വയനാട് പ്രകൃതിക്ഷോഭം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം -അൽ അഹ്സ ഒ.ഐ.സി.സി
text_fieldsഅൽ അഹ്സ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ അതിദാരുണമായ പ്രകൃതിക്ഷോഭം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഒ.ഐ.സി.സി അൽ അഹ്സ ഏരിയാകമ്മിറ്റി യോഗം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. പുനരധിവാസ പാക്കേജുകൾക്ക് ഉടനടി പദ്ധതികൾ ആവിഷ്കരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും ആക്ടിങ് പ്രസിഡന്റ് അർശദ് ദേശമംഗലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു.
പതിനായിരത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും പിഞ്ചുകുട്ടികളും സ്ത്രീകളുമടക്കം ഇതുവരെ മുന്നോറോളം പേരുടെ ജീവഹാനി സ്ഥിരീകരിച്ചതും ഒരുപാടുപേരെ കണ്ടെത്താനുള്ളതും ഹൃദയം നുറുങ്ങുന്ന വേദന തന്നെയാണ്. ലോക മനഃസാക്ഷിയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ നടുക്കവും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ജീവഹാനി സംഭവിച്ചവർക്കുവേണ്ടി പ്രാർഥന നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധസേവന പ്രവർത്തനങ്ങളിൽ വൈസ് പ്രസിഡന്റും മുണ്ടക്കൈയുടെ തൊട്ടടുത്ത പ്രദേശത്തുകാരനുമായ റഫീഖ് വയനാടിനെറ നേതൃത്വത്തിൽ നടക്കുന്ന അൽ അഹ്സ ഒ.ഐ.സി.സി വെൽഫയർ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.
ഒന്നാം ഘട്ട സഹായമായി ഒരു കുടുംബത്തിന് വീട് നിർമിച്ചുനൽകും. ശാഫി കൂദിർ, റഷീദ് വരവൂർ, ഷമീർ പനങ്ങാടൻ, ഷിബു സുകുമാരൻ, ലിജു വർഗീസ്, അഷ്റഫ് കരുവാത്ത്, നൗഷാദ് താനൂർ, സിജൊ രാമപുരം, അക്ബർ ഖാൻ, റിജോ ഉലഹന്നാൻ, ഷാജി മാവേലിക്കര എന്നിവർ സംസാരിച്ചു. ഉമർ കോട്ടയിൽ സ്വാഗതവും നിസാം വടക്കേകോണം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.