വന്യമൃഗങ്ങളെ വേട്ടയാടി, സസ്യജാലങ്ങൾക്ക് തീയിട്ടു, മൂന്നുപേർ അറസ്റ്റിൽ
text_fieldsഅൽഖോബാർ: രാജ്യത്തെ പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ച് വന്യമൃഗങ്ങളെ വേട്ടയാടിയതിനും സസ്യജാലങ്ങൾക്ക് തീയിട്ടതിനും മൂന്ന് പേർ അറസ്റ്റിലായി. കിങ് സൽമാൻ റോയൽ നാച്ചറൽ റിസർവിനുള്ളിൽ ലൈസൻസില്ലാതെ വേട്ടയാടിയതിന് ഫീൽഡ് പട്രോളിങ് ടീം അഹമ്മദ് സുലൈമാൻ മഖ്ബൂൽ അൽ ഷരാരി, സാഹിർ ദൈഫ് അല്ലാഹ് മുസ്ലിം അൽ ഷരാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തോക്കും വെടിമരുന്നും വേട്ടയാടപ്പെട്ട മുയലിന്റെ മൃതദേഹവും പിടികൂടി. മറ്റൊരു കേസിൽ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഹാഇലിൽ സസ്യജാലങ്ങൾക്ക് തീയിട്ടതായി കണ്ടെത്തിയതിനാണ് മറ്റൊരാൾ അറസ്റ്റിലായത്. ഇയാൾക്ക് 3000 റിയാൽ പിഴ ചുമത്തി. തോക്കുകൾ ഉപയോഗിച്ച് ലൈസൻസില്ലാതെ വേട്ടയാടിയതിന് ആദ്യ പ്രതികൾക്ക് 80,000 റിയാൽ പിഴ ചുമത്തി. കൂടാതെ, നിരോധിത കാലയളവിൽ വേട്ടയാടിയതിന് 5,000 റിയാൽ പിഴയും കാട്ടുമുയലുകളെ പിടികൂടിയതിന് 20,000 റിയാൽ പിഴയും ചുമത്തി.
1,30,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കിങ് സൽമാൻ റോയൽ നാച്ചറൽ റിസർവ് സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമാണ്. ജോർഡാനുമായുള്ള അതിർത്തിയോട് ചേർന്ന് രാജ്യത്തിെൻറ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇത് ഭൂമിശാസ്ത്രപരവും പൈതൃകപരവുമായ വൈവിധ്യത്തിനും ബി.സി 8000 പഴക്കമുള്ള അപൂർവ സ്മാരകങ്ങൾക്കും പേരുകേട്ടതാണ്. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് പരിസ്ഥിതി സംരക്ഷിക്കാൻ സഹായിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.