അൽഹറമൈൻ ട്രെയിനുകൾ ഓടിക്കാൻ ഇനി വനിതകളും
text_fieldsജിദ്ദ: മക്ക-മദീന അൽഹറമൈൻ ട്രെയിനുകൾ ഇനി വനിതകളും ഓടിക്കും. തീർഥാടകരുൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന പുണ്യനഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേയിലാണ് ലോക്കോ പൈലറ്റുകളായി സ്ത്രീകളെത്തുന്നത്. സ്വദേശി സ്ത്രീകൾക്ക് ട്രെയിനോടിക്കാൻ പരിശീലനം നൽകുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി സൗദി റെയിൽവേ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (സർബ്) അധികൃതർ അറിയിച്ചു.
അൽഹറമൈൻ എക്സ്പ്രസ് ട്രെയിൻ ഡ്രൈവേഴ്സ് പ്രോഗ്രാമിലാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ഒരു വർഷം നീണ്ടുനിൽക്കും. സ്വദേശി സ്ത്രീകൾക്ക് ട്രെയിൻ ഓടിക്കുന്നതിനുള്ള പരിശീലന പരിപാടി ഫെബ്രുവരി 15ന് ആരംഭിക്കുമെന്നും ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനം ജിദ്ദയിലായിരിക്കുമെന്നും 'സർബ്' ഡയറക്ടർ ജനറൽ എൻജി. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ സുഖൈർ പറഞ്ഞു. ഹറമൈൻ എക്സ്പ്രസ് ട്രെയിൻ പദ്ധതിയുടെ ജോലിസ്ഥലങ്ങളിലെ പ്രായോഗിക പരിശീലനം ഉൾപ്പെടെയുള്ളതാണ് പ്രോഗ്രാം.
സ്വദേശി സ്ത്രീകളെ ട്രെയിൻ ഓടിക്കാൻ സന്നദ്ധമാക്കാൻ സഹായിക്കുന്നതാണിത്. നേരത്തേ സ്വദേശി യുവാക്കൾക്ക് പരിശീലനം നൽകിയിരുന്നു. പരിശീലന കാലയളവിൽ ട്രെയിനിക്ക് പ്രതിമാസം 4000 റിയാൽ ബോണസ് ലഭിക്കും. പരിശീലനത്തിലുള്ള ജീവനക്കാർ എന്ന നിലയിൽ ആദ്യ ദിവസം മുതൽ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്യും. പരിശീലനാനന്തരം,
ട്രെയിൻ പ്രവർത്തിപ്പിക്കുന്ന 'റിൻഫി സൗദി അറേബ്യ' എന്ന കമ്പനിയിൽ ജോലി ചെയ്യുന്നതിലൂടെ 8000 റിയാൽ വരെ പ്രതിമാസ ശമ്പളം ലഭിക്കുമെന്നും സർബ് ഡയറക്ടർ ജനറൽ പറഞ്ഞു. സൗദി റെയിൽവേയുടെ പുരോഗതിക്കും രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമാക്കി മാറ്റുന്ന വിഷൻ 2030ന്റെ ലക്ഷ്യം കൈവരിക്കുന്നതിനും രാജ്യത്തെ സ്ത്രീകൾ പ്രധാന ഘടകമാണെന്നും സർബ് ഡയറക്ടർ ജനറൽ ഊന്നിപ്പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.