സൗദി റോയൽ റിസർവിൽ 40 വനിതാ റേഞ്ചർമാരെ നിയമിച്ചു
text_fieldsസൗദി റോയൽ റിസർവിലെ വനിതാറേഞ്ചർമാർ
അൽ ഖോബാർ: അന്താരാഷ്ട്ര വനിതാദിനത്തിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വന്യജീവി വനമേഖലയായ സൗദി വടക്കൻ മേഖലയിലെ അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിൽ 40 വനിതാറേഞ്ചർമാരെ നിയമിച്ച് രാജ്യം പുതിയൊരു നേട്ടത്തിൽ. റിസർവിലെ റേഞ്ചർ ടീമിന്റെ 34 ശതമാനവും ഇപ്പോൾ സ്ത്രീകളാണ്. ആഗോള ശരാശരിയായ 11 ശതമാനത്തേക്കാൾ വളരെ കൂടുതലാണിത്. അൽ ഇൻഖാസ് (ഫീനിക്സ്) എന്നറിയപ്പെടുന്ന ഈ റേഞ്ചർമാർ റിസർവിന്റെ പ്രകൃതിസമ്പത്ത്, സംസ്കാരം, വന്യജീവികൾ എന്നിവ സംരക്ഷിക്കുന്നതിൽ ഇനിമുതൽ നിർണായക പങ്കുവഹിക്കും.
സൗദി സ്ത്രീകളുടെ വന്യജീവി സംരക്ഷണത്തിൽ ഒരു പുതിയ തുടക്കമാണ് അൽഇൻഖാസ് അടയാളപ്പെടുത്തുന്നത്. ദൈനംദിന പട്രോളിങ്ങിലൂടെയും ഇടപെടലുകളിലൂടെയും പ്രകൃതി സംരക്ഷണത്തിൽ വനിതകൾ പങ്കാളികളാവുന്നു. സ്ത്രീകൾ മാത്രമുള്ള റേഞ്ചർ യൂനിറ്റിന്റെ വിപുലീകരണം മേഖലയിലെ സംരക്ഷണ ശ്രമങ്ങളിൽ ഒരു സുപ്രധാന ചുവടുവെപ്പാണ്. വനസംരക്ഷണം എന്നത് പുരുഷാധിപത്യമുള്ള ഒരു മേഖല മാത്രമല്ലെന്നും കൂടുതൽ വിജയത്തിലേക്ക് നയിക്കുന്ന ഒരു പങ്കിട്ട ഉത്തരവാദിത്തമാണെന്നും ഈ വനിതാ സാന്നിധ്യം തെളിയിക്കുന്നു. അവരുടെ സമർപ്പണത്തിലൂടെ ഭാവി തലമുറകളെ പ്രകൃതിയെയും മൃഗങ്ങളെയും സംരക്ഷിക്കാനും പരിപാലിക്കാനും പ്രചോദിപ്പിക്കുന്ന ഒരു രീതി സൃഷ്ടിക്കുകയാണ്. വരും തലമുറകൾക്കായി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവായി ഇത് മാറും.
സീനിയർ മാനേജർ അസ്മ ഖ്ദീർ, അൽ വാജ് ഗവർണറേറ്റിലെ അൽ സുദൈദിൽനിന്നുള്ള റേഞ്ചറായ അവാദ് അൽ ബലാവി എന്നിവരാണ് നേതൃത്വം നൽകുന്നത്. റിസർവിന്റെ റേഞ്ചർ തസ്തികകളിലേക്ക് ഓരോ വർഷവും ആയിരക്കണക്കിന് അപേക്ഷകളാണ് എത്തുന്നത്. എന്നാൽ ഒഴിവുകൾ വളരെ പരിമിതമാണ്. അപേക്ഷകരുടെ ശാരീരിക ക്ഷമത, ടീം വർക്ക്, സ്വഭാവം എന്നിവ പരിശോധിച്ചുകൊണ്ട് നാലു ദിവസം നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയക്കൊടുവിലാണ് നിയമനം.
നിയമിക്കപ്പെടുന്നവർ സൂപ്പർവൈസറായ അലി അൽ ബലാവി നയിക്കുന്ന ഒമ്പതു ആഴ്ചത്തെ പരിശീലന കോഴ്സിൽ പങ്കെടുക്കുന്നു. അതിന് ശേഷമാണ് രാജ്യത്തെ വനമേഖലകളിൽ വിന്യസിക്കുന്നത്. സ്ത്രീകളെ ശാക്തീകരിച്ചും അവർക്ക് തൊഴിലവസരങ്ങളും പരിശീലന അവസരങ്ങളും നൽകുന്നത് വഴി ഊർജസ്വലമായ ഒരു സമൂഹവും അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥയും സൃഷ്ടിക്കുക എന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിനെ റിസർവ് ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.