വനിത ശാക്തീകരണം: ലോകം ഇസ്ലാമിലേക്ക് തിരികെ നടക്കുന്നു -സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി
text_fieldsറിയാദ്: പതിനാല് നൂറ്റാണ്ട് മുമ്പേ ഇസ്ലാം മുന്നോട്ടുവെച്ച ആശയങ്ങളും നിലപാടുകളുമാണ് സ്ത്രീസ്വാതന്ത്ര്യമെന്ന പേരിൽ ലോകം മുന്നോട്ടുവെക്കുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ റൂബി ജൂബിലി ആഘോഷം സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മഅദിൻ അക്കാദമി ചെയർമാൻ.
കുടുംബം, കുഞ്ഞുങ്ങൾ, ജനനനിരക്ക് എന്നിവയിൽ ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിലേക്ക് ലോകം വരുന്നുവെന്നതിന്റെ തെളിവാണ് ചൈനയുടെ നയമാറ്റം. ചൈന ഇപ്പോൾ ജനനനിരക്ക് വർധിപ്പിക്കാൻ പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അവിടെ നിലവിലുണ്ടായിരുന്ന കർക്കശമായ ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ കാരണം പ്രസവിക്കുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു. പ്രായമാകുന്ന ജനവിഭാഗത്തിന് ആനുപാതികമായി ചെറുപ്പക്കാര്‍ ഇല്ലാതാകുന്നതുമൂലം തൊഴിലിടങ്ങളിലെ മനുഷ്യവിഭവ ശേഷി കുറഞ്ഞു. ഇതുവഴി രാജ്യത്തിെൻറ സമ്പദ്ഘടന തകിടം മറിയുമെന്ന തിരിച്ചറിവാണ് ചൈനയെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുല്യാവകാശത്തിന്റെയും നിയമപരിരക്ഷയുടെയും പേരു പറഞ്ഞു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ ഉന്നയിക്കുന്ന സ്ത്രീപക്ഷ വാദം കാപട്യമാണ്. വീടിന്റെ ആഭ്യന്തര ചുമതലകൾ വഹിക്കുന്ന സ്ത്രീകൾക്ക് ഇസ്ലാം ഉന്നത സ്ഥാനമാണ് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ വിദേശകാര്യ വകുപ്പ് മന്ത്രിയേക്കാൾ അധികാരവും അംഗീകാരവും ലഭിക്കുന്നത് ആഭ്യന്തര മന്ത്രിക്കാണെന്നത് പോലെ സ്ത്രീകൾക്ക് വലിയ ദൗത്യങ്ങൾ നൽകുകയാണ് ഇസ്ലാം ചെയ്തതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഐ.സി.എഫ് ഇൻറർനാഷനൽ സെക്രട്ടറി അബ്ദുൽ നിസാർ കാമിൽ സഖാഫി (ഒമാൻ) മുഖ്യ പ്രഭാഷണം നടത്തി. സാംസ്കാരിക സമ്മേളനത്തിൽ മുസ്തഫ പി. അറയ്ക്കൽ ‘പ്രവാസം അതിരുകൾ അടയാളങ്ങൾ’, ജോസഫ് അതിരുങ്കൽ ‘ഗൾഫ് പ്രവാസത്തിന്റെ അറുപതാണ്ട്’, ഡോ. കെ.ആർ. ജയചന്ദ്രൻ ‘പ്രവാസത്തിന്റെ മനഃശാസ്ത്രം’ എന്നീ വിഷയങ്ങളിൽ സംസാരിച്ചു. ഐ.സി.എഫ് നാഷനൽ സെക്രട്ടറി നിസാർ കാട്ടിൽ ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എഫ് ദേശീയ സമിതി അംഗം റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. വ്യത്യസ്ത മേഖലകളില്‍ സമൂഹത്തിന് ഗുണകരമായ സേവനങ്ങള്‍ ചെയ്ത നാലു പേർക്കുള്ള എമിനന്റ് അവാര്‍ഡുകള്‍ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി ചടങ്ങിൽ വിതരണം ചെയ്തു. ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി, അബ്ദുൽ നാസർ അഹ്സനി, ലുഖ്മാൻ പാഴൂർ, അബ്ദുൽ മജീദ് താനാളൂർ, ഷെമീർ രണ്ടത്താണി, മർസൂഖ് സഅദി, മുഹമ്മദ് ബാദുഷ സഖാഫി, അസീസ് പാലൂർ, ലത്തീഫ് മിസ്ബാഹി, നൗഷാദ്, മുസ്തഫ സഅദി ഇബ്രാഹീം കരീം തുടങ്ങിയവർ സംസാരിച്ചു. രിസാലത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികൾ തയാറാക്കിയ മദീന ആർട്ട് ഗാലറി പ്രദർശനം മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും ഐ.സി.എഫ് നടത്തിയ മാസ്റ്റർ മൈൻഡ് ക്വിസിൽ വിജയിച്ചവർക്കും ഹാദിയ അക്കാദമി ഇൻറർനാഷനൽ ക്വിസ് വിജയികൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.