സൗദിയിൽ ശൈത്യകാലോത്സവം നവംബർ 15 മുതൽ
text_fieldsയാംബു: ചൂടുകാലം തണുപ്പിലേക്ക് വഴിമാറവേ സൗദി ടൂറിസം വകുപ്പ് വിൻറർ സീസൺ ഫെസ്റ്റിവലിന് ഒരുങ്ങി. നവംബർ 15ന് ശൈത്യകാലോത്സവത്തിന് തുടക്കം കുറിക്കും. കലാസാംസ്കാരിക പൈതൃക പരിപാടികളും വാണിജ്യ, ടൂറിസം പരിപാടികളും അരങ്ങേറും. രാജ്യത്തെ 18 ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരുങ്ങുന്നു. കഴിഞ്ഞ വിൻറർ സീസൺ ഫെസ്റ്റിവൽ 10 കേന്ദ്രങ്ങളിലായിരുന്നു. ഈ വർഷം പുതിയ എട്ട് കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തി.
മക്ക, മദീന, ജിദ്ദ, റിയാദ്, ത്വാഇഫ്, അൽഖോബാർ, അൽഅഹ്സ, ദമ്മാം, അബഹ, ജീസാൻ, അൽബാഹ, അൽഉല, ദറഇയ, ഹാഇൽ, യാംബു, ഉംലജ് തുടങ്ങിയവയാണ് ആഘോഷ കേന്ദ്രങ്ങൾ. ൈശത്യകാലത്ത് എത്തുന്ന സഞ്ചാരികളെ ആകർഷിക്കാനുള്ള വൈവിധ്യ പദ്ധതികളാണ് ആസൂത്രണം ചെയ്തത്.ഫീൽഡ് ട്രിപ്പുകൾ, സെമി ബോൺഫയർ, ബാർബിക്യൂ, ചരിത്ര, പൈതൃക, പുരാവസ്തു കേന്ദ്രങ്ങളുടെ സന്ദർശനം, ബീച്ചുകളിലെ ഉല്ലാസം തുടങ്ങിയവയാണ് ഇതിൽ പ്രധാനം.
സാംസ്കാരിക പാരമ്പര്യ കലാപ്രകടനങ്ങൾ, പ്രാദേശിക പൈതൃകോത്സവങ്ങൾ, കരകൗശല കൈത്തറി ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും, പാചകമേളകൾ, കുട്ടികൾക്കും മുതിർന്നവർക്കും വിനോദ പരിപാടികൾ എന്നിവയും ഒരുക്കും. ടൂർ ഓപറേറ്റർമാർ ഓൺലൈൻ വഴി വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യമൊരുക്കും. ടൂറിസം പരിപാടികൾ ഒാൺലൈനായി നിയന്ത്രിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളെ ആകർഷിക്കാനും ആഭ്യന്തര ടൂറിസം വികസിപ്പിക്കാനുമുള്ള പദ്ധതികളാണ് ലക്ഷ്യമാക്കുന്നത്.
സൗദി ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് അതോറിറ്റിയുടെ കീഴിലുള്ള 'റൂഹ് സഊദിയ്യ'എന്ന പേരിലുള്ള സൗദി ടൂറിസം ആപ്ലിക്കേഷൻ 2,50,000 പേർ ഡൗൺലോഡ് ചെയ്തതായും ആറു ലക്ഷം പേർ സൈറ്റ് സന്ദർശിച്ചതായും ടൂറിസം അതോറിറ്റി അറിയിച്ചു. 123 ദശലക്ഷം ആളുകൾ ഓൺലൈൻ വഴി ബന്ധപ്പെട്ടതായും ലോകമെമ്പാടുമുള്ള 'പ്രമോഷൻ ആക്സസ്'2.3 ശതകോടിയാണെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദിയിലെ ടൂറിസവുമായി ബന്ധപ്പെട്ട സൈറ്റുകളും ടൂറിസ്റ്റ് സൈറ്റുകളുടെ മാപ്പ് ഗൈഡ്, ഹോട്ടലുകളും മറ്റും ബുക്ക് ചെയ്യാനും മറ്റുമുള്ള സൗകര്യങ്ങൾ എന്നിവ ടൂറിസം മന്ത്രാലയത്തിെൻറ ടൂറിസം ആപ്ലിക്കേഷൻ വഴി ലഭ്യമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.