സൗദിയിൽ തണുപ്പ് വീണ്ടും കടുത്തു; വസ്ത്രക്കച്ചവടക്കാരുടെ മനസും കീശയും നിറയുന്നു
text_fieldsബത്ഹയിലെ തണുപ്പ് വസ്ത്ര വിപണി
റിയാദ്: കഴിഞ്ഞ കുറേ വർഷങ്ങളായി സൗദിയിൽ വസ്ത്രക്കച്ചവടക്കാർക്ക് അത്ര ശുഭകരമായിരുന്നില്ല തണുപ്പ് സീസൺ. ഒക്ടോബർ മാസമാകുമ്പോഴേക്ക് ചെറുകിട കച്ചവടക്കാർ തണുപ്പുവസ്ത്രങ്ങൾ വലിയ തോതിൽ ഇറക്കുമതി ചെയ്തും രാജ്യത്തിനകത്തെ മൊത്ത വ്യാപാരികളിൽനിന്ന് സ്റ്റോക് ചെയ്തും ശീതകാലമെത്താൻ കാത്തിരിക്കും. എന്നാൽ, നേരിയ കാറ്റും തണുപ്പുമായി പ്രതീക്ഷിച്ചത്ര കാഠിന്യത്തിൽ തണുപ്പ് വരാതിരിക്കുകയും സ്റ്റോക്ക് കെട്ടിക്കിടക്കുകയോ തിരിച്ചയക്കുകയോ ചെയ്യുകയുമായിരുന്നു പതിവ്.
പതിവിന് വിപരീതമായി ഇത്തവണ കച്ചവടക്കാർക്ക് കുടിശ്ശിക തീർത്തുള്ള അവസരത്തിന്റെ നൂറുമേനി വിളവാണ് ഇപ്പോൾ തണുപ്പ് സമ്മാനിക്കുന്നത്. ഇത്തവണ തണുപ്പുകാലം പതിവില്ലാത്ത വിധം ഡിസംബറും ജനുവരിയും ഫെബ്രുവരിയും കടന്ന് മാർച്ച് മാസത്തേക്കുകൂടി നീളുന്ന ലക്ഷണമാണ് കാണുന്നത്. ഇടക്ക് തണുപ്പ് അൽപമൊന്ന് വിശ്രമിച്ചെങ്കിലും ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുകയാണ്. ദിവസങ്ങളോളം നീണ്ടുനിന്നതും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് തണുപ്പിന്റെ കാഠിന്യം കൂടിയതും കച്ചവടം പൊടിപൊടിച്ചെന്ന് വസ്ത്രവ്യാപരികൾ പറയുന്നു.
കഴിഞ്ഞവർഷം ബാക്കിയായ സ്റ്റോക്കിൽ ഏറെയും വിറ്റുപോയി. ഇപ്പോൾ കനത്ത തോതിലാണ് തണുപ്പ് അനുഭവപ്പെടുന്നത്. ഒരുതരം ശീതതരംഗമാണ് വീശിയടിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇതാണ് രാജ്യത്തെ അവസ്ഥ. പ്രത്യേകിച്ച് റിയാദ് മേഖലയിൽ പകൽപോലും ആകെ മഞ്ഞുമൂടി കിടക്കുന്നതുപോലൊരു പ്രതീതിയാണ്. ഇങ്ങനെ പോയ തണുപ്പ് പൂർവാധികം ശക്തിയോടെ തിരിച്ചുവന്നപ്പോൾ കച്ചവടത്തിന് മതിയായ സ്റ്റോക്കില്ലാത്ത അവസ്ഥയുണ്ടായെന്നും ബത്ഹയിലെ ചില വ്യാപരികൾ അഭിപ്രായപ്പെട്ടു.
തണുപ്പ് തിരിച്ചുവരില്ലെന്ന് വിശ്വസിച്ചു സ്റ്റോക്ക് എടുക്കാതിരുന്നതുമൂലം രണ്ടാം വരവിന്റെ ചാകര പ്രയോജനപ്പെടുത്താൻ കഴിയാതെ പോയെതെന്നും വ്യാപാരികൾ പറയുന്നു. തണുപ്പുവസ്ത്രങ്ങളുടെ വിപണി കുറേ വർഷങ്ങളായി മന്ദഗതിയിലായിരുന്നു.
നേരിയ തണുപ്പിന് ജാക്കറ്റുകളുടെയും തണുപ്പിനിടുന്ന ഇന്നർ വസ്ത്രങ്ങളുടെയും കച്ചവടം നേരിയ തോതിലെ നടന്നിരുന്നുള്ളൂ. തണുപ്പ് കൂടുമ്പോൾ ഉടുപ്പ് മാത്രമല്ല കൈയുറ, തൊപ്പി, ഷാൾ, ചെവി മൂടുന്ന തൊപ്പി, രോമ സോക്സുകൾ, കമ്പിളി പുതപ്പ്, ഹീറ്റർ തുടങ്ങി വ്യത്യസ്തയിനങ്ങളുടെ കച്ചവടമാണ് വിപണിയിൽ നടക്കുക.
ഇത്തവണ തണുപ്പുകാലം നീണ്ടുകിട്ടുന്നത് വിപണിക്ക് നൽകുന്ന ഉണർവ് ചെറുതല്ല. റിയാദിലെ വാണിജ്യ കേന്ദ്രമായ ബത്ഹക്ക് പുറത്ത് മറ്റു പലയിടങ്ങളിലും വാണിജ്യകേന്ദ്രങ്ങൾ രൂപപ്പെടുകയും അവിടങ്ങളിലെല്ലാം വിപണികൾ സജീവമാകുകയും ചെയ്തതിനാൽ ബത്ഹയിൽ പഴയതുപോലെ ജനത്തിരക്കില്ലാത്തത് കച്ചവടക്കാരെ സാരമായി ബാധിച്ചിരുന്നു.
അതേസമയം ഉത്തരേന്ത്യയിലേക്കും നേപ്പാളിലേക്കും കാശ്മീരിലേക്കും അവധിക്കുപോകുന്നവരും യൂറോപ്പ് ഉൾപ്പെടെ തണുപ്പുള്ള രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകുന്നവരും തണുപ്പ് വസ്ത്രം വാങ്ങാൻ ബത്ഹയിലെത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.