ആഘോഷ പൂർവം ഇന്ത്യൻ ഹാജിമാർക്ക് സ്വീകരണം
text_fieldsമദീന: ഇന്ത്യയിൽ നിന്നുള്ള ഇൗ വർഷത്തെ ആദ്യ ഹജ്ജ് വിമാനം മദീനയിലിറങ്ങി. ന്യൂഡൽഹിയിൽ നിന്നായിരുന്നു ആദ്യ വിമാനം. ശനിയാഴ്ച ഉച്ചക്ക് 1.50 നാണ് മദീന അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം എത്തിയത്. ഇന്ത്യൻ അംബാസഡർ അഹമദ് ജാവേദ്, ജിദ്ദയിലെ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഡെപ്യൂട്ടി കോൺസുൽ ജനറലും ഹജ്ജ് കോൺസലുമായ മുഹമ്മദ് ശാഹിദ് ആലം, വിമാനത്താവള അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ യാത്രക്കാരെ സ്വീകരിച്ചു. ആദ്യവിമാനത്തിൽ 410 തീർഥാടകരാണ് ഉണ്ടായിരുന്നത്. രണ്ടര വയസുകാരനായ മുഹമ്മദ് അനസാണ് ഏറ്റവും പ്രായം കുറഞ്ഞ തീർഥാടകൻ.
ശനിയാഴ്ച മാത്രം 10 വിമാനങ്ങൾ ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ നിന്ന് മദീനയിലെത്തി. മൊത്തം 234 സർവീസുകളാണ് മദീനയിലേക്ക് വരുന്നത്. 67,302 യാത്രക്കാരാകും മദീനയിൽ ഇറങ്ങുക. ന്യൂഡൽഹി, ഗയ, ഗോവ, ഗുവഹാത്തി, കൊൽക്കത്ത, ലക്നോ, മംഗലാപുരം, ശ്രീനഗർ, വരാണസി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് മദീനയിലെത്തുന്നത്.
ജൂലൈ 29 നാണ് ജിദ്ദയിലേക്കുള്ള ആദ്യ വിമാനം. ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ 420 തീർഥാടകരുണ്ടാകും. ആഗസ്റ്റ് ഒന്നിന് കൊച്ചിയിൽ നിന്നാണ് കേരളത്തിൽ നിന്നുള്ള ആദ്യവിമാനം. ജിദ്ദയിൽ എത്തുക മൊത്തം 209 സർവീസുകളാണ്. 61,400 ഹാജിമാർ ഇൗ വിമാനങ്ങളിലെത്തും. അഹമദാബാദ്, ഒൗറംഗാബാദ്, ബാംഗ്ലൂർ, ഭോപാൽ, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, ജയ്പൂർ, മുംബൈ, നാഗ്പൂർ, റാഞ്ചി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാകും ജിദ്ദയിൽ ഇറങ്ങുന്നത്. ആഗസ്റ്റ് 16 ന് ജയ്പൂരിൽ നിന്നാണ് അവസാന വിമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.