ത്വാഇഫിൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ രണ്ട് കാട്ടുപൂച്ചക്കുഞ്ഞുങ്ങൾ പിറന്നു
text_fieldsത്വാഇഫ്: ത്വാഇഫിലെ അമീർ സഊദ് അൽഫൈസൽ വൈൽഡ് ലൈഫ് റിസർച് സെൻററിൽ രണ്ട് കാട്ടുപൂച്ച കുഞ്ഞുങ്ങൾ പിറന്നു. കേന്ദ്രത്തിൽ ആദ്യമായാണ് കാട്ടുപൂച്ച കുഞ്ഞുങ്ങൾ ജനിക്കുന്നത്. 2022ലാണ് ഇവിടെ കാട്ടുപൂച്ച വളർത്തൽ പദ്ധതി ആരംഭിച്ചത്. ‘വിഷൻ 2030’ന് കീഴിലുള്ള ദേശീയ പരിസ്ഥിതി തന്ത്രത്തിനും സൗദി ഗ്രീൻ ഇനിഷ്യേറ്റിവിനും അനുസൃതമായി വന്യജീവികളെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യത്തെ സമ്പന്നമാക്കുന്നതിനുമുള്ള കേന്ദ്രത്തിന്റെ വിപുല ശ്രമങ്ങളുടെ ഭാഗമാണിത്.
വന്യജീവി സംരക്ഷണത്തിന് ത്വാഇഫിലെ അമീർ സഊദ് അൽഫൈസൽ കേന്ദ്രം ഇതിനകം നിരവധി ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട്. പൂച്ച വർഗത്തിൽപെട്ട ഇത്തരത്തിലുള്ള സസ്തനികളുടെ ബ്രീഡിങ്, കെയർ പ്രോഗ്രാമുകൾ അതിൽപെട്ടതാണ്. കാട്ടുപൂച്ചക്കുഞ്ഞുങ്ങൾ പിറന്നതോടെ അത് വിജയകരമായിരിക്കുകയാണ്. അമീർ സഊദ് അൽഫൈസൽ വൈൽഡ് ലൈഫ് റിസർച് സെൻററിന്റെ ശ്രമങ്ങളുടെ വിജയം ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സന്തുലിതാവസ്ഥ വർധിപ്പിക്കാനുമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെ സ്ഥിരീകരിക്കുന്നുവെന്ന് നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറ് സി.ഇ.ഒ ഡോ. മുഹമ്മദ് അലി കുർബാൻ പറഞ്ഞു.
വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനും പ്രജനന പരിപാടികൾ വിപുലീകരിക്കുന്നതിനുമുള്ള കേന്ദ്രത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. രാജ്യത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും സംയോജിത നിയമനിർമാണ ഘടനക്ക് അനുസൃതമായി പരിസ്ഥിതി സംരക്ഷണത്തിനുള്ള മികച്ച സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പാരിസ്ഥിതിക പരിപാടികൾ നടപ്പാക്കുന്നതിലെ തുടർച്ചയായ വിജയത്തിന്റെ തെളിവാണിത്.
വംശനാശഭീഷണി നേരിടുന്നതും ജീവികളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ പുനരുൽപാദിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ കേന്ദ്രം പിന്തുണക്കുന്നു. പ്രാദേശികവും അന്തർദേശീയവുമായ വിദഗ്ധരുമായി സഹകരിച്ച് വിവര സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ശാസ്ത്രീയ പരിപാടികളും പ്രവർത്തനങ്ങളും വികസിപ്പിക്കുന്നതിനാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു. നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ് ത്വാഇഫിലെ അമീർ സഊദ് അൽഫൈസൽ സെൻറർ ഫോർ വൈൽഡ് ലൈഫ് റിസർച്.
1986 ൽ സ്ഥാപിതമായതുമുതൽ വംശനാശഭീഷണി നേരിടുന്ന ജീവി വർഗങ്ങളെ സംരക്ഷിക്കാനും അവയെ സ്വാഭാവിക പരിതസ്ഥിതിയിൽ പുനരധിവസിപ്പിക്കാനും വനത്തിൽ വിട്ടയച്ചതിനുശേഷം തുടർച്ചയായി നിരീക്ഷിക്കാനുമാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. അറേബ്യൻ മാൻ, ചുവന്ന കഴുത്തുള്ള ഒട്ടകപ്പക്ഷി, അറേബ്യൻ പുള്ളിപ്പുലി, കാട്ടാട്, കാട്ടുപൂച്ച തുടങ്ങിയവയുടെ പ്രജനന പരിപാടികളും കേന്ദ്രത്തിന്റെ പ്രവർത്തനപരിധിയിൽപെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.