വിജയകരമായ ഉംറ സീസണായി പ്രവർത്തിക്കും - ഉംറ സുരക്ഷസേന കമാർഡർ
text_fieldsജിദ്ദ: വിജയകരമായ ഉംറ സീസണിനായി പങ്കാളികളുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉംറ സുരക്ഷസേന കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽബസാമി പറഞ്ഞു. മക്കയിൽ നടന്ന ഉംറ സുരക്ഷ സേനയുടെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷങ്ങളിലെ എല്ലാ പദ്ധതികളും നടപ്പിലാക്കുന്നതിനിടയിൽ വിലയിരുത്തിയിട്ടുണ്ട്. മത്വാഫും താഴത്തെ നിലയും ഉംറ തീർഥാടകർക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്. കിംങ് ഫഹദ് കവാടം, കിംങ് അബ്ദുൽ അസീസ് കവാടം, ഉംറ, അൽസലാം കവാടങ്ങൾ, മർവയുടെ പ്രവേശന കവാടം എന്നിവ ഉംറ തീർഥാടകർക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്.
റമദാനിൽ ഉംറ നിർവഹിക്കുന്നതിന് അനുമതിപത്രം ആവശ്യമാണ്. നമസ്കരിക്കാനെത്തുന്നവർക്ക് ഹറമിലേക്കും മുറ്റങ്ങളിലേക്കും അനുമതിപത്രമില്ലാതെ പ്രവേശിക്കാനാകും. സുരക്ഷാ, വ്യവസ്ഥ നിലനിർത്തുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുക, പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുക, ട്രാഫിക് നിയന്ത്രിക്കുക, മാനുഷിക സേവനങ്ങൾ നൽകുക, സുരക്ഷാ ഏജൻസികളെയും മറ്റ് സഹായ സേവനങ്ങളെയും പിന്തുണക്കുക തുടങ്ങിയ കാര്യങ്ങളിലൂന്നികൊണ്ടുള്ളതാണ് ഉംറ സുരക്ഷ സേനയുടെ റമദാൻ പ്രവർത്തന പദ്ധതികളെന്നും ഉംറ സുരക്ഷസേന കമാൻഡർ പറഞ്ഞു.
തീർഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രതിരോധ, ആരോഗ്യ നടപടികൾക്കുള്ള നിർദ്ദേശങ്ങൾക്കനുസൃതമായും ഹറം ഏരിയയിൽ എല്ലാവരും മാസ്ക് ധരിക്കണം. ജർവലിൽ നിന്ന് ഹറം വടക്ക് മുറ്റം വിപുലീകരണ ഭാഗത്തേക്ക് നമസ്കരിക്കാനെത്തുന്നവരെ എത്തിക്കുന്നതിന് നടപ്പാതകൾ സജ്ജമാണെന്നും ഉംറ സുരക്ഷസേന മേധാവി പറഞ്ഞു.
മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ സന്ദർശകരെയും തീർഥാടകരെയും സ്വീകരിക്കുന്നതിന് അഞ്ച് ചെക്ക് പോയിൻറുകൾ സ്ഥാപിച്ചതായി ഉംറ സുരക്ഷാസേനയുടെ ട്രാഫിക് കാര്യ അസിസ്റ്റൻറ് കമാൻഡർ മേജർ ജനറൽ സൽമാൻ അൽ ജുമൈഇ പറഞ്ഞു. അനധികൃത വാഹനങ്ങൾ തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരു ഹറമുകളിലും ആളുകൾ മാസ്ക് ധരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉംറ സുരക്ഷസേനയുടെ പട്രോളിങ് അസിസ്റ്റൻറ് കമാൻഡർ മേജർ ജനറൽ അലി അൽഖഹ്താനി പറഞ്ഞു. തീർഥാടകരുടെ പ്രവേശനം എളുപ്പമാക്കുന്നതിന് സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കും. ഇരുഹറമുകളിലെ എല്ലാ ഭാഗങ്ങളിലും ഭിക്ഷാടകരെ പിടികൂടാൻ നിരീക്ഷമുണ്ടാകും. അവർക്കെതിരെ നിയമാനുസൃത നടപടികളുണ്ടാകുമെന്നും പട്രോളിങ് വിഭാഗം അസിസ്റ്റൻറ് കമാൻഡർ പറഞ്ഞു.
വ്യാജരേഖകൾ കണ്ടെത്താനും ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്താനും ഇലക്ട്രോണിക് സംവിധാനം സജ്ജമാണെന്നു പാസ്പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ സ്വാലിഹ് അൽമുർബഅ പറഞ്ഞു. ആശുപത്രിയിൽ പരിക്കേറ്റ് കഴിയുന്നവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കാൻ പ്രത്യേക ഫീൽഡ് ടീമുകളുണ്ടെന്നും പാസ്പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.