കാലാവസ്ഥ വ്യതിയാനം; പ്രത്യാഘാതങ്ങൾ നേരിടുന്നതിൽ സൗദി മുന്നിൽ -ഊർജ മന്ത്രി
text_fieldsറിയാദ്: കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കുന്നതിലും പരിഹരിക്കുന്നതിലും മുന്നിൽ നിൽക്കുന്ന രാജ്യമാണ് സൗദി അറേബ്യയെന്ന് ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു.
ഗോവയിൽ നടന്ന 14ാമത് ശുദ്ധ ഊർജ മന്ത്രിതല സമ്മേളനത്തിന്റെയും ദൗത്യ നവീകരണ യോഗത്തിന്റെയും ഭാഗമായി നടന്ന ഡയലോഗ് സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചില രാജ്യങ്ങൾ നേരിടുന്ന ഊർജ ദാരിദ്ര്യം തുടച്ചുനീക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രശ്നം ധാർമികമാണ്. ലളിതമാർഗേണ ലഭ്യമാകുന്ന ഊർജമില്ലാത്ത 100 കോടിയിലധികം ജനങ്ങൾ ലോകത്തുണ്ട്. ഇത് എല്ലാ അർഥത്തിലും ആളുകളെ ബാധിക്കുന്നു. ആധുനിക ഊർജ സേവനങ്ങളുടെ അഭാവമാണ് ഊർജ ദാരിദ്ര്യത്തിന് കാരണം -അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ഊർജ ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിന് അന്താരാഷ്ട്ര സമൂഹത്തോട് ആദ്യമായി ആഹ്വാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഊർജലഭ്യതയില്ലാത്ത ചില രാജ്യങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിച്ച് 2007ലാണ് സൗദി ഇത് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള ഊർജം, സാമ്പത്തികം, സുസ്ഥിരത എന്നീ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ലക്ഷ്യമിടുന്ന ക്ലീൻ എനർജി ഫോറവുമായും (സി.ഇ.എം) ഇന്നൊവേഷൻ മിഷൻ ഇനിഷ്യേറ്റിവുമായും (എം.എം.ഐ) സൗദി സഹകരണ കരാറിൽ ഒപ്പുവെക്കുന്നതായി മന്ത്രി യോഗത്തിൽ പ്രഖ്യാപിച്ചു. എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള കാർബൺ പുറന്തള്ളൽ കുറക്കുന്നതിനെക്കുറിച്ചുള്ള ഡയലോഗ് സെഷനു പുറമെ ഹരിത, കാർബൺ രഹിത ഹൈഡ്രജനെ കുറിച്ചുള്ള യോഗത്തിലും അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രി രാജ് കുമാർ സിങ്ങായിരുന്നു സഹ അധ്യക്ഷ സ്ഥാനത്ത്. നെറ്റ് സീറോ ന്യൂട്രൽ പ്രൊഡ്യൂസേഴ്സ് ഫോറം പോലുള്ള കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട നിരവധി അന്താരാഷ്ട്ര സംഘടനകളിലും ഫോറങ്ങളിലും സൗദി അറേബ്യ സജീവ അംഗമാണെന്ന കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.
ഈ പങ്കാളിത്തങ്ങൾ, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കുന്നതിലും രാജ്യത്ത് ഉപയോഗിക്കുന്ന ഊർജ മിശ്രിതം വൈവിധ്യവത്കരിക്കുന്നതിലും സൗദിക്ക് സഹായകമാണ്.
പുനരുപയോഗിക്കാവുന്ന ഹരിത ഊർജ സ്രോതസ്സുകൾക്കായുള്ള ശുദ്ധമായ സാങ്കേതികവിദ്യകളുടെ ഉപയോഗം രാജ്യം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം കുറക്കുന്നത് ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് സൗദി അതിന്റേതായ സംഭാവന നൽകിവരുന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.