നിക്ഷേപകരുടെ പ്രതിനിധി സംഘത്തിന് യാംബുവിൽ വരവേൽപ്
text_fieldsയാംബു: ആഭ്യന്തര ടൂറിസം രംഗത്ത് സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി യാംബുവിൽ പ്രമുഖ വ്യവസായികൾക്കും നിക്ഷേപകർക്കും വരവേൽപ് നൽകി. ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ അഹ്മദ് സാലിം അൽ ശഖ്ദലി, ജിദ്ദ ചേംബർ പ്രസിഡന്റ് മുഹമ്മദ് യൂസുഫ് നാഖി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് സ്വീകരണം നൽകിയത്. യാംബു വ്യവസായ നഗരിയിലും ടൂറിസം മേഖലയിലും സാമ്പത്തിക നിക്ഷേപം നടത്തിയാലുള്ള നേട്ടവും പുതിയ സാധ്യതകളും ചർച്ച ചെയ്തു. വ്യവസായിക നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സഹകരണ മേഖലകളെ കുറിച്ചും ബിസിനസ് മേഖലയുടെ വളർച്ചക്കും വികസനത്തിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള വഴികളും സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ബഹുമുഖ പദ്ധതികൾ വർധിപ്പിക്കുന്നതിന്റെ അനിവാര്യതയും പ്രതിനിധികൾക്ക് വേണ്ടി നടത്തിയ യോഗത്തിൽ സംസാരിച്ചവർ വിശദീകരിച്ചു.
യാംബുവിനെ രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ വേറിട്ട ഒരു പ്രധാന കേന്ദ്രമാക്കുന്നതിനുള്ള ആസൂത്രണ പദ്ധതികളാണ് അധികൃതർ ഇപ്പോൾ ഊർജിതമാക്കി നടപ്പാക്കുന്നത്. ഉൽപാദന മേഖലയിലും സാമ്പത്തിക, സേവനരംഗത്തും വമ്പിച്ച കുതിപ്പിലാണ് യാംബു ഗവർണറേറ്റ് എന്നാണ് ചേംബർ ഓഫ് കോമേഴ്സ് വിലയിരുത്തൽ. യാംബു മേഖലയിലെ പുതിയ ടൂറിസം സാധ്യതകളുടെ പ്രസന്റേഷൻ യോഗത്തിൽ പ്രദർശിപ്പിച്ചു. പ്രതിനിധിസംഘം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. റോയൽ കമീഷനിലെ കിങ് ഫഹദ് സാംസ്കാരിക കേന്ദ്രത്തിൽ സംഘത്തിന് നൽകിയ സ്വീകരണ പരിപാടിക്ക് റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് ബിൻ ദൈഫുല്ലാ അൽ ഖുർഷി നേതൃത്വം നൽകി. യാംബു പൈതൃക നഗരമായ ടൗണിലെ ഹെറിറ്റേജ് നഗരിയും സാംസ്കാരിക മുദ്രകളുടെ ശേഷിപ്പുകളും സംഘം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.