ഉംറവിസയിൽ സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാം
text_fieldsജിദ്ദ: ഉംറ തീർഥാടകന് രാജ്യത്തെ ഏത് അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളിലൂടെയും സൗദിയിലേക്ക് പ്രവേശിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മടങ്ങാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാം. രാജ്യത്ത് ഉടനീളം സഞ്ചരിക്കാനും അനുമതിയുണ്ട്. പുതിയ ഉംറ സീസണിൽ തീർഥാടകന് രാജ്യത്തെവിടെയും സഞ്ചരിക്കാനാകുമെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഏത് വിമാനത്താവളവും തീർഥാടകന് ഉപയോഗിക്കാനുള്ള അനുമതിയും.
മുമ്പ് ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളിലൂടെ മാത്രമേ ഉംറ വിസയിൽ എത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങിപ്പോകാനും അനുമതിയുണ്ടായിരുന്നുള്ളൂ. അതിനാണ് പുതിയ ഉംറ സീസണോടെ മാറ്റം വരുത്തിയത്. അതെസമയം ഈ സീസൺ മുതൽ, അതിഥികളായി ആളുകളെ കൊണ്ട് വന്ന് ഉംറ നിർവഹിപ്പിക്കാൻ രാജ്യത്തെ താമസക്കാർക്ക് അനുമതി നൽകിയിരുന്ന 'ഉംറ അതിഥി' (ഉംറ ഗസ്റ്റ്) വിസ സംവിധാനം റദ്ദാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസ സംബന്ധിച്ച് എന്ത് പുതിയ വിവരങ്ങളും തങ്ങളുടെ ഔദ്യോഗിക സോഴ്സുകളിൽ നിന്ന് വരുന്നവ മാത്രമേ വിശ്വസിക്കാവൂ എന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.