നഷ്ടമായത് പ്രവാസികളുടെ ഉറ്റമിത്രം -സൗദി കെ.എം.സി.സി
text_fieldsറിയാദ്: സാധാരണ ജനങ്ങളുടെ പ്രതിനിധിയെന്ന നിലയിൽ ഭരണാധികാരിയായിരുന്ന ഉമ്മൻ ചാണ്ടി പ്രവാസികളുടെ ഉറ്റമിത്രമായിരുന്നെന്ന് സൗദി കെ.എം.സി.സി. പ്രവാസികളെയും കുടുംബങ്ങളെയും ചേർത്തുപിടിക്കുന്നതിൽ പൊതുപ്രവർത്തകൻ എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ജാഗ്രതപുലർത്തി.
പ്രവാസികൾക്കിടയിൽ സുരക്ഷിത ബോധമുണ്ടാക്കുന്നതിൽ ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരി ഏറെ വിജയിച്ചിരുന്നു. പ്രവാസി പ്രശനങ്ങളിൽ തക്ക സമയത്തുള്ള ഇടപെടലിലൂടെ പ്രവാസികളുടെ ജീവൻ വരെ അപകടത്തിലാകുന്ന കേസുകളിൽ വരെ ഇടപെട്ട് രക്ഷിച്ചത് പ്രവാസലോകത്തിെൻറ മനം കവർന്നിരുന്നു. പ്രവാസികൾക്കിടയിൽ ഒരു വിളിക്കപ്പുറത്തായിരുന്നു അദ്ദേഹത്തിെൻറ സാന്നിധ്യം.
പ്രവാസികളുടെ പൊതുവിഷയങ്ങളിൽ ഏറെ ജാഗ്രതയോടെയാണ് അദ്ദേഹം ഇടപെട്ടത്. നോർക്കയെ കൂടുതൽ ജനകീയവൽക്കരിക്കുകയും പ്രവാസി വകുപ്പ് സ്ഥാപിക്കുക വഴി പ്രവാസികൾക്കായി നിരവധി പദ്ധതികൾ കൊണ്ടുവരാനും അദ്ദേഹത്തിനായി. സൗദി ഉൾപ്പടെ വിദേശ രാജ്യങ്ങളിലെ സ്വദേശിവൽക്കരണം മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനും ശാസ്ത്രീയമായ നടപടികൾ കൈക്കൊള്ളാൻ അദ്ദേഹം പരമാവധി ശ്രമിച്ചു.
വിദേശങ്ങളിലെത്തുമ്പോൾ കെ.എം.സി.സി പ്രസ്ഥാനത്തെയും അതിെൻറ പ്രവർത്തകരെയും വളരെ ആദരവോടെ കണ്ടിരുന്ന അദ്ദേഹം പ്രവാസി വിഷയങ്ങൾ പരിഹരിക്കുന്നതിലും മറ്റും കെ.എം.സി.സിയുടെ ഇടപെടലുകളെ അഭിമാനകാരവും കേരളത്തിന് തന്നെ മാതൃകയായതായും പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു. സൗദി കെ.എം.സി.സിയുടെ സുരക്ഷാപദ്ധതിയുടെ ആദ്യ വിഹിത വിതരണം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു മലപ്പുറത്ത് വെച്ച് നിർവഹിച്ചത്.
കോഴിക്കോട് വിമാനത്താവളത്തിെൻറ വികസന കാര്യങ്ങളിലും കെ.എം.സി.സി ഇടപെടലുകളിൽ ഒരു ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം നൽകിയ പിന്തുണ അവിസ്മരണീയമായിരുന്നെന്ന് സൗദി കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ് കുട്ടി, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, എ.പി. ഇബ്രാഹിം മുഹമ്മദ്, അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, അഹ്മദ് പാളയാട്ട് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.