് ഒലിച്ചുപോയത്. കണ്ണടച്ച് തുറക്കും മുമ്പേ കുത്തിയൊലിച്ചെത്തിയ മണലും ചെളിയും വീടുകളടക്കം തകർത്തുകൊണ്ടുപോയി. പലരും എവിടെയാണെന്നുപോലും അറിയില്ല. ഇതെല്ലാം കേട്ടും മൊബൈലിൽ എത്തുന്ന ദൃശ്യങ്ങൾ കണ്ടും ഈ കടലിനിക്കരെ ഇങ്ങനെ വിറങ്ങലിച്ചു നിൽക്കാനേ ഞങ്ങൾക്ക് കഴിയുന്നുള്ളൂ. കാഴ്ചകളൊന്നും കാണാൻ കഴിയുന്നില്ല. നിരവധി ബന്ധുക്കളെയാണ് കാണാതായത്. മരിച്ചവരുടെ യഥാർഥ കണക്കുകൾ ഇനിയും വ്യക്തമായിട്ടില്ല. മണ്ണ് മൂടിക്കിടക്കുന്നിടത്ത് അന്വേഷണം തുടങ്ങുന്നതോടെ മരണസംഖ്യ ഇനിയും കൂടും...’ മേപ്പാടിക്കാരൻ ഗഫൂർ വിതുമ്പുന്ന സ്വരത്തിൽ പറഞ്ഞുകൊണ്ടിരുന്നു.
ദമ്മാമിന് സമീപം അബ്ഖൈഖിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ഗഫൂർ. ഇടവിട്ട് ഇടവിട്ട് മൊബൈലിൽ എത്തിക്കൊണ്ടിരുന്ന വാർത്തകളൊക്കെ പേടിപ്പിക്കുന്നതായിരുന്നു. ഇവിടെ നിന്നിങ്ങനെ ഉരുകി ഉള്ളൊഴുക്കുകയല്ലാതെ എന്ത് ചെയ്യാനാകും... ഗഫൂർ ചോദിക്കുന്നു.
‘പുലർച്ചെ രണ്ടു മണിക്ക്തന്നെ നാട്ടിൽനിന്നുള്ള അപകട സൂചനകൾ ലഭിച്ചിരുന്നു. ഗൾഫിലുള്ള ഞങ്ങൾ നാട്ടുകാർ പരസ്പരം വിളിച്ചുകൊണ്ടിരുന്നു. മണ്ണും ചെളിയും കലർന്ന മണം പരന്നു തുടങ്ങിയപ്പോഴേ പ്രായമായവരൊക്കെ പറയുന്നുണ്ടായിരുന്നു ദുരന്തം വരുന്നുവെന്ന്. എന്നാൽ ഒന്നിനും സാവകാശം കിട്ടാതെ ഉരുൾപൊട്ടി വെള്ളവും പാറയും കുത്തിയൊലിച്ചെത്തുകയായിരുനു. ഒരു പ്രദേശം തന്നെ ഇല്ലാതായിരിക്കുന്നു...’ അബ്ഖൈഖിൽ തന്നെ ജോലി ചെയ്യുന്ന അബ്ദുല്ല പറഞ്ഞു.
‘മുണ്ടക്കൈയിൽനിന്ന് ആറ് കിലോമീറ്റർ അകലെ പുഞ്ചിരിമട്ടത്താണ് ഉരുൾപൊട്ടിയത്. രാത്രിയിൽ ചൂരൽമലയുടെ എതിർവശത്തുള്ള അമ്പലംകുന്ന് പ്രകമ്പനം കൊണ്ടിരുന്നു. അപ്പോഴാണ് പലരും ഉറക്കത്തിൽനിന്ന് എഴുന്നേൽക്കുന്നത്. അതൊരു സൂചനയായിരുന്നു. അകലെ ഉരുൾപൊട്ടിയിരിക്കുന്നുവെന്ന്... പക്ഷെ ഒന്നിനും സാവകാശമില്ലാതെ എല്ലാം കവർന്ന് ഉരുൾപൊട്ടിയെത്തിയ ചെളിയും പാറയും എല്ലാം കവരുകയായിരുന്നു. അവിടെ 200 ലധികം കുടുംബങ്ങൾ താമസിച്ചിരുന്നു. ഒന്നും അവശേഷിപ്പിക്കാതെയാണ് ഉരുൾപൊട്ടിയൊഴുകിയത്.
വിഡിയോ കാൾ വഴി ആ പ്രദേശങ്ങൾ കണ്ടിട്ട് ചങ്ക് പൊടിഞ്ഞുപോകുന്നു. തേയില തോട്ടങ്ങളിലെ തൊഴിലാളികളും മറ്റ് കൃഷികളുമായി കഴിയുന്നവരാണ് അധികവും അവിടെ താമസിച്ചിരുന്നത്. അവിടെയൊക്കെ അടുത്ത കാലത്തായി കുറേ റിസോർട്ടുകൾ വന്നിരുന്നു. 2018ൽ അവിടെനിന്ന് മൂന്ന് കിലോമീറ്റർ മാത്രമകലെ പുത്തുമലയിൽ ഉരുൾപൊട്ടിയിരുന്നു. അന്ന് 19 പേരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. ഇപ്പോഴുള്ള കണക്ക് പ്രകാരം മരണസംഖ്യ 200ന് മുകളിലേക്ക് പോകുമെന്ന് ഞങ്ങൾ സംശയിക്കുകയാണ്. എന്റെ മകളെ വിവാഹം ചെയ്തയച്ചത് ചൂരൽമലയിലേക്കാണ്. അവരുടെ വീടിന്റെ മുൻഭാഗം തകർന്നെങ്കിലും ജീവൻ രക്ഷിക്കാനായി...’ ഗഫൂർ പറഞ്ഞു.
‘എന്റെ ബന്ധുക്കളിൽ പലരെയും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ബന്ധുക്കൾ മാത്രമല്ല അവിടുത്തെ ഓരോ ആളുകളും ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ്...’ ഉള്ളുലഞ്ഞ് ഗഫൂർ പറഞ്ഞവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.