തന്തൂറ ഫെസ്റ്റിവൽ; അൽ ഉലയിൽ ശീതകാല ഉത്സവത്തിന് തുടക്കം
text_fieldsജിദ്ദ: കല, സംസ്കാരം, പൈതൃകം എന്നിവയുടെ തനതായ സമ്മിശ്രണം ആഘോഷിക്കുന്ന ഈ വർഷത്തെ ശീതകാല ഉത്സവമായ ‘വിന്റർ അറ്റ് തന്തൂറ ഫെസ്റ്റിവൽ’ വ്യാഴാഴ്ച അൽ ഉലയിൽ ആരംഭിച്ചു. അൽ ഉലയെ പ്രധാന ആഗോള വിനോദ സഞ്ചാരകേന്ദ്രമായി ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിവൽ ജനുവരി 11വരെ നീളും. തത്സമയ സംഗീത പ്രകടനങ്ങൾ, കലാപ്രദർശനങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാംസ്കാരിക, പൈതൃക പ്രവർത്തനങ്ങൾ ആദ്യ ദിവസം നിരവധി സന്ദർശകരെ ആകർഷിച്ചു.
പുരാവസ്തു പ്രദേശങ്ങളിലേക്കുള്ള ഗൈഡഡ് ടൂറുകൾ, പരമ്പരാഗത നാടോടി കലാപ്രദർശനങ്ങൾ, വിവിധ ശിൽപശാലകൾ, സംവേദനാത്മക അനുഭവങ്ങൾ, പുരാതന നാഗരികതകളുടെ കഥകൾ പറയുന്ന ഇനങ്ങൾ, ലോക പ്രശസ്ത സംഗീതജ്ഞരുടെ ലൈവ് മ്യൂസിക് കൺസെർട്ട്, പ്രാദേശിക പാചകരീതികൾ പരിചയപ്പെടുത്തുന്ന പാചക പരിപാടികൾ എന്നിവയുൾപ്പെടെ എല്ലാ പ്രായക്കാർക്കുമുള്ള വിവിധ പരിപാടികളാണ് ഫെസ്റ്റിവൽ അവതരിപ്പിക്കുന്നത്.
പരമ്പരാഗത വിവാഹ ആചാരങ്ങൾ പുതുതലമുറക്ക് പകർന്നുനൽകുന്ന അവതരണവും ഫെസ്റ്റിവലിലുണ്ട്. സംവേദനാത്മക ഓഡിയോ വിഷ്വൽ ഷോകൾ സന്ദർശകരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. സന്ദർശകർക്ക് സൗദി സംസ്കാരത്തെക്കുറിച്ച് ആധികാരികമായ ഉൾക്കാഴ്ച നൽകുന്ന നിരവധി പരിപാടികളാണ് ഫെസ്റ്റിവലിൽ നടക്കുന്നത്. സൗദി വിഷൻ 2030ന്റെ ഭാഗമായി വിനോദ സഞ്ചാരത്തെയും പൈതൃകത്തെയും പ്രചരിപ്പിക്കുന്ന മുൻനിര പദ്ധതികളിലൊന്നാണ് ‘വിന്റർ അറ്റ് തന്തൂറ ഫെസ്റ്റിവൽ’.
ലോകമെമ്പാടുമുള്ള വ്യത്യസ്ത ചിന്താഗതിക്കാരെ ഒരുമിച്ച് കൊണ്ടുവരുന്ന സാംസ്കാരിക വിനിമയത്തിനുള്ള ഒരു വേദിയായി ഇത് പ്രവർത്തിക്കുന്നു. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് റിസർവേഷനുകൾക്കും https://www.experiencealula.com/ar എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.