സൗദിയിൽ ശീതകാല ടൂറിസം ആഘോഷങ്ങൾക്ക് തുടക്കമായി
text_fieldsജിദ്ദ: നാലുമാസം നീളുന്ന ശീതകാല ടൂറിസം ആഘോഷങ്ങൾക്ക് സൗദി അറേബ്യയിൽ തുടക്കമായി. ടൂറിസം അതോറിറ്റിയാണ് 'വിൻറർ സീസൺ'പരിപാടികൾ സംഘടിപ്പിക്കുന്നത്. 'ശിശിരകാലം നിങ്ങൾക്കു ചുറ്റും'എന്ന ശീർഷകത്തിലാണ് ഇത്തവണത്തെ വിൻറർ സീസൺ പരിപാടികൾ. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ 17ലധികം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഡിസംബർ 10 മുതൽ മാർച്ച് അവസാനം വരെ ടൂറിസം ഉത്സവം നീളും.
സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും ആകർഷകമായ കാലാവസ്ഥയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പലതരം ടൂറിസം പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും ബാച്ലർമാർക്കും ഉൾപ്പെടെ സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും ആസ്വാദ്യകരമായ ശിശിരകാല വിനോദ സഞ്ചാര അനുഭവം പ്രദാനം ചെയ്യാൻ 200ലധികം സ്വകാര്യ സ്ഥാനപങ്ങൾ വിവിധ ഒാഫറുകളുമായി രംഗത്തുണ്ട്.
മികച്ചതും അതിശയകരവുമായ ടൂറിസം അനുഭവം ആളുകൾക്ക് ലഭ്യമാക്കുന്നതിനായി ഗവൺമെൻറ്, സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി സഹകരിച്ച് സൗദി ടൂറിസം നടപ്പാക്കിവരുന്ന പരിപാടികളുടെ വിപുലീകരണമായാണ് വിൻറർ സീസണെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു. രാജ്യത്തെ കാലാവസ്ഥ വൈവിധ്യവും ശൈത്യകാലത്തിന് അനുസൃതമായ വിവിധ ടൂറിസം, വിനോദ പരിപാടികളും പരിശീലനങ്ങളും സീസണിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.