ഉള്ളുപൊട്ടി നജീബും നജ്മയും; മണ്ണടിഞ്ഞത് രണ്ട് വീടും പ്രിയപ്പെട്ടവരും
text_fieldsറിയാദ്: വയനാട് കൽപറ്റ സ്വദേശികളായ നജീബും ഭാര്യ നജ്മയും ബത്ഹയിലെ താമസസ്ഥലത്ത് അസഹനീയ വേദനയോടെ മണിക്കൂറുകൾ തള്ളിനീക്കുകയാണ്. ഒന്ന് ഇരുട്ടി വെളുത്തപ്പോൾ നഷ്ടപ്പെട്ടുപോയിരിക്കുന്നത് രക്തബന്ധുക്കളും സഹപാഠികളുമായി ചിരകാല മിത്രങ്ങളുമായി എത്രയോ പേർ. അമ്മാവനും അമ്മായിയും അമ്മായിയുടെ മകനും ഭാര്യയും പേരമകനും ഉപ്പയുടെ മൂത്ത സഹോദരിയുടെ മകളും അവരുടെ മോനും ഉൾപ്പടെ ഏഴ് ഉറ്റവരാണ് ദുരന്തം ഉരുൾപൊട്ടിയെത്തിയപ്പോൾ അറ്റുപോയത്. അവർ മാത്രമല്ല കൂടെ മറ്റു ചില ബന്ധുക്കളും ഒലിച്ചുപോയി.
തലേന്ന് വരെ സ്‌കൂൾ ഗ്രൂപ്പിൽ വന്ന് തമാശ പറഞ്ഞുപോയ സഹപാഠികളും ഇന്ന് മണ്ണിന് മുകളിലില്ല എന്ന് ഞെട്ടലോടെ തിരിച്ചറിയുകയാണ്. അയൽവാസികളായിരുന്ന കളിക്കൂട്ടുകാരിൽ പലരെ കുറിച്ചും ഒരറിവുമില്ല. മഴ കനത്ത വാർത്ത കേട്ടയുടനെ നാട്ടിലുള്ളവരെയെല്ലാം വിളിച്ചിരുന്നു. സുരക്ഷിതരാണോ എന്ന് അന്വേഷിച്ചിരുന്നു. ആർക്കും പ്രയാസമില്ല എന്നാണ് പറഞ്ഞത്. അമ്മാവനും അമ്മായിയും സ്വന്തം വീട്ടിൽനിന്ന് സുരക്ഷിതത്വം തേടി തിങ്കളാഴ്ച സമീപത്തെ റിസോർട്ടിലേക്ക് മാറിയിരുന്നു. എന്നാൽ അപകടസാധ്യത കുറഞ്ഞു എന്ന തോന്നലിൽ രാത്രി കിടക്കാൻ വീണ്ടും മുണ്ടക്കൈയിലെ വീട്ടിലേക്ക് തിരിച്ചുവന്നതാണ്.
പക്ഷേ പാതിരാത്രി പൊട്ടിയൊലിച്ച ഭൂമി എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകളഞ്ഞു. മലപിളർത്തി പൊട്ടിയൊലിച്ചുവന്ന വെള്ളവും പാറക്കഷണങ്ങളും മരത്തടികളും മണ്ണും അമ്മാവനെയും അമ്മായിയെയും എവിടേക്കോ കൊണ്ടുപോയി. ഇതുവരെ ഒരിടത്തും കണ്ടെത്തിയിട്ടില്ല. കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ആശുപത്രികളിലും ആംബുലൻസിലും എത്തി തിരഞ്ഞുകൊണ്ടിരിക്കുകയാണ് നജീബിെൻറ ഉപ്പയും സഹോദരങ്ങളും.
മണ്ണിനടിയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോഴെല്ലാം അങ്ങോട്ട് ഓടിയെത്തുന്നുണ്ട്. പ്രിയപ്പെട്ടവർ ആക്കൂട്ടത്തിലുണ്ടോ എന്നറിയാൻ... ഇതുവരെ ചേതനയറ്റ രൂപത്തിൽ പോലും കണ്ടെത്തിയിട്ടില്ല. വിവരിക്കാൻ കഴിയാത്ത വിധം വാക്കുകൾ ഇടറിയാണ് നജീബ് ‘ഗൾഫ് മാധ്യമ’ത്തോട് ഇക്കാര്യം പങ്കുവെക്കുന്നത്. നജീബ് ജനിച്ചുവളർന്ന ഗ്രമമാണ് മുണ്ടക്കൈ. അവിടെയാണ് ഉപ്പയുടെ തറവാട്ടുവീട്. നജീബ് പിന്നീട് കൽപറ്റയിലേക്ക് താമസം മാറ്റിയെങ്കിലും സഹൃദങ്ങളും ബന്ധുക്കളുമെല്ലാം ആ ഗ്രാമത്തിലാണ്. അങ്ങോട്ടുള്ള ഒരു തിരിച്ചുപോക്ക് ഇനി ഓർക്കാൻ കൂടി വയ്യ. ആ മണ്ണിൽ അപകടത്തിൽപെട്ട ഒരാളെങ്കിലും ജീവനോടെയുണ്ടെന്ന നല്ല വാർത്ത കേൾക്കാൻ വേണ്ടിയാണ് ഓരോ നിമിഷവും ഉറ്റുനോക്കുന്നത്.
ജീവൻ പോയവരുടെ മൃതദേഹമെങ്കിലും ലഭിക്കുമോ എന്നറിയാൻ ഇമ ചിമ്മാതെ ടെലിവിഷൻ ചാനലുകൾക്ക് മുന്നിലാണ് നജീബും കുടുംബവും. റിയാദിലെ സഫ മക്ക പോളിക്ലിനിക് ഹാര ബ്രാഞ്ചിലെ ജീവനക്കാരാണ് ഇരുവരും. ആശ്വാസവാക്കുകൾ പറഞ്ഞ് സഹപ്രവർത്തകരുടെ വിളിയും സന്ദേശവും സന്ദർശനവുമൊക്കെ ഉണ്ട് എന്നത് ആശ്വാസം പകരുന്നുണ്ടെങ്കിലും അവിശ്വസനീയവും അപ്രതീക്ഷിതവുമായ ആഘാതത്തിൽനിന്ന് കരകയറാൻ കഴിയുന്നില്ലെന്ന് ഉള്ളുപൊള്ളി നജീബ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.