പ്രവാസികളെ പിഴിയുന്ന വിമാനക്കമ്പനികൾക്ക് ആര് മണികെട്ടും?
text_fieldsസൗദിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റിൽ വൻ വർധന എന്നുള്ള വാർത്ത കണ്ടപ്പോൾ ഇൻഡിഗോയുടെ വെബ്സൈറ്റ് ഒന്ന് നോക്കിയതാണ്. സൗദിയിൽ സ്കൂൾ അടക്കുന്ന ജൂൺ 22 മുതൽ 25 വരെ ദമ്മാമിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വൺവേ ടിക്കറ്റിന് കാണിക്കുന്ന ടിക്കറ്റ് വില 3,387 സൗദി റിയാൽ (ഏകദേശം 74,000 ഇന്ത്യൻ രൂപ).
അതായത് പ്രവാസിയും ഭാര്യയും രണ്ടു മക്കളുമുള്ള ഒരു കുടുംബത്തിന് അവധിക്ക് നാട്ടിലേക്ക് പോവണമെങ്കിൽ വൺവേ ടിക്കറ്റ് മാത്രം ഏകദേശം 13,600 റിയാലോളം വേണം. ഇപ്പോഴത്തെ കറൻസി റേറ്റ് വെച്ച് ഏകദേശം ഇന്ത്യൻ രൂപ 2,93,000. കൊച്ചിയിലേക്കും ടിക്കറ്റ് നിരക്കുകളിൽ വലിയ വ്യത്യാസമില്ല. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്ഥിതി വ്യത്യസ്തമല്ല.
ആഴ്ചകൾക്ക് മുമ്പ് സീസൺ അല്ലാത്ത സമയത്ത് 200 നും 250 റിയാലിനും പോയിരുന്ന അതേ റൂട്ടിൽ, അതേ സ്ഥലത്തേക്കാണ് ഈ തീവെട്ടിക്കൊള്ള. അതും വിമാനത്തിൽ പച്ചവെള്ളം പോലും നൽകാതെയുള്ള പകൽ കൊള്ള. വെള്ളമോ ഭക്ഷണമോ വിമാനത്തിനകത്ത് ലഭിക്കണമെങ്കിൽ വേറെ കാശ് കൊടുക്കണം. പണം ഉണ്ടാക്കുന്ന യന്ത്രം ആണ് പ്രവാസികൾ എന്നാണ് ഇവരുടെ ഒക്കെ വിചാരം.
കൊല്ലത്തിലോ രണ്ടു കൊല്ലം കൂടുമ്പോഴോ കുടുംബത്തെ ഒന്ന് കാണാൻ, നാട്ടിൽ പെരുന്നാളോ ഓണമോ ഒന്ന് കൂടാൻ പോവുന്ന പ്രവാസിയെ ഞെക്കിപ്പിഴിയുന്ന ഈ തീവെട്ടിക്കൊള്ള എന്ന് അവസാനിപ്പിക്കും ഇവർ? പ്രവാസിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യത്തിൽ യഥേഷ്ടം ഇവർ നമ്മളെ കൊള്ളയടിച്ചു കൊണ്ടേ യിരിക്കുന്നു. അതിന് പ്രവാസം തുടങ്ങിയ കാലം മുതൽ ഇന്നും ഒരു മാറ്റവും ഇല്ല. ഇതിന് ശ്വാശതമായ ഒരു പരിഹാരം ഉണ്ടായേ മതിയാകൂ. പക്ഷേ ആരുണ്ടാക്കും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.