ജനങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടർന്നാൽ ഹൂതികൾക്ക് ശക്തമായ തിരിച്ചടി -സൗദി സഖ്യസേന
text_fieldsജിദ്ദ: സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം തുടർന്നാൽ ഹൂതികൾക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സൗദി യമൻ അലയൻസ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് യമനിലെ ഹൂതികൾക്കും അവർക്ക് പിന്നിലുള്ള ഇറാനുമെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകിയത്.
രാജ്യത്തെ സിവിലിയൻ സ്ഥാപനങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിടൽ ചുവപ്പ് രേഖയാണ്. അത് ഞങ്ങൾ അംഗീകരിക്കില്ല. സഹിക്കുകയുമില്ല. പ്രതികരണം വളരെ കഠിനവും വേഗത്തിലുള്ളതുമായിരിക്കും.
സൗദി അറേബ്യയിലേക്ക് ആസൂത്രിതമായ ആക്രമണം തുടരുന്നതിനാൽ ഹൂതികൾക്കെതിരെ സൈനിക നടപടികൾ ആരംഭിക്കുമെന്നും വക്താവ് പറഞ്ഞു.
അടുത്തിടെ എട്ട് ഡ്രോണുകളും നാല് മിസൈലുകളും സൗദിക്ക് നേരെ അയച്ചിട്ടുണ്ട്. ഇതിലൊന്ന് റിയാദിന് നേരെയായിരുന്നു. ഇറാൻ നിർമിത ബാലിസ്റ്റിക് മിസൈലാണിത്. ഇതുവരെയുണ്ടായ എല്ലാ ആക്രമണങ്ങളെയും സംഖ്യസേന തടഞ്ഞു.
മേഖലയിൽ സമാധാനവും സുരക്ഷയും തകർക്കാൻ ഹൂതികൾക്ക് ഇറാൻ മിസൈലുകൾ നൽകുകയാണ്. സായുധ സംഘങ്ങൾക്ക് ആയുധങ്ങൾ എത്തിക്കാൻ അന്താരാഷ്ട്ര കള്ളക്കടത്ത് ഗ്രൂപ്പുകളെ ഇറാൻ റെവല്യൂഷണറി ഗാർഡുകൾ ഉപയോഗിക്കുന്നുവെന്നും സഖ്യസേന വക്താവ് ആരോപിച്ചു.
45 ദിവസത്തോളം യമൻ സൈന്യം സംയമനം പാലിച്ചു. ആ സമയത്ത് ഹൂതികൾ വാക്ക് പാലിച്ചില്ല. 45 ദിവസത്തിനുള്ളിൽ 4,276 നിയമലംഘനങ്ങൾ ഹൂതികളുടേതായി രേഖപ്പെടുത്തിയിട്ടുണ്ട്. 118ഒാളം ബാലിസ്റ്റിക് മിസൈലുകൾ അയച്ചത് സൗദി പ്രതിരോധസേന തടുക്കുകയും ചെയ്തു. ഹൂതികൾ അയച്ച ഡ്രോണുകൾ നശിപ്പിക്കുന്നതിെൻറ ചിത്രങ്ങൾ, പിടികൂടിയ ഇറാൻ നിർമിത ആയുധങ്ങൾ എന്നിവ സഖ്യസേന വക്താവ് വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
സൻആ മേഖലയിലെ ഹൂതി മിസൈൽ വാർക്ക് ഷോപ്പുകൾ ടാർജറ്റ് ചെയ്യുന്നതിെൻറ ചിത്രങ്ങളും മാധ്യമപ്രവർത്തകരെ കാണിച്ചു. ഹൂതികൾ മനഃപൂർവം ജനവാസ മേഖലകളിൽ കുഴിബോംബ്, മിസൈൽ നിർമാണശാലകൾ സ്ഥാപിച്ചിരിക്കുകയാണ്. തീവ്രവാദ ഗ്രൂപ്പുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിന് സഖ്യരാജ്യങ്ങൾ സഹകരിക്കുന്നുണ്ടെന്നും കേണൽ തുർക്കി അൽമാലികി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.