ശൈത്യം വീണ്ടും കടുത്തു: സൗദിയിൽ വ്യാപകമായി മഴയും മൂടൽമഞ്ഞും
text_fieldsറിയാദ്: ചെറിയ ഇടവേളക്കുശേഷം സൗദിയിൽ വ്യാപകമായി മഴ പെയ്യുന്നു. കഴിഞ്ഞ ഒരാഴ്ചയായി തണുപ്പുകാലം അവസാനിക്കുന്ന പ്രതീതിയുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ചയോടെ രാജ്യവ്യാപകമായി ആകാശം മൂടിക്കെട്ടുകയും ശക്തമായ മഴ തുടങ്ങുകയുമായിരുന്നു.തണുപ്പിന് വീണ്ടും കാഠിന്യമേറിയിട്ടുണ്ട്. തബൂക്ക് ഉൾപ്പെടുന്ന വടക്കൻ മേഖലകളിൽ ശക്തമായ മഞ്ഞുവീഴ്ചയുമുണ്ട്. തലസ്ഥാന നഗരം ഉൾപ്പെട്ട മധ്യപ്രവിശ്യയിൽ വെള്ളിയാഴ്ച മുതലാണ് മഴ ആരംഭിച്ചത്.
ശനിയാഴ്ചയും മഴ പെയ്തു. റിയാദ് നഗരത്തിലും മധ്യപ്രവിശ്യയിലെ ദവാദ്മി, അഫീഫ് തുടങ്ങിയ പ്രദേശങ്ങളിലും മഴപെയ്തു. നല്ല ശീതക്കാറ്റും മഴക്ക് അകമ്പടിയായി വീശുന്നുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശീതക്കാറ്റ് ശക്തമായി തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നജ്റാൻ, ജീസാൻ, അസീർ, അൽബാഹ, സൗദി കിഴക്കൻ പ്രവിശ്യ, മക്ക, മദീന എന്നീ മേഖലകളിലെല്ലാം വരുംദിവസങ്ങളിലും ശീതക്കാറ്റ് വീശലുണ്ടാവും. ദക്ഷിണ സൗദിയിലെ അൽബാഹയിൽ ശനിയാഴ്ച ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മഴയോടൊപ്പമാണ് മേഖലയാകെ മൂടൽമഞ്ഞിൽ അമർന്നത്. അടുത്തുള്ള കാഴ്ചകൾപോലും മങ്ങുംവിധം ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഇത് വാഹനഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വാഹനവുമായി നിരത്തിലിറങ്ങുന്നവർ കനത്ത ജാഗ്രതപുലർത്തണമെന്ന് അൽബാഹ ട്രാഫിക് ഡയറക്ടർ കേണൽ മിസ്ഫർ അൽതുബൈദി മുന്നറിയിപ്പ് നൽകി.
സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, അൽഖോബാർ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ശനിയാഴ്ച ചെറിയതോതിൽ മഴയുണ്ടായി. നിലവിൽ ദമ്മാമിലെ ജലനിർഗമന സംവിധാനത്തിന് ഒരു മണിക്കൂറിൽ 4,20,000 ക്യുബിക് മീറ്റർ മഴവെള്ളം ഒഴുക്കിക്കളയാനുള്ള ശേഷിയുണ്ട്.സൗദി അറേബ്യയുടെ ഏറ്റവും തെക്കൻ അതിർത്തി മേഖലയായ നജ്റാനിൽ ചുഴലിക്കാറ്റുണ്ടാവാനുള്ള സാധ്യത മുന്നിൽകണ്ട് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.
ശനിയാഴ്ച പകൽ കാറ്റും ശക്തമായ മൂടൽമഞ്ഞുമുണ്ടായി. നജ്റാൻ, ബദർ അൽജനൂബ്, ഹബോണ, താർ, യാദമ, ഖബാഷ് എന്നിവിടങ്ങളിലാണ് മൂടൽമഞ്ഞുണ്ടായത്. പടിഞ്ഞാറൻ മേഖലയിലെ യാംബുവിലും ശനിയാഴ്ച കാറ്റ് വീശുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ചെങ്കടലിൽ വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ തിരയിളക്കമുണ്ടായിരുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ ചെങ്കടലിൽനിന്ന് കാറ്റടിച്ചപ്പോൾ വെള്ളിയാഴ്ച ജിദ്ദ കോർണീഷിൽ വലിയ ഉയരത്തിൽ തിരമാലകൾ അടിച്ചുകയറി.
തിരമാലകളുയർന്നത് ശക്തമായ കാറ്റ് മൂലം
ജിദ്ദ: ജിദ്ദ മേഖലയിലുണ്ടായ ശക്തമായ കാറ്റാണ് കോർണിഷിൽ തിരമാലകൾ ഉയരാൻ കാരണമായതെന്ന് കാലാവസ്ഥ അധികൃതർ. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ശക്തമായ കാറ്റിെൻറ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ കവിഞ്ഞിരുന്നു.
മക്ക, മദീന, തബൂക്ക് മേഖലകളിലെ തീരപ്രദേശങ്ങളിലും തിരമാലകൾ ഉയരാൻ ഇതു കാരണമായി. വേഗമേറിയ ശക്തമായ കാറ്റിനൊപ്പം കടലിൽ തിരമാല കൂടാനും ഉയരാനുമുള്ള സാഹചര്യം ആവർത്തിക്കും. അതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. കടൽകരയിലും തീരങ്ങളിലും ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ കാലാവസ്ഥാ കേന്ദ്രം ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് വേണ്ട നടപടികൾ പൂർത്തികരിക്കാറുണ്ടെന്ന് വക്താവ് ഹുസൈൻ ബിൻ മുഹമ്മദ് ഖഹ്താനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.