വിസ്മയിപ്പിക്കും രീതിയിൽ ഞങ്ങൾ വേൾഡ് എക്സ്പോ നടത്തും -സൗദി വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: അവസരം തന്നാൽ വിസ്മയിപ്പിക്കും രീതിയിൽ ഞങ്ങൾ ‘വേൾഡ് എക്സ്പോ’ നടത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ‘റിയാദ് എക്സ്പോ 2030’ ആതിഥേയത്വത്തിനായി ഇൻറർനാഷനൽ ബ്യൂറോ ഓഫ് എക്സിബിഷന് സമർപ്പിച്ച അപേക്ഷ അഭൂതപൂർവമായ ഒരു എക്സ്പോ നടത്താനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതാണെന്ന് പാരിസിൽ റിയാദ് റോയൽ കമീഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി. റിയാദ് എക്സ്പോ 2030 അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട കാമ്പയിനിന്റെ സമാപനമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ആതിഥേയത്വം വഹിക്കുന്ന നഗരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള അന്തിമ വോട്ടിങ് പ്രക്രിയക്കുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ഈ ചടങ്ങ് നടക്കുന്നതെന്നും മന്ത്രി പ്രസംഗത്തിൽ പറഞ്ഞു. വോട്ടിങ് നവംബർ അവസാനമാണ് നടക്കുന്നത്. എക്സ്പോ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പരിപാടിക്കാവും റിയാദ് ആതിഥേയത്വം വഹിക്കുകയെന്നും മന്ത്രി പറഞ്ഞു. സമാപന ചടങ്ങിൽ എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാനുള്ള റിയാദിന്റെ ഒരുക്കം അവലോകനം ചെയ്തു.
നിരവധി ഉന്നത ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ഉന്നതതല സൗദി പ്രതിനിധി സംഘത്തിന്റെയും പങ്കാളിത്തത്തിലും എക്സ്പോയുടെ ഉത്തരവാദിത്തമുള്ള ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസ് (ബി.ഐ.ഇ) അംഗരാജ്യങ്ങളുടെ പ്രതിനിധികളുടെയും ഫ്രഞ്ച് ഉദ്യോഗസ്ഥരുടെയും നിരവധി പ്രമുഖ അന്താരാഷ്ട്ര സംഘടനകളുടെയും സാന്നിധ്യത്തിലാണ് സമാപന ചടങ്ങ് നടന്നത്.
നവംബർ 28 ന് നടക്കുന്ന ബി.ഐ.ഇയുടെ 173ാമത് ജനറൽ അസംബ്ലിയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് ആതിഥേയ രാജ്യത്തെ തെരഞ്ഞെടുക്കുക. എക്സിബിഷന് ആതിഥേയത്വം വഹിക്കാൻ റിയാദിനു പുറമെ കൊറിയയിലെ ബുസാൻ, ഇറ്റലിയിലെ റോം എന്നീ നഗരങ്ങളും മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.