എം.ടി ഇപ്പോൾ പറഞ്ഞില്ലെങ്കിൽ എപ്പോൾ?
text_fieldsമലയാളികളോട് കഥകളിലൂടെയും സിനിമകളിലൂടെയും എന്നും ഏറ്റവും നന്നായി സംവദിക്കുന്ന എം.ടി വാസുദേവൻ നായരുടെ ചർച്ചാവിഷയമായ പ്രസംഗം ഉചിതമായ സാഹചര്യത്തിൽ തന്നെയായിരുന്നു. കേരളത്തിൽ അതു ചർച്ചയായത് സ്വാഭാവികവുമാണ്. മലയാളസാഹിത്യ ആസ്വാദകരുടെ ഏറ്റവും പ്രിയങ്കരനായ എം.ടി പറഞ്ഞത് സഹൃദയർക്കു മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല.
രാഷ്ട്രീയനിലപാടുകളുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിൽക്കുന്നവർക്ക് ആ പ്രസംഗം വിമർശനങ്ങളുടെ കൂരമ്പുകളായി തോന്നിയതും സ്വാഭാവികം. സത്യത്തിൽ ആ ഓർമപ്പെടുത്തലുകൾ ഉദ്ദേശ്യശുദ്ധിയോടെയുള്ള വിമർശനങ്ങളാണെന്ന് വിലയിരുത്തുന്നതാവും കേരളസമൂഹത്തിനു നല്ലത്.
നിഷ്പക്ഷമായി നോക്കിയാൽ അധികാരസ്ഥാനത്തുള്ള എല്ലാവർക്കും എം.ടിയുടെ വിമർശനങ്ങളെ സദുദ്ദേശ്യപരമായി ഉൾക്കൊള്ളാവുന്നതേയുള്ളൂ. അധികാരം എന്തിനുവേണ്ടിയാണ് എന്ന് നേതാക്കൾ സ്വയം ആലോചിക്കുവാൻ ഈ ചർച്ച ഒരു കാരണമാകണം. ജനങ്ങൾക്ക് ആശ്വാസം ലഭ്യമാക്കുവാൻ വേണ്ടിയുള്ള ആത്മാർഥത നേതാക്കൾക്കു കൈമോശം വരുന്ന കാലഘട്ടത്തിലൂടെ നമ്മുടെ സമൂഹം കടന്നുപോകുകയല്ലേ? അടിമുടി ജനകീയരാകുന്ന നേതാക്കൾ സമൂഹത്തിന്റെ ജീവശ്വാസമാകുന്ന കാലത്താണ് ജനാധിപത്യ അധികാരങ്ങൾ അർഥപൂർണമാകുന്നതെന്ന് തന്നെയാണ് എം.ടി ഓർമപ്പെടുത്തുന്നത്. ഈ പ്രസംഗം പ്രധാനമന്ത്രിയെയോ, മുഖ്യമന്ത്രിയെയോ മാത്രം ഉന്നം വെച്ചുകൊണ്ടുള്ളതാണെന്ന വ്യാഖ്യാനം കൊണ്ട് ആർക്ക് എന്താണ് പ്രയോജനം? അധികാരസ്ഥാനങ്ങൾ കൈയ്യാളുന്ന എല്ലാവർക്കും എം.ടിയുടെ വിമർശനങ്ങൾ ഉൾക്കൊള്ളാവുന്നതേയുള്ളൂ. അതിലൂടെ രാജ്യത്തിന് നന്മകൾ തന്നെയാകും ഉണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.