ഉരുൾ ദുരന്തം: സുബൈറിന്റെ മകളുടെ വിവാഹത്തിന് 10 പവൻ സ്വർണം നൽകുമെന്ന് റിയാദ് പ്രവാസി
text_fieldsറിയാദ്: വയനാട് ഉരുൾപൊട്ടലിൽ വീട് അടക്കം മുഴുവനും നഷ്ടപ്പെട്ട മുണ്ടക്കൈ സ്വദേശി സുബൈറിന്റെ മകളുടെ കല്യാണത്തിന് പത്ത് പവൻ താൻ നൽകുമെന്ന് റിയാദിൽ പ്രവാസിയായ മലപ്പുറം കാളികാവ് സ്വദേശി കാരക്കാടൻ മൊയ്തീൻ കുട്ടി.
എല്ലാം നഷ്ടപ്പെട്ടവയുടെ കൂട്ടത്തിൽ സുബൈറിന്റെ മകൾ ഫിദ ഫാത്തിമയുടെ വിവാഹത്തിനായി ആകെ ഒരു സ്വരുക്കൂട്ടി വെച്ചിരുന്ന രണ്ടേ മുക്കാൽ പവൻ സ്വർണവും നഷ്ടപ്പെട്ടിരുന്നു. ഭാര്യയും ഉമ്മയും മക്കളുമടങ്ങുന്ന കുടുംബത്തെ കാഴ്ച പരിമിതിയുള്ള സുഹൃത്തുമൊന്നിച്ച് തെരുവിൽ പാട്ടുപാടി ഉപജീവനം കണ്ടെത്തിയായിരുന്നു സുബൈർ പോറ്റിയിരുന്നത്.
ഉരുൾപൊട്ടലിൽ സുബൈറിന്റെ ചെറിയ വീടും സ്ഥലവും മറ്റുള്ളതെല്ലാം ഒലിച്ചുപോയിരുന്നു. ഇതിനോടൊപ്പം നവംബർ മാസം നടത്താൻ നിശ്ചയിച്ചിരുന്ന മകൾ ഫിദ ഫാത്തിമയുടെ വിവാഹത്തിനായി സ്വരൂക്കൂട്ടിവെച്ചിരുന്ന രണ്ടേ മുക്കാൽ പവൻ സ്വർണവും ഒലിച്ചുപോയി.
ഇതുസംബന്ധിച്ച് മീഡിയവൺ ചാനലിൽ വന്ന വാർത്ത ശ്രദ്ധയിൽ പെട്ടപ്പോഴാണ് റിയാദിൽ സ്പെയർ പാർട്സ് മേഖലയിൽ ബിസിനസ് നടത്തുന്ന മൊയ്തീൻ കുട്ടി സുബൈറിന്റെ മകളുടെ കല്യാണത്തിനായി പത്ത് പവൻ താനും കുടുംബവും നൽകാമെന്ന് ചാനൽ മുഖേനതന്നെ ആ കുടുംബത്തെ അറിയിക്കുന്നത്.
വയനാട്ടിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന മകൾ ഷഹന സുബൈറിന്റെ മകളെ നേരിൽ വിളിച്ചു തങ്ങളുടെ വാഗ്ദാനം അറിയിക്കുകയും ചെയ്തു. പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല, എല്ലാം നഷ്ടപ്പെട്ട ഒരു കുടുംബത്തിന് തങ്ങളാലാവും വിധം സഹായിക്കുക എന്നത് മാത്രമാണ് ഇങ്ങിനെ ഒരു തീരുമാനത്തിന് പിന്നിലെന്ന് മൊയ്തീൻ കുട്ടി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.