സ്ത്രീ ശാക്തീകരണം: പുതിയ സാധ്യതകൾ ചർച്ചചെയ്യാൻ സമ്മേളനം സെപ്റ്റംബറിൽ
text_fieldsയാംബു: സൗദിയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കിയ വിവിധ പദ്ധതികൾ വിജയം കണ്ടതിെൻറ അടിസ്ഥാനത്തിൽ പുതിയ സാധ്യതകൾ ആരായാൻ പ്രത്യേക സമ്മേളനം സംഘടിപ്പിക്കുന്നു. റിയാദിലെ ഇമാം മുഹമ്മദ് ഇബ്നു സഉൗദ് ഇസ്ലാമിക് സർവകലാശാലയിൽ അടുത്തമാസമാണ് വിദഗ്ധരെ പങ്കെടുപ്പിച്ച് ചർച്ചാസമ്മേളനം നടക്കുക.
ദേശീയ പരിവർത്തന പദ്ധതിയായ 'വിഷൻ 2030'ലെ ലക്ഷ്യങ്ങളിൽപെട്ട സ്ത്രീ ശാക്തീകരണ പദ്ധതികളിൽ നിലവിലെ സ്ത്രീ പങ്കാളിത്തത്തിെൻറ സ്ഥിതിയും പുതിയ മേഖലകളിൽ പുതിയ സാധ്യതകളും ചർച്ചചെയ്യുക എന്നതാണ് സമ്മേളനത്തിെൻറ മുഖ്യലക്ഷ്യം. അമീറ ഫഹദ് ബിൻത് ഫലാ അൽ ഹിത്ലൈൻ സമ്മേളനത്തിന് നേതൃത്വം നൽകും.
രാജ്യത്തെ വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ കഴിവുകളും അനുഭവങ്ങളും പങ്കാളിത്തവും സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത് ഈ മേഖലയിൽ വലിയ നേട്ടങ്ങൾക്ക് വഴിവെക്കുമെന്ന് ഇമാം മുഹമ്മദ് ഇബ്നു സൗദ് ഇസ്ലാമിക് സർവകലാശാല പ്രസിഡൻറ് പ്രഫ. അഹമ്മദ് ബിൻ സാലിം അൽ അമീരി അഭിപ്രായപ്പെട്ടു. വിഷൻ 2030 പ്രഖ്യാപിക്കപ്പെട്ടതു മുതൽ ഒന്നര ലക്ഷത്തിലധികം വനിതകളാണ് തൊഴിൽരംഗത്ത് അധികമായി എത്തിയത്.
ഇത് രാജ്യത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 10.1 ശതമാനം വരെ കുറക്കാനും വഴിവെച്ചു. സർക്കാർ സ്വകാര്യ മേഖലയിലെ വനിത ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞവർഷങ്ങളിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ തൊഴിൽമേഖലയിൽ സൗദി യുവതികളുടെ പങ്കാളിത്തം വർധിച്ചതായി ഔദ്യോഗിക കണക്കുകളും വ്യക്തമാക്കുന്നു. നിലവിൽ സ്വകാര്യ മേഖലയിൽ 6.7 ലക്ഷവും സർക്കാർ മേഖലയിൽ 5.2 ലക്ഷവുമാണ് വനിത ജീവനക്കാരുടെ എണ്ണം.
പുതിയ പദ്ധതികൾ മുഖേന വരുംവർഷങ്ങളിൽ കൂടുതൽ വനിതകൾക്ക് തൊഴിൽ ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് അധികൃതർ.സ്ത്രീ ശാക്തീകരണം കൂടുതൽ സജീവമായി നടപ്പാക്കാൻ കഴിയുന്ന വിവിധ പദ്ധതികൾ വനിത ശാക്തീകരണം അജണ്ടയാക്കിയുള്ള സമ്മേളനം ചർച്ച ചെയ്യും.
രാജ്യത്തെ സമീപകാലത്തെ പരിഷ്കരണങ്ങൾ സൗദി സ്ത്രീകളുടെ മഹത്വം ഉയർത്താൻ സഹായിച്ച വഴികളും സമ്മേളനത്തിൽ മുഖ്യവിഷയമായിരിക്കും.
വിദ്യാഭ്യാസത്തിലും ശാസ്ത്ര സാങ്കേതിക പരിശീലനത്തിലും സ്ത്രീകളുടെ മികവും പങ്കാളിത്തവും എങ്ങനെ കാര്യക്ഷമമാക്കാമെന്ന ചർച്ചയും സമ്മേളനത്തിലെ വിഷയമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.