ശീതകാല വിനോദസഞ്ചാരം: യാംബുവിലെ ചരിത്ര പ്രദേശങ്ങൾ സന്ദർശിക്കാൻ മലയാളി കുടുംബങ്ങളും
text_fieldsയാംബു: സൗദിയിലെ തദ്ദേശീയ സ്കൂളുകൾക്ക് അർധവാർഷിക അവധിയും രാജ്യത്തെ ഇന്ത്യൻ സ്കൂളുകളിൽ പലതിലും ശൈത്യകാല അവധിയും ആയതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ചരിത്ര പ്രദേശങ്ങളിലും സന്ദർശകരുടെ എണ്ണം കൂടി. യംബുവിലെ ചരിത്ര പ്രദേശങ്ങളും വിനോദകേന്ദ്രങ്ങളും കാണാനും വിശ്രമവേളകൾ ആനന്ദകരമാക്കാനും നിരവധി പേരാണ് ദിവസവും ഇവിടെയെത്തുന്നത്. റിയാദ്, ജിദ്ദ, മദീന, തബൂഖ്, ഉംലജ്, മക്ക, ഖസീം തുടങ്ങിയ പ്രദേശങ്ങളിൽനിന്നെല്ലാം മലയാളികളുൾപ്പെടെ ധാരാളം കുടുംബങ്ങൾ യാംബുവിലെത്തുന്നുണ്ട്. യാംബുവിലെ 11 കിലോമീറ്റർ നീളമുള്ള ബീച്ചിലെ വാട്ടർ ഫ്രൻറ് പാർക്ക്, 2982 ചതുരശ്ര മീറ്ററിലേറെ വിസ്തീർണമുള്ള യാംബു തടാകം, 21,276 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിശാലമായ പുൽമേടുകളുള്ള ഉദ്യാനം, 2,32,800 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മനുഷ്യ നിർമിത ഉല്ലാസ കേന്ദ്രമായ നൗറസ് ദ്വീപ്, സംരക്ഷിത ചരിത്ര ശേഷിപ്പുകളുള്ള ഹെറിറ്റേജ് സിറ്റി, ഷറം ബീച്ചിലെയും യാംബു ബീച്ചിലെയും ബോട്ടിങ്, കടലിൽ സുരക്ഷിതമായി നീന്താൻ പറ്റിയ ഇടങ്ങൾ എന്നിവയാണ് സന്ദർശകരെ ആകർഷികുന്ന കേന്ദ്രങ്ങൾ. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ഇവിടങ്ങളിലെല്ലാം പ്രവേശനാനുമതി. കാലം മായ്ക്കാത്ത പൗരാണിക ശേഷിപ്പുകളും സാംസ്കാരിക മുദ്രകളും തന്മയത്തത്തോടെ സംരക്ഷിക്കപ്പെടുന്ന യാംബു പൈതൃക നഗരിയിൽ സന്ദർശകർ മുമ്പുണ്ടായിരുന്നതിനെക്കാൾ കൂടിയിട്ടുണ്ട്. സന്ദർശകരെ വരവേൽക്കാൻ ടൂറിസം അതോറിറ്റി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കുടുംബത്തിന് ഒന്നിച്ചിരിക്കാൻ വിശാലമായ പുൽമേടുകളും ഇരിപ്പിടങ്ങളും ഭക്ഷണശാലകളും കൂടുതലായി ഇപ്പോൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ആയിരം വർഷത്തിനപ്പുറത്തെ അറബികളുടെ ജീവിതരീതികളും സാംസ്കാരിക സാമൂഹിക ചുറ്റുപാടുകളും എങ്ങനെയായിരുന്നു എന്ന് വിളംബരം ചെയ്യുന്നതാണ് ചരിത്രശേഷിപ്പുകൾ. പാതി തകർന്ന മൂന്നു നില കെട്ടിടങ്ങളും പഴയകാല ചന്തകളും കോടതിയുടെയും മറ്റു കാര്യാലയങ്ങളുടെയും കാഴ്ചകളും സന്ദർശകർക്ക് അറിവിെൻറയും വിസ്മയത്തിെൻറയും വാതായനങ്ങൾ തുറക്കുന്നതാണ്.
പഴമയുടെ പ്രൗഢി നിലനിർത്തി പുനഃക്രമീകരിച്ച സനൂസി മസ്ജിദ്, ലോറൻസ് ഓഫ് അറേബ്യ എന്ന പേരിൽ അറിയപ്പെടുന്ന വിശ്രുത ബ്രിട്ടീഷ് സൈനികൻ തോമസ് എഡ്വേർഡ് ലോറൻസിെൻറ കൊട്ടാരം എന്നിവയാണ് പൈതൃക നഗരിയിലെ മറ്റ് ആകർഷകങ്ങൾ. പൗരാണിക നഗരങ്ങളിലെത്തുന്ന മലയാളി സന്ദർശകരിലെ ചിലർ ചരിത്രം അറിയുന്ന പ്രദേശത്തെ മലയാളി സാമൂഹിക സന്നദ്ധ പ്രവർത്തകരുടെ സഹായം മുൻകൂട്ടി ബുക്ക് ചെയ്ത് ട്രിപ്പുകൾ ആകർഷകമാക്കാനും ശ്രദ്ധിക്കുന്നുണ്ട്. യാംബുവിൽ എപ്പോഴും മിതമായ കാലാവസ്ഥ ആയതിനാൽ ഏതു കാലത്തും വിനോദസഞ്ചാരത്തിനും ഉല്ലാസത്തിനും നിരവധിപേർ ദിവസവും ഇവിടെ എത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.