വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ്: സൽമാൻ രാജാവിന് അഭിനന്ദനപ്രവാഹം
text_fieldsജിദ്ദ: സൗദി അറേബ്യയിൽ വനിതകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകി സൽമാൻ രാജാവ് പുറപ്പെടുവിച്ച ചരിത്രപരമായ ഉത്തരവിന് രാജ്യത്തിനകത്തും പുറത്തും പരക്കെ പ്രശംസ. ചൊവ്വാഴ്ച രാത്രി വൈകിയാണ് രാജാവിെൻറ ഉത്തരവ് സൗദി പ്രസ് ഏജൻസി പുറത്തുവിട്ടത്. 2018 ജൂൺ മുതൽ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കും. സൗദി ഉന്നതസഭയുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് രാജാവ് ആഭ്യന്തരമന്ത്രാലയത്തിന് ഇതു സംബന്ധിച്ച ഉത്തരവ് നൽകിയത്. സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിെൻറ പുതിയ സാഹചര്യങ്ങളും പരിഗണിച്ചാണ് ഉത്തരവ്.
ഇസ്ലാമിക ശരീഅത്ത് നിയമമനുസരിച്ച് സ്ത്രീകൾക്ക് അടിസ്ഥാനപരമായി വാഹനമോടിക്കുന്നതിന് വിലക്കില്ല. എന്നാൽ, മുൻകരുതൽ എന്ന നിലക്കായിരുന്നു വിലക്ക്ഏർപ്പെടുത്തിയിരുന്നത്. വിലക്ക് ഇനി തുടരേണ്ടതില്ലെന്നാണ് ഉന്നതസഭയിലെ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ആഭ്യന്തര, ധനകാര്യ മന്ത്രാലയം, തൊഴിൽ -സാമൂഹികക്ഷേമ മന്ത്രാലയം എന്നിവയടങ്ങിയ കമ്മിറ്റി 30 ദിവസത്തിനകം വിഷയം പഠിച്ച് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് നിർദേശം നൽകണം. ഉത്തരവ് പുറത്തു വന്നതോടെ സൗദി അറേബ്യ സോഷ്യൽ മീഡിയകളിലും മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്. സാമൂഹിക പരിഷ്കരണത്തിലെ വലിയ കുതിച്ചുചാട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ വനിതകൾ ഏറെ ആഹ്ലാദത്തോടെയാണ് തീരുമാനത്തെ വരവേൽക്കുന്നത്.
വനിതകൾക്ക് വാഹനമോടിക്കാൻ അനുമതിയില്ല എന്നതിെൻറ പേരിൽ വലിയ വിമർശനങ്ങളും പരിഹാസങ്ങളും പല കോണുകളിൽനിന്നും ഉയരാറുണ്ടായിരുന്നു. എല്ലാ വിമർശനങ്ങളും അവസാനിപ്പിക്കുന്നതാണ് രാജാവിെൻറ ഉത്തരവ്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് എന്നിവർ സൗദിയുടെ തീരുമാനത്തെ പ്രശംസിച്ചു. അറബ് മാധ്യമങ്ങൾ ആഘോഷിക്കുകയാണ് തീരുമാനത്തെ. അടുത്ത കാലത്തായി സ്ത്രീകളുടെ ഉന്നമനത്തിനായി വമ്പൻ പദ്ധതികളാണ് സൗദി സർക്കാർ മുന്നോട്ടു വെക്കുന്നത്. തൊഴിൽ മേഖലയിലും വിദ്യാഭ്യാസമേഖലയിലും സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികൾ വിഷൻ 2030െൻറ ഭാഗമായി രാജ്യത്ത് നടപ്പാക്കുന്നുണ്ട്. 2015 മുതൽ ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് വോട്ടവകാശം അനുവദിച്ചതു മുതൽ മാറ്റത്തിന് തുടക്കമായിട്ടുണ്ട്.
സ്വദേശിവത്കരണത്തോടൊപ്പം ജോലികളിൽ വനിതവത്കരണവും ശക്തമായി നടപ്പാക്കുന്നു. വിനോദ മേഖലയിലും സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും അവസരവും നൽകുന്നുണ്ട്. ഇത്തവണത്തെ ദേശീയദിനാഘോഷത്തിൽ പെങ്കടുക്കാൻ സ്ത്രീകളെ സർക്കാർ ക്ഷണിച്ചത് ശ്രദ്ധേയമായി. എൻറർടൈൻമെൻറ് അതോറിറ്റി സ്ത്രീകൾക്കായി നിരവധി വിനോദപരിപാടികൾ രാജ്യത്ത് സംഘടിപ്പിക്കുന്നു. പെൺകുട്ടികൾക്ക് സ്പോർട്സ് സ്കൂളുകളും കായികവിദ്യാഭ്യാസ പദ്ധതികളും അനുവദിച്ചത് അടുത്ത കാലത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.