രാധാകൃഷ്ണെൻറ ഓർമകളിൽ ഒളിമങ്ങാതെ ആർ. ബാലകൃഷ്ണ പിള്ള
text_fieldsദമ്മാം: കേരള കോൺഗ്രസ് സ്ഥാപക നേതാവ് ആർ. ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തിെൻറ പശ്ചാത്തലത്തിൽ അദ്ദേഹവുമായുള്ള സൗഹൃദവും അനുഭവങ്ങളും ഓർത്തെടുക്കുകയാണ് ദമ്മാമിലെ പ്രവാസിയായ രാധാകൃഷ്ണൻ. മലപ്പുറം വേങ്ങര സ്വദേശിയായ രാധാകൃഷ്ണൻ 1994ൽ പാർട്ടിയുമായി ബന്ധപ്പെട്ടത് മുതൽ തുടങ്ങിയ പിള്ളയുമായുള്ള ബന്ധം മരണം വരെ തുടർന്നു. യൂത്ത് ഫ്രണ്ട് മലപ്പുറം ജില്ല സെക്രട്ടറിയായിരുന്ന സമയത്താണ് തൊഴിൽ തേടി രാധാകൃഷ്ണൻ സൗദിയിലെത്തുന്നത്. എന്നിട്ടും പാർട്ടി നേതാക്കൻമാരുമായും പിള്ളയുമായും അടുത്ത ബന്ധം തുടർന്നു.
2012ൽ ദമ്മാമിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ സുഹൃത്തുക്കളുടെ സഹായത്തോടെ ബാലകൃഷ്ണപിള്ളയെ ദമ്മാമിലെത്തിക്കാൻ കഴിഞ്ഞത് ഇന്നും അഭിമാനകരമായ അനുഭവമാണ്. മുൻ മന്ത്രിയായിരുന്ന പിള്ളയെ കിഴക്കൻ പ്രവിശ്യ ഇരുകൈയും നീട്ടി സ്വീകരിച്ചതും വരവുമായി ബന്ധപ്പെട്ട് സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ തനിക്ക് സാമ്പത്തികമായി ചെലവൊന്നും വഹിക്കേണ്ടിവന്നില്ലെന്നതും പിള്ള സാറിെൻറ സ്വീകാര്യതക്ക് തെളിവായി രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഏത് സമയത്തും ഫോണിൽ ബന്ധപ്പെട്ടാൽ ഏറെ അടുപ്പത്തോടെ സംസാരിക്കുമായിരുന്നു. ഏത് കാര്യം ആവശ്യപ്പെട്ടാലും വളരെ പെട്ടെന്ന് തന്നെ സാധ്യമാവുന്ന രീതിയിൽ സഹായിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിേൻറത്.
രാധാകൃഷ്ണൻ സ്വന്തം വീടിെൻറ പാലുകാച്ചൽ ചടങ്ങിന് ക്ഷണിച്ചപ്പോൾ, അരുവിക്കര ഉപതെരഞ്ഞെടുപ്പ് സമയം ആയതിനാൽ വരാനാവില്ലെന്ന് അറിയിച്ചു. പിന്നീട്, അവധി കഴിഞ്ഞ് രാധാകൃഷ്ണൻ തിരിച്ച് ദമ്മാമിലെത്തിയെങ്കിലും ആഴ്ചകൾക്ക് ശേഷം അദ്ദേഹം വീട്ടിലെത്തി സ്നേഹം പങ്കുവെച്ച നിമിഷങ്ങൾ രാധാകൃഷ്ണന് മായാത്ത ഓർമകളാണ്. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ബാലകൃഷ്ണ പിള്ള വിടവാങ്ങുമ്പോൾ ഓർമകളെ ചേർത്തുപിടിക്കുകയാണ് രാധാകൃഷ്ണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.