കേരളം ഭരിക്കുന്നത് ഹിന്ദുത്വ ഇടതു മുന്നണിയോ? – ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsജിദ്ദ: കേരളം ഭരിക്കുന്ന രണ്ടാം പിണറായി സർക്കാർ നടപ്പാക്കുന്ന നയങ്ങളും പരിപാടികളും ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനാണെന്നത് കേവലം സംശയമല്ലെന്ന് വെളിവാക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിെൻറ പ്ലസ് ടു തുല്യത പരീക്ഷയിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അവഹേളിക്കുന്ന വിധം ചോദ്യമുൾപ്പെടുത്തിയതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സംരക്ഷകരായി ഗീർവാണം മുഴക്കി അവരുടെ വോട്ടുവാങ്ങി അധികാരം നേടുകയും അവർക്ക് ഭരണഘടനപരമായി ലഭിക്കേണ്ട വിദ്യാഭ്യാസ, തൊഴിൽ അവകാശങ്ങൾ ഹനിക്കുകയും ചെയ്യുന്ന നടപടികൾ ഇടതുസർക്കാർ തുടരുന്ന സവർണ പ്രീണനത്തിെൻറ ഭാഗമാണ്. ന്യൂനപക്ഷങ്ങൾ രാജ്യത്തിെൻറ അഖണ്ഡതക്ക് ഭീഷണിയാണെന്ന് വരുത്തിത്തീർക്കുന്ന ഇടതുനയം സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്നും യോഗം ആരോപിച്ചു.
കേരളത്തിലേക്ക് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണമൊഴുക്കിയ ഫാഷിസ്റ്റ് ശക്തികളുടെ പേരിലുള്ള കേസുകളും കള്ളനോട്ടുകേസുകളും അട്ടിമറിച്ച് സംഘ്പരിവാർ നേതാക്കൾക്ക് ക്ലീൻചിറ്റ് നൽകിയ പിണറായി സർക്കാർ വിദ്യാഭ്യാസവകുപ്പിലും ന്യൂനപക്ഷ വിരുദ്ധത നടപ്പാക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ വൈകാരിക പ്രസ്താവനകളിലൂടെ മുതലെടുപ്പ് നടത്തുന്ന സി.പി.എം തന്ത്രം ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്ന് യോഗം ആഹ്വാനം ചെയ്തു. രാജ്യത്ത് ഹിന്ദുത്വ ഭരണകൂടം നടപ്പാക്കാനൊരുങ്ങിയ പൗരത്വ നിഷേധത്തിനെതിരെ സംസ്ഥാനത്ത് സമാധാനപരമായി സംഘടിപ്പിച്ച സമരക്കാരെ പ്രതികളാക്കി ചാർജ് ചെയ്ത നൂറുക്കണക്കിനു കേസുകൾ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് പ്രസംഗിച്ചു നടന്ന പിണറായി അടക്കമുള്ളവർ ഭരണത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും വാക്കുപാലിക്കാതെയിരിക്കുന്നത് കടുത്ത വഞ്ചനയാണ്. സംസ്ഥാനത്ത് സംഘ്പരിവാർ ഭീകരർ പ്രതികളാകുന്ന രാജ്യദ്രോഹക്കുറ്റങ്ങളുൾെപ്പടെയുള്ള കേസുകളിൽ സർക്കാറും പൊലീസും കൈക്കൊള്ളുന്ന മൃദു സമീപനങ്ങളും വിവേചനവും സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, റാസി കൊല്ലം, സമീർ പൂനൂർ, ശരീഫ് മക്ക, ഷാഹുൽ ഹമീദ്, ജംഷീദ് ചുങ്കത്തറ, റഫീഖ് പഴമള്ളൂർ, അഹ്മദ് ആനക്കയം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.